ദിലീപിന്‍റെ ഫോണിലെ തെളിവുകൾ നശിപ്പിക്കാനായി സായ് ശങ്കർ താമസിച്ചത് രണ്ടു ഹോട്ടലുകളിൽ

കൊച്ചി: വധഗൂഢാലോചന കേസില്‍ പ്രതി ദിലീപിന്റെ മൊബൈല്‍ ഫോണുകളിലെ തെളിവുകള്‍ നശിപ്പിച്ചത് സൈബര്‍ വിദഗ്ധൻ സായ് ശങ്കര്‍ തന്നെയാണെന്ന് അന്വേഷണസംഘം. വധഗൂഢാലോചന കേസിലെ തെളിവുകള്‍ നശിപ്പിച്ചതിനെ സായ് ശങ്കറെയും കേസില്‍ പ്രതിയാക്കുമെന്നാണ് സൂചന. അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിനെതിരെ ഇയാൾ നേരത്തേ ഹൈകോടതിയെ സമീപിച്ചിരുന്നു.

2022 ജനുവരി 29 മുതല്‍ 31 വരെയുള്ള തീയതികളില്‍ കൊച്ചിയിലെ രണ്ട് ഹോട്ടലുകളില്‍ താമസിച്ചാണ് സായ് ശങ്കര്‍ തെളിവുകള്‍ നശിപ്പിച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തി. കൊച്ചി ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലും നമ്പള്ളി നഗറിലെ അവന്യൂ സെന്റര്‍ ഹോട്ടലിലും ഇയാൾ മുറിയെടുത്തിരുന്നു.

ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലെ വൈഫൈ ഉപയോഗിച്ചാണ് സായ് ശങ്കര്‍ തെളിവുകള്‍ നശിപ്പിച്ചതെന്ന് ശാസ്ത്രീയ പരിശോധനകളിലൂടെയാണ് കണ്ടെത്തിയത്. ഈ ദിവസങ്ങളില്‍ സായ് ശങ്കര്‍ പനമ്പള്ളി നഗറിലെ അവന്യൂ സെന്റര്‍ ഹോട്ടലിലും മുറിയെടുത്തിരുന്നു. പൊലീസിനെ കബളിപ്പിക്കാന്‍ വേണ്ടിയാണ് രണ്ടു ഹോട്ടലുകളിൽ സായ് ശങ്കര്‍ മുറിയെടുത്തതെന്നാണ് നിഗമനം. അവന്യൂ സെന്റര്‍ ഹോട്ടലിൽ നിന്നും ഗ്രാന്‍ഡ് ഹയാത്തിലെത്തിയാണ് ഫോണിലെ തെളിവുകള്‍ നശിപ്പിച്ചത്. മൂന്ന് ദിവസം മാറി മാറിയാണ് ഹോട്ടലുകളിൽ താമസിച്ചത്.

ഇതിനിടെ ദിലിപിന്റെ അഭിഭാഷകന്റെ ഓഫീസിലും സായ് ശങ്കര്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ഡല്‍ഹി സ്വദേശിയായ അഖില്‍ എന്നയാളുടെ സഹായത്തോടെയാണ് തെളിവുകള്‍ നശിപ്പിച്ചതെന്നും പൊലീസ് കണ്ടെത്തി. ദിലീപ് കോടതിയിൽ സമർപ്പിക്കാതിരുന്ന ഏഴാമത്തെ ഫോണിലെ വിവരങ്ങളും സായ് ശങ്കർ നശിപ്പിച്ചുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. 

Tags:    
News Summary - Sai Shankar stayed in two hotels to destroy the evidence on Dileep's phone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.