കൊച്ചി: മോഡലുകൾ ദുരൂഹ സാഹചര്യത്തിൽ അപകടത്തിൽ മരിച്ച സംഭവത്തിൽ അറസ്റ്റിലായ സൈജു തങ്കച്ചെൻറ ലഹരി വലയത്തിലുള്ളവരുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു.
ജില്ല ക്രൈംബ്രാഞ്ചിെൻറ നേതൃത്വത്തിൽ നടക്കുന്ന ചോദ്യം ചെയ്യലിന് യുവതികളടക്കമുള്ള നിരവധി പേരെയാണ് വിളിച്ചുവരുത്തുന്നത്. സൈജുവിെൻറ സമൂഹ മാധ്യമ ചാറ്റുകൾ പരിശോധിച്ചതിൽ നിന്നാണ് ലഹരി പാർട്ടികളിലെ സുഹൃത്തുക്കളെക്കുറിച്ച് വിവരം ലഭിച്ചത്. ചോദ്യം ചെയ്യലിൽ സൈജു ഏതാനും പേരുകൾ വെളിപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞിരുന്നു.
ചോദ്യം ചെയ്തവരിൽ കൂടുതൽ പേരും ലഹരി ഉപയോക്താക്കളാണെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇടപാടുകളുടെ വിവരങ്ങൾ ശേഖരിച്ച് കേസെടുക്കുന്നതടക്കമുള്ള നടപടികൾ വരും ദിവസങ്ങളിലുണ്ടാകും. ലഹരി കൈമാറ്റം, ഉപയോഗം എന്നിവക്കായിരിക്കും കേസുകൾ. ഇവർ പങ്കെടുത്ത ഡി.ജെ പാർട്ടികളെക്കുറിച്ചും അവ ഏതൊക്കെ ഹോട്ടലുകളിലാണ് നടന്നത് എന്നതിനെക്കുറിച്ചും ചോദിച്ചറിയുന്നുണ്ട്. അനധികൃതമെന്ന് തെളിഞ്ഞാൽ പാർട്ടികൾ സംഘടിപ്പിച്ചതിനും മദ്യം വിളമ്പിയതിനും അവർക്കെതിരെയും നടപടിയുണ്ടാകും.
ഷെർബിൻ, സൈറാ ബാനു, ഫെബി ജോൺ, നമ്പർ 18 ഹോട്ടൽ ഉടമ റോയ്, മാനേജർ അനീഷ്, സലാഹുദ്ദീൻ, അമൽ പപ്പടവട, നസ്ലിൻ, ഷീനു മിന്നു, അനു ഗോമസ്, അബു, സന, കൃഷ്ണ, ജി.കെ, മെഹർ, സുനിൽ, ജെൻസൺ ജോൺ, ഷബീർ, വനിത ഡോക്ടർ എന്നിങ്ങനെയായിരുന്നു സൈജു ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയ പേരുകൾ.
ചോദ്യം ചെയ്യലിലൂടെ കൊച്ചിയും ടൂറിസം കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് ലോബികളെ കണ്ടെത്താനാവുമെന്നാണ് പൊലീസിെൻറ പ്രതീക്ഷ. 20 -28 നും ഇടയിൽ പ്രായമുള്ള യുവതീ യുവാക്കളെ ലക്ഷ്യമിട്ടാണ് സംഘം പ്രവർത്തിക്കുന്നതെന്നും വിവരമുണ്ട്.
സൈജു ഉപയോഗിച്ച ഔഡി കാറിെൻറ ഉടമ തൃശൂര്‍ സ്വദേശി ഫെബി ജോണിനെയും കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. സൈജു നിലവിൽ റിമാൻഡിലാണ്. ഇയാൾക്കെതിരെ ഒമ്പത് എന്‍.ഡി.പി.എസ് കേസുകള്‍ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിെൻറ അന്വേഷണം നടന്നുവരികയാണ്. നമ്പർ 18 ഹോട്ടലിനെതിരെ എക്സൈസ് കേസ്
കൊച്ചി: മോഡലുകളുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് വിവാദത്തിലായ ഫോര്‍ട്ട്കൊച്ചി നമ്പര്‍ 18 ഹോട്ടലിനെതിരെ എക്സൈസ് കേസ് രജിസ്റ്റര്‍ ചെയ്തു. അനുവദിച്ച സമയത്തിന് ശേഷവും മദ്യം വിളമ്പിയതിനാണ് കേസ്. മോഡലുകളുടെ മരണം നടന്ന ഒക്ടോബര്‍ 31ന് രാത്രി ഒമ്പത് കഴിഞ്ഞും മദ്യം വിറ്റതായി കൊച്ചി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നടത്തിയ പരിശോധനയില്‍ കെണ്ടത്തിയിരുന്നു. ബില്ലിങ് മെഷീനുകള്‍ പരിശോധിച്ചതില്‍നിന്ന് സംഭവദിവസം രാത്രി 9.12ന് മദ്യം നല്‍കിയതായ ബില്‍ കണ്ടെത്തിയിട്ടുണ്ട്. ഒക്ടോബര്‍ 28ന് എക്സൈസ് സംഘം ഹോട്ടലില്‍ റെയ്ഡ് നടത്തിയിരുന്നു. ശേഷം ഹോട്ടലിെൻറ ബാര്‍ ലൈസന്‍സ് നവംബര്‍ രണ്ടിന് എക്സൈസ് സസ്പെന്‍ഡ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.