അമ്പലപ്പുഴ: തോട്ടപ്പള്ളിയില്‍നിന്ന് കാണാതായ മത്സ്യത്തൊഴിലാളി പെരിയൊന്റെ പറമ്പില്‍ സജീവന്റെ (56) തിരോധാനത്തിൽ അന്വേഷണം എങ്ങുമെത്തിയില്ല. ജില്ലയില്‍ അടുത്തിടെ മാത്രം പ്രമാദമായ എട്ടോളം കേസാണ് പൊലീസ് അതിവിദഗ്ധമായി തെളിയിച്ചത്. ഇതെല്ലാം കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ്.
2021 സെപ്റ്റംബര്‍ 29നാണ് സജീവനെ കാണാനില്ലെന്ന വിവരം തോട്ടപ്പള്ളി ഗ്രാമത്തെ ഞെട്ടിച്ചത്. മത്സ്യത്തൊഴിലാളിയായ ഇദ്ദേഹം കാണാതാകുന്ന ദിവസം തോട്ടപ്പള്ളി ഹാര്‍ബറില്‍ നിന്ന് ബോട്ടില്‍ മത്സ്യബന്ധനത്തിന് പോയിരുന്നു. ഭാര്യ സജിത വിളിച്ചതിനെ തുടര്‍ന്ന് കാരിയര്‍ വള്ളത്തില്‍ തിരികെ ഹാര്‍ബറിലെത്തി. പിന്നീട് ഭാര്യയുടെ കുടുംബ വീടായ പുത്തന്നടയില്നിന്ന് സജീവന് ഓട്ടോയില്‍ തോട്ടപ്പള്ളിയില്‍ വന്നിറങ്ങുന്നത് കണ്ടവരുണ്ട്. എന്നാല്‍ വീട്ടില്‍ എത്തിയില്ല. തുടര്‍ന്നാണ് ഭാര്യ അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കിയത്.
വീടിന് സമീപം അഞ്ച് സെന്റ് താഴ്ചപ്പുരയിടം സജീവന് വാങ്ങിയിരുന്നു. ഇതിന്റെ ആധാരം രജിസ്റ്റര്‍ ചെയ്യാൻ, കാണാതാകുന്ന ദിവസം അമ്പലപ്പുഴയിലെ രജിസ്റ്റര്‍ ഓഫിസില്‍ പോകണമെന്ന് നിശ്ചയിച്ചിരുന്നു. എന്നാല്‍, ബോട്ടില്‍ ജോലിക്ക് പോയതറിഞ്ഞാണ് സജീവനെ ഭാര്യ തിരികെ വിളിച്ചത്. തിരികെ എത്തിയ സജീവന് പുത്തന്‍നടയിലെ ഭാര്യയുടെയും ബന്ധുക്കളുടെയും വീട്ടില്‍ എത്തിയിരുന്നില്ലെന്നാണ് പൊലീസിനോട് പറഞ്ഞത്.
സി.പി.എം തോട്ടപ്പള്ളി പൂത്തോപ്പ് ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു. തൊട്ടടുത്ത ദിവസം ബ്രാഞ്ച് സമ്മേളനം നടക്കാനിരിക്കെയാണ് സജീവനെ കാണാതാകുന്നത്. ഇത് രാഷ്ട്രീയവിവാദത്തിനും വഴിയൊരുക്കിയിരുന്നു. തിരോധാനവുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ സംഘടനകളും ആക്ഷന്‍കൗണ്‍സിലും പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും വൈകാതെ അതെല്ലാം കെട്ടണഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.