തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ വിവാദച്ചൂടേറ്റ് മന്ത്രിസഭയിൽനിന്ന് പാതിവഴിയിൽ പടിയിറങ്ങിയെങ്കിലും വീണ്ടും തിരികെയെത്താൻ വഴിതുറന്ന് കിട്ടിയവരിൽ ആറാമനാവുകയാണ് സജി ചെറിയാൻ. പലകാലങ്ങളിലായി മന്ത്രിസഭയിൽനിന്ന് അമ്പതിലേറെപ്പേരുടെ രാജി ഉണ്ടായിട്ടുണ്ടെങ്കിലും അതേ മന്ത്രിസഭയിലേക്ക് മടങ്ങിയെത്തിയത് വിരലിലെണ്ണാവുന്നവരാണ്.
ഒന്നാം പിണറായി സർക്കാറിൽ ആദ്യം രാജിവെക്കുകയും മടങ്ങിയെത്തുകയും ചെയ്തത് ഇ.പി. ജയരാജനായിരുന്നെങ്കിൽ അതേ നിയോഗമാണ് തുടർഭരണത്തിൽ സജിക്കും വന്നു ചേരുന്നത്. രണ്ടും പേരും സി.പി.എം മന്ത്രിമാർ. ഒന്നാം സർക്കാറിൽ ഫോൺ വിളി വിവാദത്തെ തുടർന്ന് എൻ.സി.പിയിലെ എ.കെ. ശശീന്ദ്രനും ‘പുറത്തുപോയി തിരിച്ചെത്തി’യിരുന്നു. സജി കൂടി മടങ്ങിയെത്തുന്നതോടെ മന്ത്രിസഭയുടെ അംഗസംഖ്യ പഴയപടി 21 ആകും. രണ്ടാം പിണറായി സർക്കാറിൽനിന്ന് എം.വി. ഗോവിന്ദൻ രാജിവെച്ചിരുന്നെങ്കിലും പകരം എം.ബി. രാജേഷ് മന്ത്രിയായി.
എ.കെ. ആൻറണി മുഖ്യമന്ത്രിയായിരുന്ന 1977-1978 കാലയളവിലാണ് രാജിവെച്ച ശേഷമുള്ള ആദ്യ തിരിച്ചുവരവിന് കേരള രാഷ്ട്രീയത്തിൽ കളമൊരുങ്ങിയത്. 1977 ഡിസംബർ 20ന് രാജിവെച്ചശേഷം 1978 ആഗസ്റ്റ് 16ന് മടങ്ങിയെത്തിയ കെ.എം. മാണിയാണ് ഇത്തരമൊരു ചരിത്രത്തിന് തുടക്കമിട്ടത്. തെരഞ്ഞെടുപ്പ് അസാധുവാക്കിക്കൊണ്ടുള്ള കോടതി വിധിയെ തുടർന്നായിരുന്നു രാജി. മേൽക്കോടതി അയോഗ്യത നീക്കിയതോടെയാണ് തിരിച്ചെത്തിയത്. ഇതേ മന്ത്രിസഭയുടെ കാലത്തുതന്നെ 1977 ഡിസംബർ 20ന് സി.എച്ച്. മുഹമ്മദ് കോയയും രാജിവെച്ചു. കാരണം കോടതി അയോഗ്യത കൽപ്പിച്ചതുതന്നെ. മേൽക്കോടതി അയോഗ്യത നീക്കിയതോടെ 1978 ഒക്ടോബർ നാലിന് മന്ത്രിസഭയിലേക്ക് സി.എച്ചും മടങ്ങിയെത്തി. പിന്നീട് ചരിത്രം ആവർത്തിച്ചത് എട്ടുവർഷത്തിനിപ്പുറം. 1982 മുതൽ 1987 വരെയുള്ള കരുണാകരൻ സർക്കാറിൽ പഞ്ചാബ് മോഡൽ പ്രസംഗത്തെ തുടർന്ന് 1985 ജൂൺ അഞ്ചിന് ആർ. ബാലകൃഷ്ണപിള്ളയുടെ രാജിയായിരുന്നു അത്. 1986 മേയ് രണ്ടിന് പിള്ള അതേ മന്ത്രിസഭയിലേക്ക് വീണ്ടും തിരിച്ചെത്തി.
ഇതേ രീതിയിലെ തിരിച്ചുവരവുകൾക്ക് വീണ്ടും കേരള രാഷ്ട്രീയം സാക്ഷിയായത് 29 വർഷങ്ങൾക്കിപ്പുറം ഒന്നാം പിണറായി സർക്കാർ കാലത്താണ്. 2016 ഒക്ടോബര്‍ 14ന് ബന്ധുനിയമന വിവാദത്തെ തുടര്‍ന്നാണ് ജയരാജന് മന്ത്രിസഭയില്‍നിന്ന് പുറത്താകുന്നത്. വിവാദ ഫോൺവിളിയെ തുടർന്ന് 2017 മാർച്ച് 26ന് എ.കെ. ശശീന്ദ്രനും രാജിവെച്ചു. കേസിൽ കുറ്റമുക്തനായതിനെ തുടർന്ന് 2018 ഫെബ്രുവരി ഒന്നിന് ശശീന്ദ്രൻ ആദ്യം തിരികെയെത്തി. പിന്നീട് അഞ്ചുമാസം കഴിഞ്ഞാണ് (2018 ആഗസ്റ്റ് 14) ആദ്യം പുറത്തായ ഇ.പിക്ക് വഴി തുറന്നുകിട്ടിയത്.
അന്വേഷണം അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെ
പറവൂർ: സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള സി.പി.എം തീരുമാനം ജനങ്ങളെ പരിഹസിക്കലും പൊതുസമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന സാഹചര്യം അതേപടി നിലനില്‍ക്കുകയാണ്. ഭരണഘടനയെയും ഭരണഘടന ശില്പികളെയും അവഹേളിച്ച വിവാദ പ്രസംഗത്തിന്റെ വിഡിയോ പരിശോധിക്കുകയോ തെളിവെടുക്കുകയോ ചെയ്യാതെ തട്ടിക്കൂട്ട് അന്വേഷണമാണ് പൊലീസ് നടത്തിയത്.
സജി ചെറിയാനെ കുറ്റമുക്തനാക്കുകയെന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയുടെ കൂടി അറിവോടെയാണ് അന്വേഷണം അട്ടിമറിച്ചത്. അന്വേഷണ റിപ്പോര്‍ട്ടില്‍ കോടതി അന്തിമ തീരുമാനം എടുത്തിട്ടുമില്ല. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാന്‍ തീരുമാനിച്ചത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ആര്.എസ്.എസ് നേതാവ് ഗോള്‍വാള്‍ക്കറിന്റെ വിചാരധാരയിൽ പറയുന്ന അതേ കാര്യങ്ങളാണ് അദ്ദേഹം പ്രസംഗിച്ചത്. അത് ഇതുവരെ പിന്‍വലിച്ചിട്ടില്ല. ആർ.എസ്.എസ് ആശയങ്ങളുമായി ചേർന്നുനിന്ന് ഭരണഘടനയെ അവഹേളിച്ച ഒരാളെ വീണ്ടും മന്ത്രിയാക്കുന്ന സി.പി.എം എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും ഇതില്‍ എന്ത് ധാര്‍മികതയാണ് ഉള്ളതെന്നും സതീശൻ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.