സാലറി ചലഞ്ച്: വിയോജിപ്പുള്ളവർക്ക് വിസമ്മതപത്രം; ഉത്തരവുമായി കെ.എസ്.ഇ.ബി

തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സർക്കാർ നിർദേശിച്ച സാലറി ചലഞ്ചിൽ പണം നൽകാൻ വിയോജിപ്പുള്ള ജീവനക്കാർ കെ.എസ്.ഇ.ബിയിൽ വിസമ്മതപത്രം നൽകാൻ നിർദേശം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സർക്കാർ-പൊതുമേഖല ജീവനക്കാരുടെ അഞ്ചു ദിവസത്തിൽ കുറയാത്ത ശമ്പളം നൽകുന്നത് സംബന്ധിച്ച ധനകാര്യ വകുപ്പിന്‍റെ ഉത്തരവിൽ ശമ്പളം കുറവുചെയ്യാൻ സന്നദ്ധരായ ജീവനക്കാർ സമ്മതപത്രം നൽകണമെന്നാണ് നിർദേശം. സമ്മതപത്രത്തിന്‍റെ മാതൃകയും പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽനിന്ന് വ്യത്യസ്തമായാണ് വിസമ്മത പത്രം സംബന്ധിച്ച് കെ.എസ്.ഇ.ബി നിർദേശം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെ.എസ്.ഇ.ബി ജീവനക്കാർ അഞ്ചു ദിവസത്തെ ശമ്പളം സംഭാവന ചെയ്യാനായിരുന്നു സി.എം.ഡി വിളിച്ച ജിവനക്കാരുടെ സംഘടനകളുടെ യോഗത്തിലുണ്ടായ തീരുമാനം. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവിലാണ് ശമ്പളം പിടിക്കുന്നതിൽ വിയോജിപ്പുള്ള ജീവനക്കാർ ആഗസ്റ്റ് 29ന് മുമ്പ് വിസമ്മതപത്രം നൽകാൻ നിർദേശമുള്ളത്. വിസമ്മതപത്രം നൽകാത്തവരുടെ ശമ്പളം ഗഡുക്കളായി ആഗസ്റ്റിലെ ശമ്പളം മുതൽ കുറവ് ചെയ്യും.

നേരത്തേ പ്രളയകാലത്ത് സാലറി ചലഞ്ചിൽ പങ്കെടുക്കാത്ത സർക്കാർ ജീവനക്കാർ വിസമ്മതപത്രം നൽകണമെന്ന വ്യവസ്ഥ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. വിസമ്മതപത്ര വ്യവസ്ഥ ശരിയല്ലെന്നും അത് സ്റ്റേ ചെയ്ത ഹൈകോടതി നടപടിയിൽ പിഴവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാറിന്റെ ഹരജി അന്ന് തള്ളിയത്.

Tags:    
News Summary - Salary Challenge: Letter of Dissent to Dissenters; KSEB with the order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.