കെ.എസ്.ആർ.ടി.സി ചർച്ച പൊളിഞ്ഞു; സൂചന പണിമുടക്ക് തുടങ്ങി, പ​ങ്കെടുക്കില്ലെന്ന് സി.ഐ.ടി.യു

തിരുവനന്തപുരം: ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സിയിൽ സി.ഐ.ടി.യു ഒഴികെ സംഘടനകളിലെ തൊഴിലാളികൾ 24 മണിക്കൂർ സൂചന പണിമുടക്ക് ആരംഭിച്ചു. ഏപ്രിലിലെ ശമ്പളം മുതൽ അഞ്ചാം തീയതിക്കകം നൽകണമെന്ന ആവശ്യം പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഒരുവിഭാഗം ജീവനക്കാർ വെള്ളിയാഴ്ച അർധരാത്രി മുതൽ പണിമുടക്ക് ആരംഭിച്ചത്.

ഇത്തവണ പത്താം തീയതിക്കകവും അടുത്തമാസം മുതൽ അഞ്ചിനകവും ശമ്പളം നൽകാൻ നടപടിയെടുക്കാമെന്ന് മന്ത്രി ആന്‍റണി രാജു ഉറപ്പുനൽകിയെങ്കിലും ഐ.എൻ.ടി.യു.സി, ബി.എം.എസ്, എ.ഐ.ടി.യു.സി യൂനിയനുകൾ അംഗീകരിക്കാതെ സമരം പ്രഖ്യാപിക്കുകയായിരുന്നു. സമരം രാഷ്ട്രീയപ്രേരിതമാണെന്നും ജീവനക്കാർ തള്ളണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

വ്യാഴാഴ്ച വൈകീട്ടാണ് ഗതാഗതമന്ത്രി യൂനിയനുകളുമായി ചർച്ച നടത്തിയത്. ശമ്പളം നൽകുന്ന തീയതിയുടെ കാര്യത്തിൽ സർക്കാറിന് യാതൊരു ഉറപ്പും നൽകാൻ സാധിച്ചിട്ടില്ലെന്ന് യൂനിയനുകൾ കുറ്റപ്പെടുത്തി. അതേസമയം ഒരു വിഭാഗം തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച സമരം കെ.എസ്.ആർ.ടി.സിയെ കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന് മന്ത്രി ആന്‍റണി രാജു മാധ്യമങ്ങളോട് പറഞ്ഞു.

ചർച്ചയിലെ നിർദേശം അംഗീകരിച്ചശേഷമാണ് ബി.എം.എസ് യൂനിയൻ സമരം പ്രഖ്യാപിച്ചത്. ശമ്പള തീയതി പ്രഖ്യാപിച്ചിട്ടും സമരം നടത്തുന്നത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഡൈസ്നോൺ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സൂചനാപണിമുടക്ക് നേരിടാൻ ഡൈസ്നോൺ പ്രഖ്യാപനവുമായി കെ.എസ്.ആർ.ടി.സി. വെള്ളിയാഴ്ച അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ജീവനക്കാരുടെ വേതനം മേയ് മാസത്തെ ശമ്പളത്തിൽനിന്ന് ഈടാക്കുമെന്നും കെ.എസ്.ആർ.ടി.സി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ അറിയിച്ചു.

Tags:    
News Summary - Salary crisis: strike in KSRTC tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.