തിരുവനന്തപുരം: സ്ഥലംമാറ്റ പട്ടികയിൽ ഇടം നേടിയ 8000ത്തോളം ഹയർസെക്കൻഡറി അധ്യാപകർക്ക് ശമ്പളം മുടങ്ങി. സ്ഥലംമാറ്റം കോടതി കയറി അനിശ്ചിതാവസ്ഥയിലായതിനെതുടർന്നാണ് 8007 അധ്യാപകർക്ക് ശമ്പളം മുടങ്ങിയത്.
ഹൈകോടതിയിൽ കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ സ്പാർക്ക് സോഫ്റ്റ്വെയറിൽ മാറ്റം വരുത്താത്തതാണ് ശമ്പളം മുടങ്ങാനുള്ള കാരണം. സർക്കാർ അഭിഭാഷകന്റെ അസൗകര്യം കാരണം രണ്ടുതവണ കേസ് മാറ്റിവെച്ചു. വരുന്ന 11ന് കേസ് വീണ്ടും പരിഗണിക്കും. അധ്യയന വർഷം തുടങ്ങിയിട്ടും എവിടെ ചുവടുറപ്പിക്കണമെന്ന ആശങ്കയിലാണ് ട്രാൻസ്ഫർ കുരുക്കിൽപ്പെട്ട അധ്യാപകർ. നേരത്തേ ഇറക്കിയ ഉത്തരവു പ്രകാരം 7618 അധ്യാപകർ തങ്ങളുടെ പുതിയ സ്കൂളുകളിലെത്തിയിരുന്നു. അതിനു പിന്നാലെയാണ് സ്ഥലംമാറ്റ പട്ടിക കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ റദ്ദാക്കിയത്. ഇതോടെ 389 പേരുടെ സ്ഥലംമാറ്റം തടയപ്പെട്ടു. പട്ടിക റദ്ദാക്കിയത് സ്ഥലം മാറിയവരെയും ബാധിച്ചു.
പുതിയ സ്ഥലത്ത് ജോയിൻ ചെയ്തെങ്കിലും കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ ശമ്പളത്തിനായി എഴുതി നൽകാനും കഴിയുന്നില്ല.
പട്ടിക റദ്ദാക്കിയ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ ഉത്തരവ് ഹൈകോടതി ശരിവെച്ചാൽ ഉടൻ പുതിയ പട്ടികയുണ്ടാക്കി സ്ഥലംമാറ്റം നടത്തേണ്ടി വരും. ആ പട്ടികയിൽ എങ്ങോട്ടേക്കാവും മാറ്റുകയെന്നറിയാതെ ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്നാണ് അധ്യാപകർ പറയുന്നത്. കോടതി ഉത്തരവ് വരട്ടെയെന്ന നിലപാടാണ് സർക്കാറിന്റേത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.