കോട്ടയം: ലക്ഷം കോടി രൂപയുടെ വികസനങ്ങളെക്കുറിച്ച് സർക്കാർ പറയുന്നുണ്ടെങ്കിലും സംസ്ഥാനത്തിന്‍റെ ആകെ വരുമാനം ശമ്പളത്തിനും പെൻഷനും പലിശക്കും തികയുന്നില്ലെന്ന് കണക്കുകൾ. 2002–03ൽ കേരളത്തിന്‍റെ നികുതിവരുമാനം 7303 കോടി രൂപയായിരുന്നു. നികുതിയേതര വരുമാനം 681 കോടിയും. നികുതിവിഹിതം അടക്കമുള്ള കേന്ദ്രസഹായമായി 2654 കോടി ലഭിച്ചു. മൂലധന കണക്കിലുണ്ടായിരുന്നത് 77 കോടി വായ്പ തിരിച്ചടവും 4703 കോടി കടമെടുത്തതും ചേർത്ത് 4780 കോടി രൂപ. 2002–03ലെ കേരളത്തിന്‍റെ മൊത്ത വരുമാനം 15418 കോടിയാണ്. അക്കാലയളവിലെ മൊത്തം ചെലവ് 15705 കോടിയായിരുന്നു. അതിൽ റവന്യൂ ചെലവ് അഥവാ ദൈനം ദിന പ്രവർത്തന ചെലവ് 14756 കോടി. റവന്യൂ വരുമാനം 10637 കോടി. ചുരുക്കത്തിൽ 2002–03ൽ കേരളത്തിന്‍റെ കമ്മി 4119 കോടി രൂപയായിരുന്നു.
ഇത് നികത്തുന്നതിന് ആ വർഷം 4703 കോടി കടമെടുത്തു. 2002–03ൽ ശമ്പളത്തിനായി 4678.99 കോടിയും പെൻഷനായി 2282.90 കോടിയും പലിശ നൽകുന്നതിന് 2946.76 കോടിയും ചെലവഴിച്ചു. മൊത്തം 9908.65 കോടി ചെലവ്. ആ വർഷത്തെ സംസ്ഥാന നികുതി വരുമാനം 7303 കോടി മാത്രമാണെന്നോർക്കണം. നികുതിയിതര വരുമാനമോ 681 കോടി മാത്രം. മൊത്തം സംസ്ഥാന വരുമാനം ശമ്പളത്തിനും പെൻഷനും പലിശക്കും തികഞ്ഞില്ല. 2013–14ൽ സംസ്ഥാന നികുതി വരുമാനം 31995 കോടിയായിരുന്നു. നികുതിയേതര വരുമാനം 5575 കോടി മാത്രവും. മൊത്തം സംസ്ഥാന വരുമാനം 37570 കോടി, കേന്ദ്രത്തിൽ നിന്നും കിട്ടിയത് 11607 കോടി, അങ്ങനെയുള്ള മൊത്തം വരുമാനം 49177 കോടിയുമായിരുന്നു. ആ വർഷം ശമ്പളത്തിന് 19340.98 കോടി, പെൻഷന് 9971.27 കോടി, പലിശക്ക് 8265.38 കോടി എന്നിങ്ങനെ ആകെ 37577.64 കോടിയായിരുന്നു ചെലവ്.
2013–14 ൽ സംസ്ഥാന വരുമാനം 37570 കോടിയാണെങ്കിൽ ശമ്പളം, പെൻഷൻ, പലിശ ചെലവു തന്നെ 37577.64 കോടിയായി. ഈ മൂന്നു ചെലവുകൾക്കു മാത്രമായി ആ വർഷം 7.64 കോടി കടമെടുത്തു. 2020–21ൽ സംസ്ഥാന നികുതി, നികുതിയേതര വരുമാനം 54988 കോടിയായിരുന്നെങ്കിൽ ശമ്പളം, പെൻഷൻ, പലിശ ചെലവുകൾക്കു മാത്രമായി 67646 കോടി കേരള സർക്കാർ ചെലവഴിച്ചു. ഈ മൂന്നു ചെലവുകൾക്കു മാത്രമായി 12658 കോടി അത്തവണ കടമെടുത്തു. 2021–22ൽ ഒന്നാം പിണറായി സർക്കാറിന്‍റെ അവസാന വർഷം 86169 കോടി സംസ്ഥാന വരുമാനമുണ്ടാകുമെന്ന് അന്നത്തെ ധനമന്ത്രി തോമസ് ഐസക് കണക്കു കൂട്ടിയെങ്കിലും ലഭിച്ചത് 68906 കോടി മാത്രമെന്ന് നിലവിലെ ധനമന്ത്രി ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ വ്യക്തമായി. പ്രതീക്ഷിച്ചതിൽ നിന്ന് കിട്ടാതെ പോയത് 17263 കോടിയാണ്.
2021–22 ൽ തോമസ് ഐസക് കണക്കുകൂട്ടിയത് ശമ്പളം, പെൻഷൻ, പലിശ എന്നിവയ്ക്കുമാത്രമായി 84778 കോടി ചെലവാകുമെന്നായിരുന്നു. എന്നാൽ, പുതിയ ധനമന്ത്രി ബാലഗോപാലിന്‍റെ കണക്കിൽ ശമ്പളം, പെൻഷൻ, പലിശ ചെലവ് മാത്രം 93350 കോടിയായി. തോമസ് ഐസക് കണക്കാക്കിയതിനേക്കാൾ ഏറെ കൂടുതലായിരുന്നു ചെലവ്. രണ്ടു വർഷം കൊണ്ട് ശമ്പളം, പെൻഷൻ, പലിശ ചെലവിലുണ്ടായത് 25704 കോടി രൂപയുടെ വർധന. കോവിഡ് കാലത്ത് ശമ്പളവും പെൻഷനും കൂട്ടുന്നതിനായി ഐസക് വരുമാനക്കണക്ക് പൊലിപ്പിച്ചും ചെലവ് കുറച്ചും കാണിക്കുകയായിരുന്നുവെന്ന് പിന്നീട് ആരോപണമുയർന്നിരുന്നു.
കഴിഞ്ഞ 20 വർഷത്തെ ശമ്പളം, പെൻഷൻ, പലിശ വർധനവ് കേരളത്തിന്‍റെയോ രാജ്യത്തിന്‍റെയോ പൊതു സാമ്പത്തിക സ്ഥിതിയുമായി യാതൊരു ബന്ധവുമില്ലെന്നും വിലക്കയറ്റത്തോതിന്‍റെ മൂന്നിരട്ടി ശമ്പളം, പെൻഷൻ വർധനവ് നടപ്പിലാക്കിയിട്ടുണ്ടെന്നും ധനകാര്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ ഭയാനക ചിത്രം വിശദമാക്കുന്ന പട്ടിക താഴെ-
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.