കോഴിക്കോട്: സമസ്തയിലെ ലീഗ് വിരുദ്ധരെ ശക്തമായി നേരിടണമെന്ന് അഭിപ്രായപ്പെട്ട് മുസ്ലിം ലീഗ് നേതൃയോഗം. സമസ്തയുമായി പാരമ്പര്യമായി തുടരുന്ന ബന്ധം ശക്തമായി മുന്നോട്ടു കൊണ്ടുപോകുന്നതിനൊപ്പം ലീഗിനെതിരെ പ്രത്യക്ഷമായും പരോക്ഷമായും പ്രവർത്തിക്കുന്നവർക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന പൊതു അഭിപ്രായമാണ് ഭാരവാഹി യോഗത്തിലും സെക്രട്ടേറിയറ്റ് യോഗത്തിലുമുണ്ടായത്. സി.പി.എമ്മിൽനിന്ന് അച്ചാരം വാങ്ങുന്ന ചിലർ മാത്രമാണ് ലീഗിനെതിരെ പ്രവർത്തിക്കുന്നതെന്ന് നേതാക്കൾ തുറന്നടിച്ചു. അവർക്ക് ഉചിത രീതിയിൽ ചുട്ട മറുപടി നൽകണമെന്ന് അഭിപ്രായപ്പെട്ട നേതാക്കൾ ഇതുസംബന്ധിച്ച് സാദിഖലി തങ്ങൾ എടുക്കുന്ന എല്ലാ തീരുമാനങ്ങൾക്കും പിന്തുണ പ്രഖ്യാപിച്ചു. സമസ്തയിലെ ലീഗ് വിരുദ്ധർ നേതൃത്വം നൽകുന്ന പരിപാടികളും പദ്ധതികളുമായി നിസ്സഹകരിക്കാനും ആഹ്വാനമുണ്ടായി.
സുപ്രഭാതം പത്രം യു.ഡി.എഫിനെതിരെയും പ്രത്യേകിച്ച് ലീഗിനെതിരെയും പ്രവർത്തിക്കുന്നതായി ചില നേതാക്കൾ യോഗത്തിൽ വ്യക്തമാക്കി. അതുകൊണ്ടുതന്നെ പത്രത്തിന്റെ ദുബൈ പരിപാടി സാദിഖലി തങ്ങൾ ഉൾപ്പെടെയുള്ളവർ ബഹിഷ്കരിച്ചത് ഉചിതമായെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. കെ.എം.സി.സിയും പരിപാടിയിൽനിന്ന് വിട്ടുനിന്നത് വ്യക്തമായ സന്ദേശമാണ്. കോൺഗ്രസ് നേതൃത്വവും ഇക്കാര്യത്തിൽ ലീഗ് നിലപാടിനൊപ്പമാണ്. സമസ്തയിലെ ലീഗ് വിരുദ്ധരുടെ പ്രത്യക്ഷ പ്രവർത്തനങ്ങൾ പൊന്നാനിയിലും മലപ്പുറത്തും കാലങ്ങളായി ലീഗിന് കിട്ടിയിരുന്ന കുറച്ചു വോട്ടുകൾ നഷ്ടമാക്കിയിട്ടുണ്ട്. എന്നാൽ, ഇതിനെ മറികടക്കാനുതകുംവിധം പുറത്തുനിന്നുള്ള വോട്ടുകൾ സമാഹരിക്കാനായതിനാൽ ഭൂരിപക്ഷത്തിൽ കുറവുണ്ടാകില്ലെന്നും യോഗം വിലയിരുത്തി.
ആതുരശുശ്രൂഷ മേഖലയിലും ചാരിറ്റി മേഖലയിലും സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്ന സി.എച്ച് സെന്ററുകളും പാലിയേറ്റിവ് കെയർ സംവിധാനങ്ങളും പാർട്ടി നിയന്ത്രണത്തിൽ കൊണ്ടുവരാനും ഏകോപനത്തിന് സംവിധാനമുണ്ടാക്കാനും തീരുമാനിച്ചു. ഇപ്പോൾ വ്യക്തികളുടെ നേതൃത്വത്തിൽ പലവിധത്തിലാണ് ഓരോ സെന്ററിന്റെയും പ്രവർത്തനമെന്നതിനാൽ പാർട്ടിക്ക് അതിന്റെ പ്രയോജനം ലഭിക്കാത്തതിനാലാണ് ഏകോപനം ഒരുക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രവർത്തനങ്ങളും യോഗം ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.