ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട്​ ഭീകരരെ സംരക്ഷിക്കുന്നത്​ എ.എം ആരിഫെന്ന്​ സന്ദീപ്​ വാര്യർ

പാലക്കാട്​: വയലാറിലെ ആർ.എസ്.എസ് പ്രവര്‍ത്തകന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആലപ്പുഴ എം.പി എ.എം ആരിഫിനെതിരെ ആരോപണവുമായി ബി.ജെ.പി സംസ്ഥാന വക്താവ്​ സന്ദീപ്​ വാര്യർ. എം.പിയായ ആരിഫിന്‍റെ എല്ലാ സംരക്ഷണവും പിന്തുണയും ലഭിക്കുന്നവരാണ് ആലപ്പുഴയിലെ എസ്​.ഡി.പി.ഐ പോപ്പുലർ ഫ്രണ്ട് ഭീകരൻമാരെന്ന്​ സന്ദീപ്​ വാര്യർ പറഞ്ഞു. കേരളത്തിൽ ഇസ്​ലാമിക് ഖാലിഫൈറ്റ് സ്ഥാപിക്കാനുള്ള പോപ്പുലർ ഫ്രണ്ടിന്‍റെ ആഗ്രഹം നടക്കാൻ പോകുന്നില്ല. സംസ്ഥാന പൊലീസിന് പോപ്പുലർ ഫ്രണ്ട് തീവ്രവാദികളെ നിയന്ത്രിക്കാൻ കഴിയില്ലെങ്കിൽ ജിഹാദി ഭീകരതക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയരുമെന്നും സന്ദീപ്​ വാര്യർ ഫേസ്​ബുക്കിൽ കുറിച്ചു.

വയലാർ പഞ്ചായത്ത് നാലാം വാർഡിൽ തട്ടാംപറമ്പിൽ രാധാകൃഷ്ണന്‍റെ മകൻ നന്ദു കൃഷ്ണൻ (22) ആണ് ഇന്നലെ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട്​ എട്ട് എസ്.ഡി.പി.ഐ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തിരുന്നു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരും പിടിയിലായതായാണ് സൂചന. ആലപ്പുഴ ജില്ലയിൽ ഇന്ന് ബി.ജെ.പി ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്.രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ്​ ഹർത്താൽ നടത്തുകയെന്ന്​ ബി.ജെ.പി ആലപ്പുഴ ജില്ല പ്രസിഡൻറ് എം.വി. ഗോപകുമാർ അറിയിച്ചു.

ബുധനാഴ്ച രാത്രി എട്ടോടെ വയലാർ നാഗംകുളങ്ങര കവലയിലാണ് ആർ.എസ്.എസ്, എസ്.ഡി.പി.ഐ പ്രവർത്തകർ ഏറ്റുമുട്ടിയത്. ഉച്ചക്ക് എസ്.ഡി.പി.ഐ പ്രചരണ ജാഥക്കിടെ പ്രസംഗത്തിലെ പരാമർശങ്ങളുടെ പേരിൽ ഇരുവിഭാഗവും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിന്‍റെ പേരിൽ വൈകിട്ട് എസ്.ഡി.പി.ഐയും ആർ.എസ്.എസും പ്രതിഷേധ പ്രകടനവും നടത്തി. സ്ഥലത്ത് ചേർത്തല പൊലീസ് കാവൽ ഉണ്ടായിരുന്നു. പ്രകടനങ്ങൾക്കു ശേഷം പിരിഞ്ഞു പോയ പ്രവർത്തകർ തമ്മിൽ വീണ്ടും സംഘർഷമുണ്ടാകുകയായിരുന്നു. പൊലീസ് നോക്കി നിൽക്കെയാണ് സംഘർഷവും ആക്രമണവും.

ഇരുവിഭാഗവും തമ്മിൽ കല്ലേറും കൂട്ടത്തല്ലുമുണ്ടായി. സംഘർഷത്തിനിടെയാണ് ആർ.എസ്.എസ് പ്രവർത്തകൻ കൊല്ലപ്പെട്ടത്. ഇരുവശത്തും പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.

Tags:    
News Summary - sandeep varier against mm arif

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.