പാലക്കാട്: കോൺഗ്രസ് പ്രവേശനത്തിന് പിന്നാലെ പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് വോട്ട് തേടി യു.ഡി.വൈ.എഫ് റോഡ് ഷോയിൽ മുൻ ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. തുറന്ന വാഹനത്തിൽ യു.ഡി.വൈ.എഫ് നേതാക്കൾക്കൊപ്പം പകർത്തിയ സെൽഫി സന്ദീപ് വാര്യർ തന്‍റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.
സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ, ഹൈബി ഈഡൻ എം.പി, അൻവർ സാദത്ത് എം.എൽ.എ, യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്‍റ് എബിൻ വർക്കി, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ് അടക്കമുള്ളവർക്കൊപ്പമാണ് സന്ദീപ് വാര്യർ സെൽഫി എടുത്തത്.
സന്ദീപ് വാര്യരുടെ കൈ ഉയർത്തി പിടിച്ചു കൊണ്ട് തുറന്ന വാഹനത്തിൽ നിൽക്കുന്ന ചിത്രം രാഹുൽ മാങ്കൂട്ടത്തിലും എഫ്.ബി പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ, മാതേതരത്വം, പാലക്കാട് എന്ന് ചിത്രത്തോടൊപ്പം കുറിച്ചു.
വെറുപ്പിന്റെ മാർക്കറ്റിൽ നിന്ന് സ്നേഹത്തിന്റെ കടയിലേക്ക് വന്ന സന്ദീപ് വാര്യർക്ക് അഭിനന്ദനങ്ങളെന്ന് പി.കെ. ഫിറോസ് ഫേസ്ബുക്ക് പേജിൽ കുറിച്ചു.
ബി.ജെ.പി നേതൃത്വവുമായി ഇടഞ്ഞ സന്ദീപ് വാര്യർ ഇന്നാണ് കോൺഗ്രസിൽ അംഗത്വമെടുത്തത്. സന്ദീപ് ഇടതുപക്ഷത്തേക്കെന്ന അഭ്യൂഹം ശക്തമായതിനിടെയാണ് അപ്രതീക്ഷിതമായുള്ള കോൺഗ്രസ് പ്രവേശനം. പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ സന്ദീപിനെ ത്രിവർണ ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് ക്ഷണിച്ചു.
ബി.ജെ.പി വെറുപ്പ് ഉൽപാദിപ്പിക്കുന്ന ഫാക്ടറിയാണെന്നും പാർട്ടി തനിക്ക് അർഹമായ പരിഗണന നൽകിയിട്ടില്ലെന്നും സന്ദീപ് വാര്യർ പ്രതികരിച്ചു. ജനാധിപത്യത്തെ പാടെ അപമാനിക്കുന്ന ഒരു ഫാക്ടറിയിൽ ശ്വാസംമുട്ടി കഴിയേണ്ട അവസ്ഥയായിരുന്നു തനിക്ക്. മുഖ്യമന്ത്രിയുമായി ചേർന്ന് ബി.ജെ.പി അഡ്ജസ്റ്റ്മെന്‍റ് രാഷ്ട്രീയം കളിക്കുന്നു. അതിനെതിരെ പ്രതികരിച്ചതാണ് തനിക്കുനേരെ നടപടി സ്വീകരിക്കാൻ കാരണമായത്. മതം തിരഞ്ഞ് പ്രചാരണം നടത്താൻ കഴിയില്ല. സ്നേഹത്തിന്‍റെ കടയിൽ അംഗത്വമെടുക്കുകയാണെന്നും വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും കോട്ടയിൽ നിന്ന് പുറത്തുവന്നതിന്‍റെ സന്തോഷത്തിലാണെന്നും സന്ദീപ് പറഞ്ഞു.
എൻ.ഡി.എയുടെ കൺവെൻഷനിൽ പരസ്യമായി അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് സന്ദീപ് വാര്യർ ബി.ജെ.പി.യുമായി ഇടഞ്ഞത്. അനുനയിപ്പിക്കാനുള്ള ബി.ജെ.പി ശ്രമങ്ങൾ ഫലം കണ്ടിരുന്നില്ല. പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ പ്രചാരണരംഗത്ത് ബി.ജെ.പി സംസ്ഥാന നേതാവായ സന്ദീപിന്‍റെ അസാന്നിധ്യം ചർച്ചയായിരുന്നു. പാലക്കാട്ടെ സ്ഥാനാർഥി നിർണയത്തിലും സന്ദീപിന് എതിർപ്പുണ്ടായിരുന്നു എന്നാണ് വിവരം.
സന്ദീപ് വാര്യർ ബി.ജെ.പി വിട്ട് സി.പി.എമ്മിലേക്ക് വന്നാൽ സ്വീകരിക്കുമെന്നായിരുന്നു മുതിർന്ന സി.പി.എം നേതാവ് എം.കെ. ബാലൻ അടക്കമുള്ളവർ വ്യക്തമാക്കിയിരുന്നത്. ബി.ജെ.പിയോട് ഇടഞ്ഞ സന്ദീപ് വാര്യർ ഇടതിനോട് അടുക്കുന്നുവെന്ന അഭ്യൂഹങ്ങൾ വ്യാപകമായി പ്രചരിച്ചപ്പോഴായിരുന്നു സി.പി.എം നേതാക്കളുടെ ഈ പ്രതികരണം. പിന്നീട് സി.പി.എമ്മിലേക്കല്ല, സന്ദീപ് സി.പി.ഐയിലേക്കാണെന്ന തരത്തിൽ വാർത്ത പരന്നു. ഇതെല്ലാം തള്ളിയാണ് സന്ദീപ് വാര്യർ കോൺഗ്രസ് അംഗമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.