പാലക്കാട്: സർജിക്കൽ സ്ട്രൈക്ക് ആരുടെയും കുത്തകയല്ലെന്നും ഇന്ദിര ഗാന്ധിയാണ് രാജ്യത്ത് ആദ്യമായി സർജിക്കൽ സ്ട്രൈക്ക് നടത്തിയതെന്നും ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യർ. ബി.ജെ.പി നേതാവിന്റെ മുൻ പ്രസ്താവനയുമായി ബന്ധപ്പെട്ട ചോദ്യത്തോടായിരുന്നു സന്ദീപിന്റെ പ്രതികരണം. കോൺഗ്രസുകാരനായാണ് ഇനി തന്റെ രാഷ്ട്രീയ പ്രവർത്തനമെന്നും വലിയ കസേരകൾ പ്രതീക്ഷിക്കുന്നില്ലെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് മറുപടിയായി സന്ദീപ് വാര്യർ പറഞ്ഞു. സി.പി.എമ്മിലേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും സന്ദീപ് കൂട്ടിച്ചേർത്തു.
“ചിലഘട്ടങ്ങൾ അനിവാര്യമായ തീരുമാനങ്ങൾ നാം കൈക്കൊള്ളണം. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രീതിയിൽ ഇനിയും പോകാനാകില്ല എന്നു തോന്നിയപ്പോൾ നിലപാട് മാറ്റി. വലിയ കസേരകൾ ആഗ്രഹിച്ച് നിൽക്കുന്നതും പോകുന്നതും എന്റെ രീതിയല്ല. വലിയ കേസര ആഗ്രഹിക്കുന്ന വലിയ ആളല്ല ഞാൻ. കസേര കിട്ടാഞ്ഞതിനാൽ വേദിവിട്ടുപോയ ബി.ജെ.പി നേതാക്കളെ എനിക്കറിയാം. അത്തരത്തിലുള്ള കാര്യങ്ങളെല്ലാം ബി.ജെ.പി നേതാക്കളെ പഠിപ്പിക്കുന്നതാവും സുരേന്ദ്രന് നല്ലത്. സുരേന്ദ്രൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷനാണ്, എനിക്ക് ഇനി കെ.പി.സി.സി പ്രസിഡന്റ് പറയുന്നത് കേട്ടാൽമതി. പാർട്ടിയിൽ നേരിട്ട പ്രശ്നങ്ങളെല്ലാം പറഞ്ഞതാണ്. മറ്റ് വിശദാംശങ്ങൾ അടുത്ത കട്ടൻ ചായയും പരിപ്പുവടയും എഴുതുമ്പോൾ വിശദീകരിക്കാം” -സന്ദീപ് വാര്യർ പറഞ്ഞു.
നേരത്തെ ബി.ജെ.പി വെറുപ്പ് മാത്രം ഉൽപാദിപ്പിക്കുന്ന ഫാക്ടറിയാണെന്നും സന്ദീപ് വാര്യർ പറഞ്ഞിരുന്നു. സ്വന്തമായി അഭിപ്രായം പറയാൻ സ്വാതന്ത്ര്യമില്ലാതെ താൻ ബി.ജെ.പിയിൽ വീർപ്പുമുട്ടി കഴിയുകയായിരുന്നു. സ്നേഹത്തിന്റെ കടയിൽ താൻ അംഗത്വം എടുക്കുകയാണ്. 14 ജില്ലകളിലും ബി.ജെ.പിക്ക് വേണ്ടി പ്രസംഗിച്ചിട്ടുണ്ട്. ചാനൽ ചർച്ചകളിൽ ബി.ജെ.പിയെ പ്രതിരോധിക്കാൻ ഭാഷയുടെ സാധ്യതകളെല്ലാം ഉപയോഗിച്ചിട്ടുണ്ട്. താൻ കോൺഗ്രസിൽ എത്താൻ കാരണം കെ.സുരേന്ദ്രനും കൂട്ടാളികളുമാണ്. ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം കാരണമാണ് പാർട്ടിവിട്ടത്. കൊടകര കുഴൽപ്പണ കേസും കരുവന്നൂർ ബാങ്ക് തട്ടിപ്പും തമ്മിൽ അഡ്ജസ്റ്റ്മെന്റ് ഉണ്ടാക്കാനാണ് ശ്രമം നടക്കുന്നതെന്നും സന്ദീപ് ആരോപിച്ചു.
ബി.ജെ.പി നേതൃത്വവുമായി ഇടഞ്ഞ സന്ദീപ് ഇടതുപക്ഷത്തേക്കെന്ന അഭ്യൂഹം ശക്തമായതിനിടെയാണ് അപ്രതീക്ഷിതമായി കോൺഗ്രസിൽ ചേർന്നത്. പാലക്കാട് നടന്ന വാർത്ത സമ്മേളനത്തിൽ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരുടെ നേതൃത്വത്തിൽ, കോൺഗ്രസ് നേതാക്കൾ സന്ദീപിനെ ഷാളണിയിച്ച് പാർട്ടിയിലേക്ക് ക്ഷണിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.