സംഗീതയുടെ മരണം: പൊലീസിനെ വിമർശിച്ച് എസ്.സി-എസ്.ടി കമീഷൻ

കൊച്ചി: എറണാകുളത്ത് ദലിത് യുവതി സംഗീത സ്ത്രീധനപീഡനത്തെ തുടർന്ന് മരിച്ച കേസിൽ പൊലീസിനെതിരെ വിമർശനവുമായി സംസ്ഥാന എസ്.സി-എസ്.ടി കമീഷൻ. സംഗീതയുടെ മാതാവ് എറണാകുളം മത്തായി മാഞ്ഞൂരാന്‍ റോഡില്‍ പാലപ്പറമ്പില്‍ വീട്ടില്‍ ഷീബ സജീവന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വീട് സന്ദര്‍ശിക്കാനെത്തിയതായിരുന്നു കമീഷൻ. സംഗീതയുടെ മാതാപിതാക്കളില്‍നിന്ന് വിശദമായി മൊഴിയെടുത്തു.

പൊലീസ് അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ച് തുടർനടപടിക്ക് ആവശ്യമായ നിര്‍ദേശം നല്‍കുമെന്ന് കമീഷന്‍ ചെയര്‍മാന്‍ ബി.എസ്. മാവോജി പറഞ്ഞു. കേസന്വേഷണത്തിൽ പൊലീസിന്‍റെ ഭാഗത്തുനിന്ന് കാലതാമസമുണ്ടായെന്നാണ് മനസ്സിലാക്കുന്നത്. പട്ടികജാതിയിൽപെട്ട പെൺകുട്ടി മരണപ്പെടുമ്പോൾ എസ്.സി - എസ്.ടി പീഡന നിരോധന നിയമപ്രകാരം കേസെടുക്കേണ്ടതാണ്. അതിൽ അന്വേഷണം നടത്തേണ്ടത് അസി. കമീഷണർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനായിരിക്കണം.

ഇതിനുപോലും ഒരുമാസത്തിലധികം സമയം വേണ്ടിവന്നുവെന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല. ഇത് പൊലീസിന്‍റെ വീഴ്ചയാണെന്നാണ് മനസ്സിലാകുന്നത്. കേസന്വേഷണത്തിന് കാലതാമസമുണ്ടായത് ആരുടെ വീഴ്ചയാണെന്ന് അന്വേഷിക്കുകയാണ്. ഇതുസംബന്ധിച്ച റിപ്പോർട്ട് പരിശോധിച്ചശേഷം ആവശ്യമായ നിർദേശം നൽകും. ജാതീയമായ അതിക്രമങ്ങളും സ്ത്രീധനത്തിനുവേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്തവരും ഇന്നും സമൂഹത്തിലുണ്ടെന്നത് നമ്മുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്നതാണെന്നും ചെയർമാൻ കൂട്ടിച്ചേർത്തു.

കമീഷന്‍ അംഗം അഡ്വ. സൗമ്യ സോമന്‍, അഡീഷനല്‍ ജില്ല മജിസ്ട്രേറ്റ് എസ്. ഷാജഹാന്‍, കമീഷന്‍ രജിസ്ട്രാര്‍ ലീന ലിറ്റി, പൊലീസ് ഡെപ്യൂട്ടി കമീഷണര്‍ എന്‍. രാജന്‍, ജില്ല പട്ടികജാതി ഓഫിസര്‍ കെ. സന്ധ്യ തുടങ്ങിയവരും ചെയർമാനൊപ്പം ഉണ്ടായിരുന്നു. 

Tags:    
News Summary - Sangeetha death: SC-ST Commission criticizes the police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.