തിരുവനന്തപുരം: സംഗീത നാടക അക്കാദമി ഭാരവാഹികളുടെ ഭാഗത്ത് നിന്നുണ്ടായ അപമാനത്തിൽ മനംനൊന്ത് കലാഭവൻ മണിയുടെ സഹോദരൻ ആർ.എൽ.വി രാമകൃഷ്‌ണൻ ആത്മഹത്യക്ക് ശ്രമിച്ചു എന്ന വാർത്ത ഞെട്ടിച്ചുവെന്നും അദ്ദേഹത്തിനോട് അക്കാദമി പരസ്യമായി മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
നൃത്തകലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് ആർ.എൽ.വി രാമകൃഷ്ണൻ. ദാരിദ്രത്തോടും അവഗണയോടും പടപൊരുതിയാണ് കലാരംഗത്ത് അറിയപ്പെടുന്ന ഒരാളായി മാറിയത്. പി.ജിയിൽ റാങ്ക് നേടുകയും പിന്നീട് ഡോക്ടറേറ്റ് കരസ്ഥമാക്കുകയും ചെയ്ത ഈ പ്രതിഭയെ ആത്മഹത്യയിലേക്ക് തള്ളിയിട്ടവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. കുറ്റാരോപിതരെ ചുമതലയിൽനിന്ന് മാറ്റിനിർത്തുകയും മാതൃകാപരമായി ശിക്ഷ നൽകാൻ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്യണമെന്ന് സാംസ്കാരിക വമന്ത്രി എ.കെ. ബാലനോട് ആവശ്യപ്പെടുന്നു.
ദലിത് വിവേചനം രാജ്യമെമ്പാടും ചർച്ച ചെയ്യവേ, അപമാനഭാരത്താൽ ഒരു കലാകാരൻ ജീവനൊടുക്കാൻ ശ്രമിച്ചു എന്നത് അങ്ങേയറ്റം ഗൗരവത്തോടെ മന്ത്രി കാണണം. സംഗീത നാടക അക്കാദമിയുടെ നേരെ ഉയരുന്ന ദലിത് വിരുദ്ധ രീതികൾക്ക് നേരെ കണ്ണടക്കരുത്. ദുർബല വിഭാഗത്തെ ചേർത്തുനിർത്താനും അവരിൽ ആത്‌മവിശ്വാസം വർധിപ്പിക്കാൻ ഉതകുന്ന നടപടികളാണ് സർക്കാറിെൻറ ഭാഗത്തുനിന്നും ഉണ്ടാകേണ്ടത്.
അക്കാദമി ഓൺലൈൻ വഴി സംഘടിപ്പിക്കുന്ന മോഹിനിയാട്ടം പരിപാടിയിൽ പങ്കെടുക്കാൻ ആർ.എൽ.വി രാമകൃഷ്ണന് അവസരം നിഷേധിക്കാൻ പാടില്ലായിരുന്നു. അദ്ദേഹത്തെ ഒഴിവാക്കി എന്ന് മാത്രമല്ല നുണപ്രചാരണത്തിലൂടെ സമൂഹത്തിന് മുന്നിൽ കുറ്റക്കാരനാക്കി ചിത്രീകരിക്കുകയും ചെയ്തുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.