കോഴിക്കോട്: ബുധനാഴ്ച കോഴിക്കോട്ട് നടത്താനിരുന്ന സിദ്ദീഖ് കാപ്പൻ ഐക്യദാർഢ്യ സമ്മേളനം സംഘ്പരിവാർ ഭീഷണിയെ തുടർന്ന് മാറ്റിവെച്ചതായി സംഘാടകരായ പൗരാവകാശ വേദി പ്രതിനിധികൾ അറിയിച്ചു. പരിപാടിക്കെതിരെ ബി.ജെ.പി ഡി.ജി.പിക്കും എൻ.ഐ.എക്കും പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പരിപാടി മാറ്റാൻ തീരുമാനിച്ചത്.
നിരോധിത തീവ്രവാദ സംഘടനകളെ വെള്ളപൂശാനുള്ള ഇത്തരം സമ്മേളനങ്ങള്‍ നിയമവിരുദ്ധമാണെന്നും പൊലീസ് ഇടപെട്ട് തടയണമെന്നും ബി.ജെ.പി കോഴിക്കോട് ജില്ല പ്രസിഡന്‍റ് അഡ്വ. വി.കെ. സജീവൻ വാർത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു. സ്ഥലത്ത് സംഘർഷ സാധ്യതയുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.
മാധ്യമപ്രവർത്തകനായ സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്തിട്ട് രണ്ട് വർഷം പൂർത്തിയാകുന്ന ദിവസമായിരുന്നു ബുധനാഴ്ച. ഉത്തർപ്രദേശിലെ ഹാഥറസിൽ നടന്ന കൊലപാതകം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെയായിരുന്നു അറസ്റ്റ്. നിലവിൽ ലഖ്നോ ജയിലിലാണ് സിദ്ദീഖ് കാപ്പൻ. സെപ്റ്റംബർ ഒമ്പതിന് സുപ്രീം കോടതി യു.എ.പി.എ കേസിൽ ജാമ്യം നൽകിയിരുന്നു. എന്നാൽ, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ ജയിലിൽനിന്ന് പുറത്തിറങ്ങാൻ കഴിഞ്ഞിട്ടില്ല. ജഡ്ജി അവധിയിൽ ആയതിനാൽ ലഖ്നോ കോടതി രണ്ട് തവണ ജാമ്യാപേക്ഷ മാറ്റുകയായിരുന്നു. ഒക്ടോബർ പത്തിന് കേസ് വീണ്ടും പരിഗണിക്കും.
മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് മുനവ്വറലി തങ്ങളായിരുന്നു പരിപാടിയുടെ ഉദ്ഘാടകന്‍. എം.കെ രാഘവൻ എം.പി, കെ.കെ രമ എം.എൽ.എ, പി. ഉബൈദുല്ല എം.എല്‍.എ, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഒ. അബ്ദുല്ല, എ. വാസു, കെ.പി നൗഷാദലി, പത്രപ്രവര്‍ത്തക യൂനിയന്‍ നേതാക്കളായ അഞ്ജന ശശി, എം. ഫിറോസ് ഖാന്‍, കാപ്പന്‍ ഐക്യദാര്‍ഢ്യ സമിതി അധ്യക്ഷന്‍ എന്‍.പി ചെക്കുട്ടി, സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത് കാപ്പന്‍ തുടങ്ങിയവരാണ് പരിപാടിയില്‍ പങ്കെടുക്കാനിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.