കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കെതിരെ പ്രതിഷേധം ശക്തമാകുമ്പോൾ നുണ, വർഗീയവിദ്വേഷ പ്രചാരണങ്ങളുമായി സംഘ്പരിവാർ. ദ്വീപുവാസികൾ തീവ്രവാദികളാണെന്നും മയക്കുമരുന്ന് കടത്തുകാരാണെന്നുമൊക്കെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. പ്രതിഷേധവുമായി രംഗത്തെത്തിയ സെലിബ്രിറ്റികളുടെയും രാഷ്ട്രീയ നേതാക്കളുടെയും പോസ്റ്റുകൾക്ക് കീഴിലാണ് സംഘ് അനുകൂല പ്രൊഫൈലുകളുടെ അധിക്ഷേപം.
ലക്ഷദ്വീപ് നിവാസികൾക്ക് അനുകൂലമായി രംഗത്തെത്തിയ നടൻ പൃഥ്വിരാജിനെ മതതീവ്രവാദിയെന്നും ജിഹാദിയെന്നും വിളിച്ചാണ് അധിക്ഷേപിക്കുന്നത്. കുറ്റകൃത്യങ്ങൾ ഏറ്റവും കുറവ് രേഖപ്പെടുത്തുന്ന സ്ഥലമെന്ന നിലയിൽ ലോകശ്രദ്ധ ആകർഷിച്ച ലക്ഷദ്വീപ് അക്രമങ്ങളുടെ കേന്ദ്രമാണെന്നാണ് മറ്റുചിലർ പ്രചരിപ്പിക്കുന്നത്. ലക്ഷദ്വീപിലെ െഡയറി ഫാമുകൾ വൻ നഷ്ടത്തിലായിരുന്നതിനാലാണ് പൂട്ടാൻ ഉത്തരവിട്ടതെന്നാണ് കണ്ടെത്തൽ. നടൻ സലിംകുമാറിനെ മതമൗലികവാദിയെന്ന് അധിക്ഷേപിക്കുന്നുണ്ട്. ലക്ഷദ്വീപ് ഇസ്ലാമിക രാഷ്ട്രമായി മാറ്റുകയാണെന്നാണ് മറ്റുചിലരുടെ ആരോപണം. സിനിമതാരങ്ങളുടെയടക്കം പോസ്റ്റുകൾക്ക് പിന്നിൽ പ്രത്യേക അജണ്ടയിൽ തയാറാക്കിയ ടൂൾകിറ്റാണെന്നാണ് മറ്റൊരു ആക്ഷേപം. അന്താരാഷ്ട്ര ഹിന്ദുപരിഷത്ത് നേതാവ് പ്രതീഷ് വിശ്വനാഥനാണ് ഇതിന് തുടക്കംകുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.