എരുമപ്പെട്ടി: എയ്യാൽ ചിറ്റലങ്ങാട് സി.പി.എം പുതുശേരി ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപിനെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി. ഒന്നാം പ്രതി നന്ദൻ, കൂട്ടു പ്രതികളായ അഭയജിത്ത്, ശ്രീരാഗ് എന്നിവരുമായാണ് പൊലീസ് ശനിയാഴ്ച രാവിലെ തെളിവെടുപ്പ് നടത്തിയത്. കൃത്യം നടത്തിയ ശേഷം പ്രതികൾ ഒളിവിൽ കഴിഞ്ഞിരുന്ന കീഴ്തണ്ടിലം കള്ള്ഷാപ്പിന് സമീപത്തെ പുഴ കടന്നുള്ള ഒഴിഞ്ഞ പറമ്പിലാണ് തെളിവെടുപ്പ് നടന്നത്.
പ്രതികൾ കൃത്യത്തിന് ഉപയോഗിച്ചിരുന്ന രണ്ട് ആയുധങ്ങൾ സ്ഥലത്തു നിന്ന് കണ്ടെടുത്തു. ഒന്നാംപ്രതി നന്ദൻ കുത്താൻ ഉപയോഗിച്ച കത്തി പ്രതി ശ്രീരാഗ് ഒളിപ്പിച്ച് വച്ചിരുന്നു. ഇതും, അഭയജിത്ത് ഉപയോഗിച്ച വടിവാളുമാണ് പ്രതികൾ ഒളിവിൽ കഴിഞ്ഞിരുന്ന പുഴയോരത്തെ തെങ്ങിൻ പറമ്പിൽ നിന്നു കണ്ടെത്തിയത്.
കൊലപാതകശ്രമം, ലഹരി വസ്തുക്കളുടെ വിൽപന തുടങ്ങിയ കേസുകളിൽ മുമ്പ് ഉൾപ്പെട്ട ആളാണ് പ്രതിയായ അഭയജിത്ത്. ഒന്നാം പ്രതി നന്ദൻ എരുമപ്പെട്ടി സ്റ്റേഷനിൽ കൊലപാതക ശ്രമം, ദേഹോപദ്രവം എൽപ്പിക്കൽ തുടങ്ങിയ കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ലഹരി ഉപയോഗത്തിന് അടിമകളായ പ്രതികളിൽ ചിലർ ക്രിമിനൽ സ്വഭാവമുള്ളവരാണെന്ന് പൊലീസ് അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട് ആറ് പേരെയാണ് ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കൂടുതൽ പ്രതികൾക്കു വേണ്ടി അന്വേഷണം നടത്തി വരികയാണ്. സംഭവത്തിന് ശേഷം വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന ശ്രീരാഗ്, സതീഷ് എന്ന മര്വോൻ, അഭയജിത്ത് എന്നീ പ്രതികളെ വെള്ളിയാഴ്ച വൈകുന്നേരം ചെമ്മംതിട്ടയിൽ നിന്നുമാണ് പൊലീസ് പിടികൂടി അറസ്റ്റ് ചെയ്തത്. മറ്റ് പ്രതികളായ സുജയകുമാർ, സുനീഷ് എന്നിവരെ വ്യാഴാഴ്ച അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയിരുന്നു. ഒന്നാം പ്രതി നന്ദനനെ വെള്ളിയാഴ്ച പൊലീസ് കസ്റ്റഡിയിൽ വാങ്ങിയാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്.
ആക്രമണത്തിൽ പരിക്കേററ വിപിൻ എന്ന വിബുട്ടൻ ഇപ്പോഴും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
കുന്നംകുളം അസിസ്റ്റൻറ് കമീഷണർ ടി.എസ് സിനോജ്, എരുമപ്പെട്ടി സ്റ്റേഷൻ ഇൻസ്പെക്ടർ കെ.കെ. ഭൂപേഷ്, എരുമപ്പെട്ടി എസ്.ഐ കെ. അബ്ദുൾ ഹക്കീം, ചെറുതുരുത്തി അഡീഷണൽ എസ്.ഐ. മൊയ്തീൻകുട്ടി, ക്രൈം സ്ക്വാഡ് എസ്.ഐ മാരായ കെ.എ. മുഹമ്മദ് അഷറഫ്, പി.സി സുനിൽ, എ.എസ്.ഐ മാരായ രാഗേഷ്, സുദേവ്, എരുമപ്പെട്ടി എസ്.ഐ സനിൽകുമാർ, എ.എസ്.ഐ സന്തോഷ്, ജയൻ, സുധീഷ്, സി.പി.ഒമാരായ ഉല്ലാസ്, അഭിഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.