കാലടി: സംസ്കൃത സർവകലാശാലയിൽ അസിസ്റ്റൻറ് പ്രഫസർ സംസ്കൃതം വ്യാകരണ തസ്തികയിലേക്ക് നടത്തിയ നിയമനവും വിവാദത്തിൽ. ഗെസ്റ്റ് ലെക്ചറർ പോസ്റ്റിലേക്ക് സർവകലാശാലതന്നെ വർഷങ്ങളായി നടത്തുന്ന നിയമനത്തിൽ ഒന്നും രണ്ടും റാങ്കുകൾ നേടിയ ഉദ്യോഗാർഥിയെ സ്ഥിരനിയമന ഇൻറർവ്യൂവിൽ മൂന്നാം റാങ്കിലേക്ക് ഒതുക്കി. ഇതോടെ ഒന്നാം റാങ്കുകാരൻ താൽപര്യം ഇല്ലെന്ന് അറിയിച്ചതോടെ രണ്ടാം റാങ്കിൽ എത്തിയയാൾ നിയമിക്കപ്പെട്ടു.
2020 ഡിസംബർ 28നാണ് അസി. പ്രഫസർ വ്യാകരണം തസ്തികയിലേക്ക് അഭിമുഖം നടന്നത്. തെരഞ്ഞെടുക്കപ്പെട്ട അഞ്ചിൽ നാലുപേരാണ് പങ്കെടുത്തത്. അഞ്ചു മുതൽ പത്തുമിനിട്ട് വരെ നീളുന്ന പ്രസേൻറഷൻ സെലക്ഷൻ കമ്മിറ്റിക്ക് മുന്നിൽ അവതരിപ്പിക്കണമെന്ന് അഭിമുഖ മെമ്മോയിലുണ്ട്.
സാധാരണ ഗെസ്റ്റ് അധ്യാപക അഭിമുഖത്തിൽ ഉൾപ്പെടെ അധ്യാപന പരിചയം വ്യക്തമാക്കുന്ന മാനുവൽ പ്രസേൻറഷനാണ് നടത്തിയിരുന്നത്. എന്നാൽ, ഇക്കുറി അഭിമുഖത്തിന് തലേന്ന് ചിലർക്ക് മാത്രം പവർ പോയൻറ് പ്രസേൻറഷനാണ് (പി.പി.ടി) നടത്തേണ്ടതെന്ന് രഹസ്യവിവരം കിട്ടി.
ഇതറിയാതെ മാനുവൽ പ്രസേൻറഷന് ഒരുങ്ങിവന്ന ഉദ്യോഗാർഥിക്ക് അഭിമുഖത്തിനിടെ അതിന് പോലും അനുവാദം നൽകിയില്ല. മൂന്ന് വിഷയ വിദഗ്ധർ, വൈസ് ചാൻസലർ, സിൻഡിക്കേറ്റ് അംഗം, വകുപ്പ് അധ്യക്ഷൻ, ഡീൻ എന്നിവരാണ് അഭിമുഖം നടത്തിയത്. എം.എക്ക് ഉന്നത ഫസ്റ്റ് ക്ലാസ് നേടിയ ഈ ഉദ്യോഗാർഥിക്ക് മുകളിലായി സെക്കൻഡ് ക്ലാസ് ലഭിച്ചയാൾക്ക് റാങ്ക് ലിസ്റ്റിൽ രണ്ടാമതായി ഇടം നൽകിയെന്നും പരാതി ഉയർന്നു.
സർവകലാശാലതന്നെ ഓരോ വർഷവും ഗെസ്റ്റ് െലക്ചർ തസ്തികയിലേക്ക് നടത്തുന്ന നിയമനത്തിൽ ഒന്നോ രണ്ടോ റാങ്ക് കിട്ടിയിരുന്ന ഉദ്യോഗാർഥിയെ സ്ഥിര നിയമനത്തിനുള്ള റാങ്ക് ലിസ്റ്റിൽ മൂന്നാമതാക്കിയത് ഇതര അധ്യാപകരെയും ഞെട്ടിച്ചു. അതേസമയം, ഗെസ്റ്റ് അധ്യാപക റാങ്ക് ലിസ്റ്റിൽ താഴെ കിടന്നയാൾക്ക് സ്ഥിര നിയമന ലിസ്റ്റിൽ രണ്ടാം റാങ്കിലേക്ക് ഉയർച്ചയും കിട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.