തൃശൂർ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പൂരാഘോഷം മാറ്റിവെക്കണമെന്ന ആവശ്യത്തിന് പിന്തുണയുമായി എഴുത്തുകാരി എസ്. ശാരദക്കുട്ടി. രണ്ടോ മൂന്നോ ദേവസ്വംകാരുടെ താത്പര്യം മാനിച്ചും പൂരക്കച്ചവടക്കാരുടെ സമ്മർദ്ദത്തിനു വഴങ്ങിയും ജനലക്ഷങ്ങളുടെ ജീവൻ അപായത്തിലാക്കരുതെന്ന് അവർ സർക്കാരിനോട് അഭ്യർഥിച്ചു. "ഈ തൃശ്ശൂർ ഞാനിങ്ങെടുക്കുകാ, ഇതെനിക്കു വേണം' എന്ന് കോവിഡ് പ്രഖ്യാപിക്കുന്നത് ദയവായി കേൾക്കണം. കൈവിട്ട കളിയാണിത്. ഭയമാകുന്നുണ്ട് - ശാരദക്കുട്ടി ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ പറഞ്ഞു.
കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ സർവകാല റെക്കോർഡിട്ട ദിവസമാണ് ഇന്ന്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പതിനായിരത്തിനുമുകളിലാണ് പ്രതിദിന രോഗികളുടെ എണ്ണം. ഈ സാഹചര്യത്തിൽ ജനലക്ഷങ്ങൾ ഒരുമിക്കുന്ന പൂരം നടത്തരുതെന്ന് സാംസ്കാരിക നായകർ ആവശ്യപ്പെട്ടിരുന്നു. ഈ മഹാമാരി കാലത്ത് പൂരം മാറ്റിവെക്കുക എന്ന വിവേകവും സാമൂഹിക ഉത്തരവാദിത്തവുമുള്ള തീരുമാനമെടുക്കണമെന്ന് പൂരം നടത്തിപ്പുകാരോടും സര്‍ക്കാരിനോടും തുറന്ന കത്തിലൂടെയാണ് അഭ്യർഥിച്ചത്. കെ.ജി. ശങ്കരപ്പിള്ള, വൈശാഖന്‍, കല്പറ്റ നാരായണന്‍ തുടങ്ങി നിരവധി പ്രമുഖരാണ് ഒപ്പുവെച്ച ഈ പ്രസ്താവന പങ്കുവെച്ചാണ് ശാരദക്കുട്ടി തന്‍റെ നിലപാട് വ്യക്തമാക്കിയത്.
ആഘോഷങ്ങൾക്ക് മാറ്റുകുറയാതെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൂരം നടത്താനുള്ള തീരുമാനത്തിലാണ് ജില്ലാ ഭരണകൂടം. ഇതുസംബന്ധിച്ച് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ഭാരവാഹികളുമായും മറ്റ് ഉന്നത തല വകുപ്പുമേധാവികളുമായും തൃശൂർ ജില്ലാ കലക്ടർ ചർച്ച നടത്തിയിരുന്നു. പ്രധാന ആഘോഷ ചടങ്ങുകൾ നടക്കുന്ന ഭാഗങ്ങളിൽ ബാരിക്കേഡുകൾ കെട്ടി ആളുകളെ നിയന്ത്രിക്കുക, പൂരത്തിനെത്തുന്നവർക്ക് ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുക തുടങ്ങിയ മാർഗങ്ങളാണ് സർക്കാർ സ്വീകരിക്കുക. പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ പാപ്പാൻമാർക്ക് രണ്ട് ഡോസ് കോവിഡ് വാക്സിൻ നിർബന്ധമാക്കും. പാപ്പാന് കോവിഡ് പോസിറ്റീവായാൽ ആനയെ എഴുന്നള്ളിപ്പിൽ നിന്ന് മാറ്റി നിർത്തുമെന്നും കലക്ടർ ഇരുദേവസ്വത്തെയും അറിയിച്ചു. എന്നാൽ, ഈ തീരുമാനം പുന: പരിശോധിക്കണമെന്ന് ഇരു ദേവസ്വങ്ങളും യോഗത്തിൽ ആവശ്യം ഉന്നയിച്ചു. തിങ്കളാഴ്ച നടക്കുന്ന ചീഫ് സെക്രട്ടറിയുടെ യോഗത്തിൽ ഇക്കാര്യം അറിയിക്കാമെന്ന് കലക്ടർ ദേവസ്വം ഭാരവാഹികളോട് വ്യക്തമാക്കി.
അതേസമയം, തൃശൂർ പൂരത്തിന് മാത്രമായി അപ്രായോഗികമായ നിബന്ധനകൾ കൊണ്ടുവന്നു തകർക്കാനാണ് സർക്കാർ നീക്കമെന്ന് ബി.ജെ.പി വക്താവ് സന്ദീപ് വാര്യർ ആരോപിച്ചു. തൃശൂർ പൂരം നടത്തിക്കില്ല എന്ന പിടിവാശിയുള്ള ഡി.എം.ഒ അടക്കമുള്ള ചിലർ കുപ്രചരണങ്ങളുമായി വീണ്ടും ഇറങ്ങിയിരിക്കുകയാണെന്നും തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടികളുടെ മുമ്പിൽ വാ പൊത്തിപ്പിടിച്ച് മൗനം പാലിച്ചവർക്ക് തൃശൂർ പൂരത്തോട് മാത്രം അസഹിഷ്ണുതയാണെന്നും സന്ദീപ് വാര്യർ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.