തിരുവനന്തപുരം: സരിത നായർക്കെതിരായ തൊഴിൽതട്ടിപ്പ് കേസിൽ മുൻ അന്വേഷണ ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടീസ്. നെയ്യാറ്റിൻകര സി.ഐക്കാണ് ഡി.ഐ.ജി നോട്ടീസ് നൽകിയത്. തൊഴിൽതട്ടിപ്പ് കേസിന്‍റെ അന്വേഷണത്തിൽ അലംഭാവം കാണിച്ചതിനാണ് വകുപ്പുതലത്തിൽ വിശദീകരണം തേടിയത്.
ബിവറേജസ് കോർപറേഷനിലും കെ.ടി.ഡി.സിയിലും ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ വാങ്ങി ഇരുപതോളം യുവാക്കൾക്ക് വ്യാജ നിയമന ഉത്തരവുകൾ നൽകി എന്നാണ് സരിതക്കെതിരെ നെയ്യാറ്റിൻകര പൊലീസ് രജിസ്റ്റർ ചെയ്ത കേസ്. 11 ലക്ഷം തട്ടിയെന്ന ഓലത്താന്നി സ്വദേശി അരുണിന്‍റെ പരാതിയിൽ സരിത നായരെ രണ്ടാം പ്രതിയാക്കി നെയ്യാറ്റിൻകര പൊലീസ് കേസെടുത്തിരുന്നു. ഇടനിലക്കാരായി പ്രവർത്തിച്ച കുന്നത്തുകാൽ പഞ്ചായത്തിലെ ഇടത് സ്ഥാനാർഥി രതീഷ്, ഷാജി പാലിയോട് എന്നിവരും കേസിൽ പ്രതികളാണ്.
മന്ത്രി കടകംപള്ളി സുരേന്ദ്രൻ അടക്കം ഒപ്പിട്ട വ്യാജ നിയമന ഉത്തരവ് നൽകിയാണ് തട്ടിപ്പ് നടത്തിയതെന്നാണ് വിവരം. കഴിഞ്ഞ നവംബറിൽ കെ.ടി.ഡി.സിയിൽ ജോലി വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം തട്ടിയെടുത്തതായി പാലിയോട് സ്വദേശി നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ അന്വേഷണം പുരോഗമിക്കവെയാണ് അരുണിന്‍റെ പരാതി ലഭിച്ചത്. തമിഴ്നാട്ടിൽ താമസിക്കുന്ന സരിത എന്ന യുവതിയുടെ തിരുെനൽവേലിയിലെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം കൈമാറിയത്.
നെയ്യാറ്റിൻകരയില തൊഴിൽ തട്ടിപ്പിന് ഇരയായ യുവാവുമായുള്ള സരിതയുടേതെന്ന് കരുതുന്ന പുതിയ ശബ്ദരേഖ ഏതാനും ദിവസം മുമ്പ് പുറത്തുവന്നിരുന്നു. സി.പി.എമ്മിന് തന്നെ പേടിയാണെന്നും പിൻവാതിൽ നിയമനം പാർട്ടി ഫണ്ടിനാണെന്നും സരിത ശബ്ദരേഖയിൽ അവകാശവാദം ഉന്നയിക്കുന്നുണ്ട്.
''ഒരുവീട്ടിൽ ഒരാൾക്ക് ജോലികൊടുത്താൽ വീട്ടുകാർ മൊത്തം കൂടെനിൽക്കുമെന്ന് സി.പി.എം കരുതുന്നുണ്ട്. അതുവഴി അവർക്ക് പാർട്ടിഫണ്ട് സ്വരൂപിക്കുകയും ചെയ്യാം. എന്നെ അവർക്ക് ചെറുതായി പേടിയുണ്ട്്. അത് ഞാൻ യൂസ് ചെയ്യുകയാണ്'' -സരിത ശബ്ദരേഖയിൽ പറയുന്നു.
ആരോഗ്യകേരളം പദ്ധതിയില്‍ നാലുപേര്‍ക്ക് ജോലി നല്‍കിയെന്ന് ശബ്ദരേഖയിൽ സരിത പറഞ്ഞിരുന്നു. പരാതിക്കാരനായ അരുണുമായുള്ള സംഭാഷണമാണ് പുറത്തുവന്നത്. പിന്‍വാതില്‍ നിയമനത്തില്‍ ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാർക്കും പങ്കുണ്ടെന്നും ശബ്ദരേഖയിൽ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.