തിരുവനന്തപുരം: സീനിയോറിറ്റിയും സംഘടനയിലെ പ്രവർത്തനപാരമ്പര്യവുമടക്കം പതിവ് കീഴ്വഴക്കങ്ങൾ മാറ്റിവെച്ച് പ്രവർത്തകസമിതിയിലേക്ക് ശശി തരൂരിന് വഴി തുറന്നതോടെ കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിലുണ്ടാകുന്നത് നിർണായക കാറ്റുമാറ്റം. 85ാം പ്ലീനറി സമ്മേളനത്തിൽനിന്ന് പ്രവർത്തകസമിതി പ്രഖ്യാപനത്തിലേക്ക് മാസങ്ങളുടെ കാലദൈർഘ്യമുണ്ടായിരുന്നുവെങ്കിലും അംഗത്വകാര്യത്തിൽ തരൂരിന് ഒരുറപ്പുമുണ്ടായിരുന്നില്ല.
ഒരുവേള വിമതനീക്കമെന്നുവരെ വിശേഷിപ്പിക്കപ്പെട്ട കേരള പര്യടനവും പിന്നാലെ ‘പാർട്ടിയിൽ നിന്ന് പുറത്തേക്കെ’ന്നതടക്കം പ്രചരിച്ച വാർത്തകൾക്കും പിന്നാലെയാണ് തരൂരിന്റെ ശക്തമായ തിരിച്ചുവരവ്. കേരളത്തിൽനിന്ന് പ്രവർത്തകസമിതിയിലേക്ക് പ്രതീക്ഷിച്ചിരുന്ന മറ്റ് പേരുകളൊന്നും പട്ടികയിലില്ല എന്നതും പ്രസക്തമാണ്. ദേശീയ അധ്യക്ഷ സ്ഥാനത്തേക്കുള്ള സ്ഥാനാർഥിത്വത്തിൽ ഗ്രൂപ് ഭേദമില്ലാതെ പ്രമുഖരെല്ലാം ഒറ്റക്കെട്ടായി എതിർത്തിട്ടും മത്സരംകൊണ്ട് തരൂർ സ്വന്തമാക്കിയ താരമൂല്യം ഗ്രൂപ് രസതന്ത്രങ്ങളെയെല്ലാം അപ്രസക്തമാക്കി എന്നതും കൗതുകകരം.
വികസനകാര്യത്തിലും ചിലപ്പോൾ രാഷ്ട്രീയത്തിലുമടക്കം കേരളത്തിലെ കോൺഗ്രസ് നിലപാടുകളോട് ചേർന്ന് നിൽക്കുന്നതല്ല പലപ്പോഴും തരൂരിന്റെ സമീപനം. സിൽവർലൈൻ വിഷയത്തിലും വിമാനത്താവള സ്വകാര്യവത്കരണത്തിലും വിഴിഞ്ഞം തുറമുഖത്തിലും ഏറ്റവുമൊടുവിലെ പ്രധാനമന്ത്രിയുടെ ചെങ്കോൽ വിവാദത്തിലുമെല്ലാം വ്യത്യസ്ത അഭിപ്രായമായിരുന്നു തരൂരിന്. ഏക സിവിൽ കോഡിനെതിരെ കോൺഗ്രസ് കടുത്ത വിയോജിപ്പുയർത്തിയപ്പോഴും മറ്റൊന്നായിരുന്നു തരൂർ ലൈൻ. കേരളപര്യടനത്തിന് മുതിർന്നതിലൂടെ താനടക്കമുള്ള നേതൃത്വത്തെ വിശ്വാസത്തിലെടുക്കാതെയുള്ള നീക്കമാണ് തരൂരിന്റേതെന്ന് കരുതുന്ന വി.ഡി. സതീശന് പഴയ താൽപര്യം ഇപ്പോഴില്ല. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് കൂടുമാറാനുള്ള തരൂരിന്റെ താൽപര്യം കോൺഗ്രസ് നേതൃത്വത്തിന് ദഹിച്ചിരുന്നില്ല. ‘ഊതിയാൽ പൊട്ടുന്ന ബലൂൺ’ പരാമർശമടക്കം തുറന്നടിച്ച് പറഞ്ഞ കാര്യങ്ങളിൽ നിന്ന് സതീശൻ പിന്നോട്ടുപോയിട്ടുമില്ല.
ഇത്തരത്തിൽ ഒളിഞ്ഞും തെളിഞ്ഞും നേതാക്കളുടെ വിമർശനത്തിന് വിധേയമായയാളെയാണ് ദേശീയനേതൃത്വം ചേർത്തുനിർത്തിയിരിക്കുന്നത്. ആള്‍ക്കൂട്ടങ്ങള്‍ വോട്ടാകുന്ന കാലം കഴിഞ്ഞുവെന്നിടത്ത് തരൂരിനെ പോലെ സർവ സ്വീകാര്യനായ നേതാവിന്റെ പ്രസക്തി കൂടി നേതൃത്വം കാണുന്നു. നിഷ്പക്ഷ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കഴിയുന്ന ഉമ്മൻ ചാണ്ടിയെപോലുള്ള നേതാവിന്റെ അഭാവം പാര്‍ട്ടിയിലുള്ള സാഹചര്യത്തിൽ വിശേഷിച്ചും. പിണറായി വിജയന്റെ നേതൃത്വത്തിൽ സി.പി.എം നടത്തിയ ‘സോഷ്യൽ എൻജിനീയറിങ്ങി’നെ മറികടക്കാൻ തക്ക പാടവവും മെയ്വഴക്കവുമുള്ള നേതാക്കളുടെ അഭാവം കോൺഗ്രസിലുണ്ട്. ഈ സാധ്യത തരൂരിൽ കാണുന്നവരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.