കോഴിക്കോട്: സ്ഥാനാർഥി മൃതദേഹം തിരയുകയാണ് എന്നുകേട്ടാൽ ഞെട്ടേണ്ട. ഒളവണ്ണ പഞ്ചായത്തിലെ 18ാം വാർഡ് ഒടുമ്പ്രയിലെ യു.ഡി.എഫ് സ്ഥാനാർഥി മഠത്തിൽ അബ്ദുൽ അസീസായിരിക്കും ആ വ്യക്തി. കിണറിലും പുഴയിലും മറ്റും വീണ് മരിച്ചവരുടെ മൃതദേഹം കണ്ടെത്തി പൊലീസിനെ സഹായിക്കുകയാണ് അസീസ്. ഒളവണ്ണ പഞ്ചായത്ത് മെംബറായിരിക്കെ 1000ത്തോളം മൃതദേഹം കണ്ടെത്താൻ അസീസ് പൊലീസിനെ സഹായിച്ചിട്ടുണ്ട്. പൊലീസ്, അഗ്നിശമനസേന വിഭാഗങ്ങൾക്ക് ഏറ്റവും ഉപകാരപ്പെടുന്ന മെംബർ. പ്രചാരണത്തിനിടയിൽതന്നെ അസീസിന് നല്ലളം പൊലീസ് സ്റ്റേഷനിൽനിന്ന് വിളി വന്നിരുന്നു. റഹ്മാൻ ബസാർ കുളത്തിൽ വീണ മൃതദേഹം കണ്ടെത്താൻ സഹായിക്കാനായിരുന്നു അത്. പ്രചാരണത്തിനിറങ്ങിയ അതേ വേഷത്തിൽ മൃതദേഹം തിരയാൻ വേണ്ട ഉപകരണങ്ങളുമായി അസീസ് അവിടെയെത്തി സഹായം നൽകി.
37 വർഷമായി ഈ പ്രവർത്തനം തുടങ്ങിയിട്ട്. ഇതുവരെ 3812 മൃതദേഹങ്ങൾ കണ്ടെടുത്തു. പുഴുകുത്തിയതും ദ്രവിച്ചതും വെള്ളത്തിൽ കിടന്ന് ചീർത്തതും കൂടാതെ, സംസ്കരിച്ച മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യുന്നതിനായി കല്ലറ തുറന്ന് എടുത്തിട്ടുമുണ്ടെന്ന് അബ്ദുൽ അസീസ് പറയുന്നു. തന്നെെക്കാണ്ട് ആവുന്ന കാലത്തോളം ഇത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊലപാതകമോ അപകടമോ ആകട്ടെ മൃതദേഹം കൈകാര്യം ചെയ്യാൻ മലബാറിലെ ഏത് പൊലീസ് സ്റ്റേഷനിൽനിന്നും ആദ്യം വിളി വരുക അസീസിനാണ്. എന്ത് തിരക്കിലാണെങ്കിലും ഏത് പാതിരാത്രിയാണെങ്കിലും അസീസ് അവിടെ എത്തുമെന്ന് വിളിക്കുന്നവർക്ക് ഉറപ്പാണ്. പണ്ട്, മരത്തിലെ തോൽ ചെത്തുന്ന കൂലിത്തൊഴിലാളിയായിരുന്നു അസീസ്. പിന്നീട് കിണർ പണിക്ക് പോയി. കുറേക്കാലം ചാലിയാറിൽ മണൽ വാരലായിരുന്നു പണി. ഇതെല്ലാമാണ് അബ്ദുൽ അസീസ് എന്ന സാമൂഹിക സേവകനെ രൂപവത്കരിച്ചത്. ഏത് ഉയരത്തിൽ കയറാനും എത്ര ആഴമുള്ള കിണറ്റിലിറങ്ങാനും ഏതു കുളത്തിൽ മുങ്ങാനും അസീസിന് ഭയമില്ല. അതുകൊണ്ടുതെന്നയാണ് കിണറിലെ ഗർത്തങ്ങളിലും കുളത്തിെൻറ ആഴങ്ങളിലും മരണം വരിച്ചവരുടെ മൃതദേഹം തിരയാൻ അസീസിനെ വിളിക്കുന്നത്.
രണ്ടുവർഷം മുമ്പ് അസീസിെൻറ ഉമ്മ മരിച്ചതിെൻറ പിറ്റേ ദിവസം കോട്ടക്കൽ വെട്ടിച്ചിറ ഭാഗത്തുനിന്നാണ് സഹായം അഭ്യർഥിച്ചുള്ള വിളി വന്നത്. മുടക്കമൊന്നും പറയാതെ അസീസ് അവർക്കുവേണ്ടിയും ചെന്നു. 16 ദിവസം പഴക്കമുള്ള മൃതദേഹം കല്ലറ തുറന്ന് എടുത്തുകൊടുക്കാനായിരുന്നു ആ വിളി. എപ്പോഴും അസീസ് വിളിപ്പുറത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.