തൃശൂർ: കേരള സാഹിത്യ അക്കാദമി ലൈബ്രറിയിലും അപ്പൻ തമ്പുരാൻ സ്മാരകത്തിലും വായനയിലും നോട്ടുപുസ്തകത്തിലെ കുറിപ്പെഴുത്തിലും മുഴുകിയിരിക്കുകയാണ് 75കാരിയായ കോൺഗ്രസ് നേതാവും മുൻ എം.എൽ.എയും എം.പിയുമായ സാവിത്രി ലക്ഷ്മണൻ. ഒരു പതിറ്റാണ്ടിലേറെ സജീവ രാഷ്ട്രീയം വിട്ട് നാടക സാഹിത്യ രചനയുടെ തിരക്കിലാണ് അവർ.
1895ൽ തുടങ്ങി 1930 വരെയുള്ള 36 കൊല്ലത്തെ കേരളത്തിെൻറ നാടക ചരിത്രമെഴുത്ത് പൂർത്തിയാക്കി പുസ്തകമാക്കാനുള്ള അവസാനഘട്ടത്തിലാണ്. 1866 മുതൽ 28 വർഷക്കാലത്തെ നാടക ചരിത്രം ഇതിനകം പുസ്തകമാക്കി. സാവിത്രി ലക്ഷ്മണനിത് ചരിത്രനിയോഗമാണ്. ആദ്യം കോളജ് അധ്യാപിക. പിന്നീട് രാഷ്ട്രീയ പ്രവർത്തക. ഇപ്പോഴിതാ സാഹിത്യകാരി.
മുകുന്ദപുരം, ചാലക്കുടി മണ്ഡലങ്ങളിലായി നാലുതവണ ജനപ്രതിനിധിയായ സാവിത്രി ലക്ഷ്മണൻ 2006ലെ തെരഞ്ഞെടുപ്പ് പരാജയശേഷം ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ''ചാലക്കുടി മണ്ഡലത്തിലേക്ക് യു.ഡി.എഫ് സ്വാധീനമേഖലയായ കൊടകര കൂടി വന്നപ്പോൾ 2006ലെ തെരഞ്ഞെടുപ്പിൽ വിജയസാധ്യത ഉണ്ടായിരുന്നതാണ്. തോറ്റതിന് പിന്നിലെ കാര്യങ്ങൾ എല്ലാവർക്കും അറിയാവുന്നതാണ്. അതിലുപരി എന്നെ അറിയുന്ന വോട്ടർമാർ എന്നെ വേണ്ടെന്ന് നിശ്ചയിച്ചാൽപ്പിന്നെ ജനപ്രതിനിധി ആകുന്നതിൽ അർഥമില്ല എന്ന് തോന്നി. മാത്രമല്ല, അഞ്ചു പ്രാവശ്യം തുടർച്ചയായി മത്സരിച്ചു. ഇനി ചെറുപ്പക്കാർ വരട്ടെ എന്ന് കരുതിയാണ് തെരഞ്ഞെടുപ്പിൽ നിൽക്കില്ല എന്ന് തീരുമാനിച്ചത്'' -സാവിത്രി ലക്ഷ്മണൻ പറഞ്ഞു.
2010ൽ ഇനി സജീവരാഷ്ട്രീയത്തിലേക്കില്ല എന്ന് ഉറപ്പിച്ചിരിക്കവേയാണ് സാഹിത്യ അക്കാദമിക്കായി ഗവേഷണാത്മക പ്രബന്ധം 2500 രൂപ പ്രതിമാസ സ്റ്റൈപ്പൻഡോടെ തയാറാക്കാമെന്ന പദ്ധതി പ്രഖ്യാപിച്ചത്. അങ്ങനെ താൽപര്യമുള്ള വിഷയം കണ്ടെത്തിയതാണ് നാടക ചരിത്രം. അതിനേക്കാളുപരി എൻജിനീയറിങ് കോളജിൽനിന്ന് അധ്യാപകനായി വിരമിച്ച ഭർത്താവ് പ്രഫ. വി.കെ. ലക്ഷ്മണൻ നായർ നോവൽ എഴുതി പ്രസിദ്ധീകരിച്ച വാശിയാണ് സാഹിത്യരംഗത്തിറങ്ങാൻ ശരിക്കും പ്രചോദനമായതെന്ന് അവർ ചിരിയോടെ പറഞ്ഞു. കേരള നാടക ചരിത്രത്തിൽ നിർണായകമായ നിരവധി കണ്ടെത്തലുകളും തമസ്കരണങ്ങളും വെളിപ്പെടുത്തലുമായാണ് 1930 വരെ 36 കൊല്ലത്തെ കേരളത്തിെൻറ നാടക ചരിത്രം ഇറങ്ങാൻ പോകുന്നത്. ജനപ്രതിനിധിയും ദേവസ്വം ബോർഡ് ഉേദ്യാഗസ്ഥനുമായിരുന്ന ജി. ശങ്കരൻ പോറ്റി നവോത്ഥാന ചരിത്രത്തിലും നാടക ചരിത്രത്തിലും അവഗണിക്കപ്പെട്ടെന്ന വസ്തുത തെളിവുസഹിതം പുസ്തകത്തിൽ വെളിപ്പെടുത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.