നിറത്തിെൻറ പേരിൽ പലപ്പോഴായി പലതരം വിവേചനങ്ങൾ നേരിട്ടതായി ചലച്ചിത്ര പിന്നണി ഗായിക സയനോര ഫിലിപ്. ജോർജ് േഫ്ലായ്ഡിെൻറ മരണത്തെ തുടർന്ന് വർണവെറിക്കെതിരെ ഉയരുന്ന പ്രക്ഷോഭത്തിെൻറ പശ്ചാത്തലത്തിൽ ‘മാധ്യമ’ത്തിൽ എഴുതിയ ലേഖനത്തിലാണ് അവർ മനം തുറന്നത്. തൊലി കറുത്തതിെൻറ പേരിൽ ചെറുപ്പം മുതൽ നേരിട്ട ദുരനുഭവങ്ങൾ വിവരിക്കുന്ന ലേഖനത്തിലെ പ്രസക്ത ഭാഗങ്ങൾ:
ജീവിതത്തിൽ എെൻറ ഉള്ളു പൊള്ളിച്ച അനുഭവം സ്കൂൾ കാലത്താണ്. ഒരു പാട് ഡാൻസ് കളിക്കാൻ ആഗ്രഹിച്ച കുട്ടിയാണ് ഞാൻ. ഒരു ഗായികയായിട്ടും ഇപ്പോഴും ഞാൻ ഡാൻസാണ് ആദ്യം പറയുക. യുവജനോത്സവ മത്സരങ്ങൾക്കായി സ്കൂളിൽ സെലക്ഷൻ നടന്നപ്പോൾ ഞാനാണ് ആദ്യം പേര് കൊടുത്തത്. എെൻറ ഡാൻസ് കണ്ടിട്ട്, മാഷ് സെലക്ട് ചെയ്തു.
പിറ്റേന്ന് ടീച്ചർ വന്ന് ഞാനൊഴികെയുള്ള മറ്റ് കുട്ടികളെ ഡാൻസ് പഠിക്കാൻ വിളിച്ചോണ്ടു പോയി. ഞാൻ, ഡാൻസിെൻറ ചുമതലയുണ്ടായിരുന്നയാളോട്, മാഷ് എന്നെ സെലക്ട് ചെയ്തിരുന്നു എന്ന് പറഞ്ഞു. (ആ മാഷ് എന്നെ നോക്കുന്നുണ്ട്, ഒന്നും മിണ്ടുകയോ ചോദിക്കുകയോ ചെയ്തില്ല.). അപ്പോൾ, ‘സയനോര ബാക്കിയുള്ള കുട്ടികളെ നോക്കൂ, അവർ എന്ത് വെളുത്തിട്ടാണ്. അതുകൊണ്ടാ സയനോരയെ ഒഴിവാക്കിയത്’ എന്ന് അവർ പറഞ്ഞു. അപ്പോൾ ഞാൻ ആ മാഷിനെ ഒരിക്കൽകൂടി നോക്കി. ആ സംഭവം ‘സ്കൂൾകുട്ടി’യെ അന്ന് ഭീകരമായി മുറിവേൽപിച്ചു. എനിക്ക് ഒന്നും ഉരിയാടാനായില്ല.
ചെറിയ കുട്ടിയാണ് ഞാൻ. വീട്ടിലെത്തി ഒരുപാട് കരഞ്ഞു. ടാലൻറ് കൊണ്ട് സെലക്ട് ചെയ്യപ്പെട്ടിട്ടും കറുത്തുപോയതിെൻറ പേരിലാണ് ഒഴിവാക്കിയതെന്നു പറയുേമ്പാൾ, സഹിക്കാനാവുന്നില്ലെന്നു പറഞ്ഞ് ഞാൻ പൊട്ടിക്കരഞ്ഞു. ഇത്ര കറുത്തിട്ടാണെന്ന് അറിഞ്ഞിട്ടും മമ്മിയും ഡാഡിയും എന്നെ എന്തിനാണ് വളർത്തിയതെന്നുവരെ ഞാൻ അന്ന് ചോദിച്ചു.
ഇപ്പോൾ തിരിഞ്ഞുനോക്കുേമ്പാൾ, എന്തിനാണ് അങ്ങനെ ചിന്തിച്ചതും പറഞ്ഞതും എന്ന് ഓർക്കാറുണ്ട്. പക്ഷേ, അങ്ങനെയല്ലാതെ ചിന്തിക്കാൻ വേറെ നിർവാഹമുണ്ടായിരുന്നില്ല. എനിക്ക് ചുറ്റിലും കറുത്തവർ ആരും അഭിനന്ദിക്കപ്പെടുകയോ അഡ്രസ് ചെയ്യപ്പെടുകയോ ചെയ്യുന്നില്ല. ഇപ്പോഴാണ് മിസ് യൂനിവേഴ്സ് കിരീടം ദക്ഷിണാഫ്രിക്കയുടെ സോസിബിനി ടുന്സിയിലേക്കൊക്കെ എത്തുന്നത്. അതുവരെ സൗന്ദര്യം എന്നു പറഞ്ഞാൽ മാർബിൾ കണ്ണുകളും വെളുപ്പുമായിരുന്നു.
നിറത്തെ കളിയാക്കി നിരവധി ചോദ്യങ്ങളും അഭിമുഖീകരിച്ചിട്ടുണ്ട്. ഒരാൾ എന്നോട് ചോദിക്കുകയാണ്: ‘‘അനിയത്തി നല്ല വെളുത്തിട്ടാണല്ലോ, നിങ്ങൾക്ക് എന്താണാവോ പറ്റിയത്’’? അവിടെ കൂടിനിന്നവരെല്ലാം ചിരിച്ചു. ‘അതെന്താണെന്നോ? ആക്കാൻ വെച്ചപ്പോ, അടുപ്പത്തുനിന്ന് എടുക്കാൻ കുറച്ച് വൈകിപ്പോയി’ എന്നു ഞാൻ ചിരിച്ചുകൊണ്ട് മറുപടി നൽകി.
സ്റ്റേജ് ഷോകളിലും റിയാലിറ്റി ഷോകളിലും എന്തുകൊണ്ട് അധികം കാണുന്നില്ല?
ഓർഗാനിക്കായ, ഭംഗിയുള്ള കുട്ടികൾ കറുപ്പിലും ഉണ്ട്. അവരെ വെച്ചിട്ട് എന്താണ് ആരും ഒന്നും ചെയ്യാത്തത്? അവർ സുന്ദരികളാണ്, അവരുടെ കഴിവ് നോക്കൂ. തൊലിനിറത്തിലൊന്നുമല്ല കാര്യം. സംവിധായകൻ ഉദ്ദേശിക്കുന്ന കാര്യം ജനങ്ങളിലേക്ക് എത്തിക്കുകയാണ് വേണ്ടത്. നിങ്ങൾ ഉദ്ദേശിക്കുന്ന ഭംഗിയുടെ ഫീച്ചർ ഒന്ന് വെട്ടിച്ചുരുക്കൂ. കുറച്ചുകൂടി ആൾക്കാർക്ക് സ്പേസ് കൊടുക്കൂ. ടാലൻറിന് ഇടം കൊടുക്കൂ. അതൊന്നുമില്ലാതെ ഹാഷ്ടാഗിട്ട് നമ്മൾ ആരെയാണ് വഞ്ചിക്കുന്നത്?
എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുള്ള, എന്നാൽ, നിറത്തിെൻറ പേരിൽ കലയിൽനിന്ന്, േജാലിയിൽനിന്ന്, എന്തിന് ജീവിതത്തിൽനിന്നു പോലും പുറത്താക്കപ്പെട്ട എത്ര പേരുണ്ട്! കറുപ്പല്ലാത്ത ആർക്കും അത് മനസ്സിലാവില്ല. അതുകൊണ്ട് ഹാഷ്ടാഗിടുേമ്പാഴും ഒരു കൂട്ടം മനുഷ്യർ ഇപ്പോഴും അനീതിക്കിരയായി കൊണ്ടിരിക്കുന്നു എന്ന് ഒാർക്കണം. ജീവിതാവസാനം വരെ അവർ അത് അനുഭവിക്കേണ്ടി വരുന്നുണ്ട്. എന്തുകൊണ്ട് സ്റ്റേജ് ഷോകളിലും, റിയാലിറ്റി ഷോകളിലും എന്നെയും രശ്മി സതീശനെയും പുഷ്പാവതിയെയും നിങ്ങൾ കൂടുതലായി കാണുന്നില്ല? പാടാൻ കഴിവില്ലാത്തതു കൊണ്ടല്ലല്ലോ?
എന്നെ ബ്ലാക്കായിട്ട് കണ്ടാൽ മതി
ജോർജ് േഫ്ലായ്ഡിന് ഹാഷ്ടാഗ് ഐക്യദാർഢ്യം പ്രഖ്യാപിക്കുേമ്പാൾ, നമ്മുടെ നാട്ടിലും ഇത്തരം വലിയ കാര്യങ്ങൾ നടക്കുന്നുണ്ട് എന്ന് മറക്കരുത്. ജീവിതം കൊണ്ട് നടത്തിയ പോരാട്ടം തന്നെയാണ് എന്നെ ഇവിടെ കൊണ്ടെത്തിച്ചിരിക്കുന്നത്.
പല സ്റ്റേജിലും എന്നെ നിർബന്ധിപ്പിച്ച് മേക്അപ് ഇടീച്ചു നിർത്തിയിട്ടുണ്ട്. കൂടെയുള്ള കുട്ടി കുറച്ച് വെളുത്തിട്ടല്ലേ എന്നാണ് ചോദിക്കുക. എനിക്ക് അത്തരം പ്രശ്നമൊന്നുമില്ല, എന്നെ ബ്ലാക്കായിട്ട് കണ്ടാൽ മതിയെന്ന് പറയും. കല്യാണ ചർച്ചകളിൽ പെൺകുട്ടി കറുത്തതാണെന്നത് വലിയ കുറ്റമായി ഇപ്പോഴും ചർച്ചചെയ്യപ്പെടുന്ന നാടാണ് നമ്മുടേത്.
മെലിഞ്ഞവരും പല്ലുന്തിയവരും അവഹേളനം നേരിടുന്നു
സ്കൂളിൽ കറുത്ത കുട്ടികൾ ഡാൻസിൽ ഇടം പിടിക്കാത്തത്, ഒപ്പനയിൽ മണവാട്ടി ആകാത്തത് എന്തുകൊണ്ടാണ്? ഭംഗിയില്ലാത്തതുകൊണ്ടല്ല, കറുപ്പായതുകൊണ്ടു മാത്രമാണ്. കുട്ടികൾക്ക് ഇത്തരം ഫീലിങ്ങുണ്ടെന്ന് തിരിച്ചറിയാൻ കഴിയാത്ത ഒരു സമൂഹത്തിൽ ജീവിക്കുക വെല്ലുവിളിതന്നെയാണ്. കറുപ്പു മാത്രമല്ല, തടിച്ചവരും മെലിഞ്ഞവരും പല്ലുന്തിയവരും ഇത്തരം മാനസികമായ അവഹേളനം നേരിടുന്നുണ്ട്. ആൾക്കാരുടെ അപ്പിയറൻസ് നോക്കി മനുഷ്യന് മാർക്കിടുന്നത് എന്തിനാണ്? കളിയാക്കുന്നത് എന്തിനാണ്? എല്ലാവരും മനുഷ്യരാണ്. അതാണ് അടിസ്ഥാനം. അതുതന്നെയാണ് കറുത്തവരുടെ പോരാട്ടം നമ്മളോട് പറയുന്നതും. നിറത്തിെൻറ പേരിൽ ആരെയെങ്കിലും ആക്ഷേപിച്ചിട്ടുണ്ടോ, അത്തരം കൂട്ടത്തിൽ പങ്കു ചേർന്നിട്ടുണ്ടോ എന്ന് നമ്മൾ സ്വയം ചോദിക്കുക. തിരുത്തൽ നമ്മളിൽനിന്നുതന്നെ തുടങ്ങാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.