പട്ടികജാതി ഭവന പദ്ധതി: ഭൂവുടമകൾക്ക് പണം നൽകാൻ തീരുമാനം

കൊച്ചി: പട്ടികജാതിക്കാർക്കുള്ള ഭവനപദ്ധതിക്കായി മുൻകൂർ സ്ഥലം രജിസ്റ്റർ ചെയ്ത് നൽകിയ ഭൂവുടമകൾക്ക് പണം നൽകാൻ തീരുമാനം. സംസ്ഥാന പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന ഭവന പദ്ധതിക്കായി ഗുണഭോക്താക്കൾക്ക് സ്ഥലം രജിസ്റ്റർ ചെയ്ത് നൽകിയ ഭൂഉടമകൾക്കാണ് പണം നൽകാൻ നടപടിയായത്.ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞും പണം ലഭിക്കാത്ത ഇവരുടെ ദുരിതം കഴിഞ്ഞ ദിവസം മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് പ്രശ്നത്തിൽ വകുപ്പ് മേധാവികളുടെ ഇടപെടലുണ്ടായത്.

ബ്ലോക്ക് തലത്തിൽ പണം ലഭിക്കാനുള്ളവരുടെ ലിസ്റ്റ് തേടിയ അധികൃതർ പണം ഉടൻ അനുവദിക്കുമെന്നും ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇത്തരത്തിൽ പണം ലഭ്യമാകാനുള്ള 56 ഭൂ ഉടമകളുടെ വിവരമാണ് ലഭ്യമായതെങ്കിലും അനൗദ്യോഗികമായി ഇതിന്‍റെ ഇരട്ടി വരുമെന്നാണ് വിവരം. ലൈഫ് ലിസ്റ്റിലുൾെപ്പട്ട ഭൂരഹിതരും ഭവനരഹിതരുമായ പട്ടികജാതിക്കാർക്ക് പഞ്ചായത്ത് പരിധിയിൽ അഞ്ചു സെൻ്റ് സ്ഥലം വാങ്ങുന്നതിന് 3,75,000 രൂപയും നഗരസഭ പരിധിയിൽ മൂന്നു സെന്‍റിന് 4,50,000 രൂപയുമാണ് സർക്കാർ അനുവദിക്കുന്നത്.

അർഹരായ പട്ടികജാതി ഗുണഭോക്താക്കൾ സ്ഥലം മുൻകൂറായി തങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്ത് രേഖകൾ ഹാജരാക്കിയാലാണ് പണം നൽകൂവെന്നാണ് ചട്ടം. ഇതനുസരിച്ച് മുൻകൂറായി ഗുണഭോക്താക്കൾക്ക് സ്ഥലം രജിസ്റ്റർ ചെയ്ത് നൽകിയ ഭൂ ഉടമകൾക്കാണ് മാസങ്ങളായി പണം ലഭിക്കാതെ വലയുന്നത്. പണം ചോദിച്ച് പട്ടികജാതി വികസന ഓഫിസുകൾ കയറിയിറങ്ങുന്ന ഇവർ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടുന്നതും പതിവാണ്. മക്കളുടെ വിവാഹ - വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി സ്ഥലം വിൽപന നടത്തിയവരും ഇക്കൂട്ടത്തിലുണ്ട്. കാര്യം നടക്കാതെ വന്നതോടെ ഇവരിൽ ചിലർ പട്ടികജാതി വികസന ഓഫിസുകളിലെത്തി ആത്മഹത്യാ ഭീഷണിയും മുഴക്കിയിരുന്നു.

നിലവിൽ കോതമംഗലം ബ്ലോക്ക് - 6, കുന്നുമ്മൽ - 4, വണ്ടൂർ-1, ശ്രീകൃഷ്ണപുരം - 1, ളാലം - 4, വെട്ടിക്കവല - 3, പന്തലായനി - 1, ഉഴവൂർ - 2, തിരൂർ നഗരസഭ -2, തിരൂർ ബ്ലോക്ക് - 3, പൊന്നാനി- 1, കൊല്ലങ്കോട്-5, കോഴിക്കോട്- 1, പെരുമ്പടപ്പ് - 6, കട്ടപ്പന ബ്ലോക്ക് - 1, അങ്കമാലി ബ്ലോക്ക് - 9, കുഴൽമന്ദം - 6 എന്നിങ്ങനെയാണ് പണം നൽകാനുള്ള ഭൂ ഉടമകളുടെ ലഭ്യമായ കണക്ക്. ഇതിന് പുറമേ പാലക്കാട്, പത്തനംതിട്ട ജില്ലകളിലെ കണക്കുകളും അധികൃതർക്ക് നൽകിയിട്ടുണ്ട്. 

Tags:    
News Summary - Scheduled Caste Housing Scheme: Decision to pay land owners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.