ദലിത്, ആദിവാസി വിദ്യാർഥികൾള്ള സ്കോളർഷിപ്പ്: എസ്.സി- എസ്.ടി ഡയറക്ടറേറ്റിൽ സംഭവിക്കുന്നതെന്ത്?

കോഴിക്കോട് : പട്ടികജാതി വിദ്യാർഥികൾള്ള പോസ്റ്റ്-മെട്രിക് സ്കോളർഷിപ്പ് പദ്ധതികൾക്ക് കണക്കാക്കിയ ഗുണനോക്താക്കളുടെ എണ്ണവും യഥാർഥ ഗുണഭോക്താക്കളുടെ എണ്ണവും തമ്മിലുണ്ടായിരുന്ന വലിയ അന്തരമെന്ന് സി.എ.ജി റിപ്പോർട്ട്. സംസ്ഥാനത്തെ പട്ടികജാതി ഡയറക്ടേറ്റിലെ അപര്യാപ്തമായ ആസുത്രണമാണ് ഈ അന്തരത്തിന് കാരണമെന്നും റിപ്പോർട്ട് പറയുന്നു. മന്ത്രി ഒ.ആർ. കേളുവിന് തുടർ പ്രവർത്തനത്തിന് പാഠപുസ്തകമാവും 2017- 22 കാലത്തെ എസ്.സി - എസ്.ടി ഡയറക്ടറേറ്റിന്റെ കെടുകാര്യസ്ഥത ചൂണ്ടിക്കാണിക്കുന്ന സി.എ.ജി റിപ്പോർട്ട്.

 

സംസ്ഥാനത്തെ മുൻ മന്ത്രിമാരായ എ.കെ. ബാലനും കെ രാധാകൃഷ്ണനും വിദ്യാർഥികൾക്കുള്ള പോസ്റ്റ്-മെട്രിക് സ്കോളർഷിപ്പ് പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നതിൽ പരാജയപ്പെട്ടുവെന്നാണ്  റിപ്പോർട്ട് വ്യക്തമാക്കുന്നത്.  ഇക്കാര്യത്തിൽ രണ്ട് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ മുൻ ശിപാർശയനുസരിച്ച് ഗുണഭോക്താക്കളാകാൻ സാധ്യതയുള്ളവരെ സംബന്ധിച്ച് പഠനം നടത്തിയിട്ടില്ല. 2017-22 കാലയളവിൽ കേന്ദ്ര സർക്കാരിൽ നിന്ന് ഭരണച്ചെലവുകൾക്കുള്ള ഫണ്ട് ക്ലെയിം ചെയ്യാത്തതിനാൽ സംസ്ഥാനത്തിന് 1.96 കോടി രൂപയാണ് നഷ്ടപ്പെട്ടത്. ഇത് പട്ടിജാതി ഡയറക്ടറേറ്റിന്റെ കെടുകാര്യസ്ഥതയാണ്.

ഭിന്നശേഷിയുള്ള പട്ടികജാതി വിദ്യാർഥികൾക്ക് സ്കോളർഷിപ്പിന്റെ അനുവദനീയമായ 10 ശതമാനം അധിക തുക നൽകിയില്ല. സ്ഥാപന/ഡയറക്‌ടറേറ്റ് തലത്തിൽ സ്കോളർഷിപ്പ് അപേക്ഷ പ്രോസസ് ചെയ്യാത്തത് ഗുണഭോക്താക്കൾക്ക് സ്കോളർഷിപ്പ് നൽകാത്തതിന് കാരണമായി. സ്കോളർഷിപ്പ് വിതരണത്തിലെ കാലതാമസം കുറയ്ക്കക ഉദ്ദേശത്തോടെയാണ് ഇ-ഗ്രാൻറ്സ് പോർട്ടൽ വിഭാവനം ചെയ്തത്. എന്നാൽ, സ്കോളർഷിപ്പ് നൽകുന്നതിൽ അഞ്ച് വർഷം വരെ കാലതാമസം നേരിട്ടുവെന്നും പരിശോധനയിൽ കണ്ടെത്തി.

അക്കൗണ്ട് നമ്പർ, ഐഎഫ്എസ് കോഡ്, എന്നിവയിലെ പിഴവുകൾ, ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യൽ മുതലായ കാരണങ്ങൾ മൂലം വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് ലഭിച്ചില്ല. വിദേശ പഠനത്തിനുള്ള സ്കോളർഷിപ്പ് പദ്ധതി നടപ്പിലാക്കുന്നതിലും ബുക്ക് ബാങ്ക് പദ്ധതി നടപ്പിലാക്കുന്നതിലുമുള്ള അപാകതകൾ സംഭവിച്ചുവെന്ന് ഓഡിറ്റിൽ കണ്ടെത്തി.

ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ പഠിക്കുന്ന അർഹരായ വിദ്യാർഥികൾക്ക് വകുപ്പിന്റെ നടപടിക്രമങ്ങൾ വൈകിയതിനാൽ സ്കോളർഷിപ്പ് ലഭിച്ചില്ല. സംസ്ഥാനം ധനസഹായം നൽകുന്ന എസ്‌.സി പോസ്റ്റ്-മെട്രിക് സ്കോളർഷിപ്പുമായി ബന്ധപ്പെട്ട് ചെലവ് കണക്കുകളുടെ ഒത്തുനോക്കൽ വകുപ്പ് നടത്തിയിട്ടില്ല. സംസ്ഥാന തലത്തിലും പ്രാദേശിക തലത്തിലും പദ്ധതികളുടെ പുരോഗതി ആനുകാലികമായി അവലോകനം ചെയ്യുന്നതിനുള്ള ഫലപ്രദമായ ഒരു സംവിധാനവും നിലവിലില്ലെന്ന് റിപ്പോർട്ട് പറയുന്നു. ( തിങ്കളാഴ്ച പ്രസിദ്ധീകരിക്കുന്ന മാധ്യമം ആഴ്ചപ്പതിപ്പിൽ - ദലിത്, ആദിവാസി വിദ്യാർഥികൾക്ക് നീതി നിഷേധിക്കുന്ന വിധം)

Tags:    
News Summary - Scholarship for Scheduled Caste students: CAG says that there is a huge gap in the figures

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.