'13 ദിവസമായി, അർജുൻ എവിടെയെന്ന് അമ്മ ചോദിക്കുന്നു.. ഞങ്ങൾ എന്താണ് ഉത്തരം നൽകുക..?'; തിരച്ചിൽ നിർത്തരുതെന്ന് അർജുന്റെ സഹോദരി

തിരുവനന്തപുരം: ഷിരൂരിൽ മണ്ണിടിച്ചിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിൽ നിർത്തരുതെന്ന് സഹോദരി അഞ്ജു പറഞ്ഞു. തിരച്ചിൽ താത്കാലികമായി നിർത്താനുള്ള തീരുമാനത്തിന് പിന്നാലെ മാധ്യമപ്രവർത്തകരോടായിരുന്നു പ്രതികരണം.

കർണാടക-കേരള സർക്കാറുകളുടെ ഭാഗത്ത് നിന്നും ഇതുവരെ എല്ലാ പിന്തുണയും ലഭിച്ചിട്ടുണ്ട്. എന്നാൽ, തിരച്ചിൽ നിർത്തുവെന്ന് കേൾക്കുമ്പോൾ അത് ഉൾക്കൊള്ളാൻ ബുദ്ധുമുട്ടുണ്ടെന്നും അഞ്ജു പ്രതികരിച്ചു.

കാലാവസ്ഥ ചൂണ്ടിക്കാണിച്ച് താത്കാലികമായാണ് നിർത്തുന്നത് എന്ന് പറയുന്നുണ്ടെങ്കിലും അതിൽ ഒരു അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. എത്ര സമയത്തേക്കാണ് എന്നു വ്യക്തമല്ല. രക്ഷാപ്രവർത്തനം തുടരണമെന്നും സാങ്കേതിക വിദ്യകളുടെ പരമാവധി ഉപയോഗിച്ച് മുന്നോട്ടുപോകണമെന്നും അവർ ആവശ്യപ്പെട്ടു.

വെള്ളിയാഴ്ച ലോറി കണ്ടുവെന്ന് വാർത്തയുണ്ടായിരുന്നു. വളരെ പ്രതീക്ഷയിലായിരുന്നു ഞങ്ങൾ. എന്നാൽ ഇപ്പോൾ അതിനെ കുറിച്ചൊന്നും കേൾക്കാനേ കഴിയുന്നില്ല. ആരെയും കുറ്റപ്പെടുത്തുന്നില്ല. 13 ദിവസമായി തിരിച്ചിൽ തുടങ്ങിയിട്ട്, അർജുന് എവിടെ എന്ന് അമ്മയുടെ ചോദ്യത്തിന് നമ്മൾ എന്താണ് ഉത്തരം പറയേണ്ട്. ഇനിയും നാല് ദിവസം എങ്ങനെയാണ് ഇവിടെ നിൽക്കുകയെന്നും സഹോദരി അഞ്ജു പ്രതികരിച്ചു.

അതേസമയം, രക്ഷാദൗത്യം അവസാനിപ്പിക്കരുതെന്നും പുരോഗതി ഉണ്ടാകും വരെ തിരച്ചിൽ തുടരണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് നൽകിയ കത്തിലാണ് മുഖ്യമന്ത്രിയുടെ ആവശ്യം.

കാലാവസ്ഥ പ്രതികൂലമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഷിരൂരിലെ തിരച്ചിൽ താത്കാലികമായി അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപനമുണ്ടാകുന്നത്. ഞായറാഴ്ച വൈകിട്ട് ചേരുന്ന യോഗത്തിൽ തിരച്ചിൽ മുന്നോട്ടുകൊണ്ടുപോകുന്നത് സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്ന് കാർവാർ എം.എൽ.എ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

എന്നാൽ, തിരച്ചിൽ നിർത്താനുള്ള തീരുമാനത്തെ ചോദ്യം ചെയ്ത് മന്ത്രി മുഹമ്മദ് റിയാസ് അടക്കമുള്ള കേരളത്തിലുള്ള ജനപ്രതിനിധികൾ രംഗത്തെത്തിയിരുന്നു. രക്ഷാദൗത്യം നിർത്താനുള്ള തീരുമാനം ദൗർഭാഗ്യകരവും ഏകപക്ഷീയവുമാണെന്നാണ് മന്ത്രി റിയാസ് പറഞ്ഞത്. കേരളവുമായി ഒരുതരത്തിലുള്ള കൂടിയാലോചനയും ഇല്ലാതെയാണ് കർണാടക സർക്കാർ ഈ തീരുമാനം പ്രഖ്യാപിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

Tags:    
News Summary - Sister says not to stop searching for Arjun

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.