പത്തനംതിട്ട:ആരോഗ്യ മന്ത്രി വീണ ജോർജിന്റെ മണ്ഡലമായ പത്തനംതിട്ട ഗവ. നഴ്സിങ് കോളജിന്, ഇന്ത്യൻ നഴ്സിങ് കൗൺസിൽ അംഗീകാരം ലഭിക്കാതെ വിദ്യാർഥികളുടെ ഭാവി തുലാസിലായ സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. സംഭവത്തിൽ ആരോഗ്യമന്ത്രിയുടെ കെടുകാര്യസ്ഥതയാണെന്ന് ആരോപിച്ച് കെ.എസ്.യു ജില്ല കമ്മിറ്റി ശനിയാഴ്ച രാവിലെ പത്തനംതിട്ട കാതോലിേക്കറ്റ് കോളജ് ജങ്ഷനിലെ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന നഴ്സിങ് കോളജിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. കോളജിന് മുന്നിൽ സ്ഥാപിച്ച ബാരിക്കേഡ് മറിച്ചിടാനും മതിൽ ചാടിക്കടക്കാനും പ്രവർത്തകരുടെ ശ്രമം പൊലീസ് തടഞ്ഞു.
ഏറെനേരം പൊലീസുമായി ഉന്തുംതള്ളും നടന്നു. ഇതിനിടെ പൊലീസ് പ്രവർത്തകരെ മർദിച്ചതായി നേതാക്കൾ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ജില്ല പ്രസിഡന്റ് അലൻ ജിയോ മൈക്കിൾ അധ്യക്ഷത വഹിച്ചു.
കെ.എസ്.യു സംസ്ഥാന കൺവീനർമാരായ ആഘോഷ് വി. സുരേഷ്, ഫെന്നി നൈനാൻ, ഡി.സി.സി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാർ, അൻസർ മുഹമ്മദ്, നഹാസ് പത്തനംതിട്ട, ബി.കെ. താദാഗഥ്, ക്രിസ്റ്റോ അനിൽ കോശി, അനുഗ്രഹ മറിയം ഷിബു, ഏബൽബാബു, ക്രിസ്റ്റോ വർഗീസ് മാത്യു, അസ്ലം കെ. അനൂപ്, മുഹമ്മദ് സാദിഖ്, മെബിൻ നിരവേൽ, ജോൺ കിഴക്കേതിൽ, അഭിജിത് മുകടിയിൽ, റോഷൻ റോയ് തോമസ്, എലൈൻ മറിയം മാത്യു, ജോഷ്വ തേരകത്തിനാൽ, സുമേഷ് തുമ്പമൺ, നിതിൻ മല്ലശ്ശേരി, ജെറിൻ പെരിങ്ങന, കാർത്തിക് മുരിങ്ങമംഗലം തുടങ്ങിയവർ സംസാരിച്ചു.
പത്തനംതിട്ട: നഴ്സിങ് കോളജ് വിഷയം ചർച്ച ചെയ്യാൻ തിങ്കളാഴ്ച തിരുവനന്തപുരത്ത് അടിയന്തര യോഗം വിളിച്ച് ഡയറക്ടർ ഓഫ് മെഡിക്കൽ എജുക്കേഷൻ. യോഗത്തിൽ പി.ടി.എ ഭാരവാഹികൾ, പത്തനംതിട്ട നഴ്സിങ് കോളജ് പ്രിൻസിപ്പൽഗീതാകുമാരി എന്നിവരോട് എത്തണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. സമര പരിപാടികളിൽനിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളും ഇതിനിടെ നടക്കുന്നുണ്ട്.
പത്തനംതിട്ട: സർക്കാർ നഴ്സിങ് കോളജിന് അംഗീകാരം ഇല്ലാത്തതിൽ പ്രതിഷേധിച്ച് നഴ്സിങ് വിദ്യാർഥികൾ തിങ്കളാഴ്ച മന്ത്രി വീണ ജോർജിന്റെ പത്തനംതിട്ടയിലെ ഓഫിസിലേക്ക് മാർച്ച് നടത്തും.
ശനിയാഴ്ച പത്തനംതിട്ടയിൽ നടന്ന പി.ടി.എ യോഗത്തിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് രക്ഷിതാക്കളുടെ തീരുമാനം.
പത്തനംതിട്ട: കേരള നഴ്സിങ് കൗൺസിലിന്റെ അംഗീകാരവും കേരള ആരോഗ്യ സര്‍വകലാശലയുടെ അംഗീകാരവും പത്തനംതിട്ട നഴ്സിങ് കോളജിനുണ്ടെന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യന്‍ നഴ്സിങ് കൗണ്‍സിലിന്റെ അംഗീകാരത്തിനായി അപേക്ഷ സമര്‍പ്പിച്ചിരുന്നു. അവര്‍ ചൂണ്ടിക്കാട്ടിയ പോരായ്മകള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ബി.എസ്സി നഴ്സിങ് ആദ്യവര്‍ഷ പരീക്ഷയില്‍ പത്തനംതിട്ട ഗവ. നഴ്സിങ് കോളജ് 90 ശതമാനത്തോടെ ഉന്നത വിജയം കരസ്ഥമാക്കിയതായി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പരീക്ഷയെഴുതിയ 60 വിദ്യാർഥികളില്‍ 54 പേരും ജയിച്ചിട്ടുണ്ട്.
2023ല്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് നഴ്സിങ് കോളജ് ആരംഭിച്ചത്. ബസിനായി എം.എല്‍.എ ഫണ്ടില്‍നിന്ന് തുക അനുവദിച്ചിട്ടുണ്ട്. നഴ്സിങ് കോളജിന് സ്വന്തമായി കെട്ടിട സമുച്ചയം ഒരുക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. സംസ്ഥാനത്ത് ആറ് പുതിയ നഴ്സിങ് കോളജുകള്‍ക്കാണ് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം അനുമതി നല്‍കിയത്. അതിലാണ് പത്തനംതിട്ടയും ഉള്‍പ്പെട്ടത്. അധ്യാപകരുള്‍പ്പെടെ ജീവനക്കാരെ നിയമിച്ചാണ് കോളജ് ആരംഭിച്ചത്.
ക്ലിനിക്കല്‍ പരിശീലനത്തിനായി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സംവിധാനമൊരുക്കി. ലാബും അനുബന്ധ സംവിധാനങ്ങളുമൊരുക്കി. കൂടാതെ കഴിഞ്ഞ ബജറ്റില്‍ 25 പുതിയ നഴ്സിങ് കോളജുകള്‍ക്കായി 20 കോടി രൂപയും അനുവദിച്ചിരുന്നു.
നഴ്സിങ് മേഖലയിലെ വലിയ സാധ്യതകള്‍ മുന്നില്‍ക്കണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിയത്. ഈ സര്‍ക്കാറിന്റെ കാലത്ത് പാരിപ്പള്ളി, മഞ്ചേരി മെഡിക്കല്‍ കോളജുകളില്‍ നഴ്സിങ് കോളജുകള്‍കൂടി ആരംഭിച്ചിരുന്നു. ഈ വര്‍ഷം 1020 ബി.എസ്സി നഴ്സിങ് സീറ്റുകള്‍ വര്‍ധിപ്പിച്ചു. ട്രാന്‍സ്ജെൻഡര്‍ വ്യക്തികള്‍ക്ക് നഴ്സിങ് മേഖലയില്‍ സംവരണം അനുവദിച്ചെന്നും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പ്രസ്താവനയിൽ അറിയിച്ചു.
പത്തനംതിട്ട:കാപ്പ കേസിലെ പ്രതികൾക്ക് കൊടുക്കുന്നതിന്റെ പകുതി കരുതൽ എങ്കിലും ആരോഗ്യ മന്ത്രി വീണ ജോർജ്, നഴ്സിങ് വിദ്യാർഥികൾക്ക് നൽകണമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. വിദ്യാർഥി വിരുദ്ധ നിലപാടുകളുമായി മുൻപോട്ട് പോവുകയും വിദ്യാർഥികളെ കബളിപ്പിക്കുകയും ചെയ്ത ആരോഗ്യ മന്ത്രി സംസ്ഥാനത്തിനും വിദ്യാർഥി സമൂഹത്തിനും ബാധ്യതയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പത്തനംതിട്ട:സ്വന്തം നിയോജകമണ്ഡലത്തിലെ നഴ്സിങ് കോളജിന് അംഗീകാരം ഇല്ലാത്തത് ആരോഗ്യ മന്ത്രിയുടെ കഴിവുകേടാണെന്ന് കെ.എസ്.യു ജില്ല പ്രസിഡന്റ് അലൻ ജിയോ മൈക്കിൾ പറഞ്ഞു. യുദ്ധകാലാടിസ്ഥാനത്തിൽ സൗകര്യങ്ങൾ ഒരുക്കുകയും നഴ്സിങ് കൗൺസിൽ അംഗീകാരം ലഭിക്കൻ വേണ്ട നടപടികൾ സർക്കാർ ഭാഗത്തുനിന്ന് ഉണ്ടായില്ലെങ്കിൽ തുടർ സമരങ്ങൾ ഉണ്ടാകുമെന്ന് അലൻ പറഞ്ഞു. പൊതുജനങ്ങളെ ഉൾപ്പെടെ അണിനിരത്തി ബഹുജന സമരത്തിന് കെ.എസ്.യു നേതൃത്വം നൽകും. ലാബ്, ഹോസ്റ്റൽ സൗകര്യങ്ങൾ ഇല്ല. നഴ്സിങ് കോളജ് അംഗീകാരം ഇല്ലാത്തതിനാൽ ഇ ഗ്രാന്റ് പോലെയുള്ള സംവിധാനങ്ങൾക്ക് അപേക്ഷിക്കാൻ വിദ്യാർഥികൾക്ക് കഴിഞ്ഞിട്ടില്ല.
പത്തനംതിട്ട: പത്തനംതിട്ടയിലെ സർക്കാർ നഴ്സിങ് കോളജിന് കൂടുതൽ അടിസ്ഥാന സൗകര്യങ്ങളോടെയുള്ള കെട്ടിടം ഉടൻ ഒരുക്കണമെന്നും സ്വന്തമായി ബസ് അനുവദിക്കണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികൾ ആരംഭിക്കും.ജില്ലയിലെ സാധാരണക്കാർ ആശ്രയിക്കുന്ന ജനറൽ ആശുപത്രിയുടെ പ്രവർത്തനങ്ങളും മന്ദഗതിയിലാണ്. സംസ്ഥാനമാകെ കാണുന്ന ഭരണസ്തംഭനം ജില്ലയിലും വ്യക്തമായി കാണാൻ പറ്റുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.