കോഴിക്കോട്: സ്കൂൾ കലോത്സവത്തിന് ഓരോ തവണയും പൊലിമ കൂടുമ്പോഴും അന്തരംഗങ്ങളിൽ തിടംവെക്കുന്നത് വൻ ഉൾപ്പോരുകൾ. വിധികർത്താക്കളെ സ്വാധീനിക്കാനുള്ള ചിലരുടെ അരുതായ്മകൾ ഇപ്പോൾ പിടിവിട്ട അവസ്ഥയിലാണ്. നൃത്തയിനങ്ങളിലാണ് കുടിപ്പകയും അനാരോഗ്യകരമായ മത്സരവും ഏറെ വിളയാടുന്നത്. വിധികർത്താക്കളെ സ്വാധീനിക്കാൻ ലക്ഷങ്ങൾ മുടക്കുന്നതായ ആരോപണവും ഉയർന്നു. വേദിയിലെ പ്രകടനത്തെക്കാളുപരി മറ്റു പലതുമായി മാനദണ്ഡങ്ങൾ എന്ന അവസ്ഥയായി.
ആരോപണത്തിന് വിധേയരാകുന്ന വിധികർത്താക്കളെ പഴയ കാലത്തേതുപോലെ മാറ്റിനിർത്താൻ ശ്രമിക്കാത്തത് പരാതികൾ ഏറുന്നതിനിടയാക്കി. ആരോപണവിധേയരായ വിധികർത്താക്കളെ സ്ഥിരമായി കൊണ്ടുവരാൻ വിദ്യാഭ്യാസ വകുപ്പിലെ ചില ഉദ്യോഗസ്ഥർ ശ്രമിക്കുന്നതായും ആക്ഷേപമുണ്ട്.
ഇതിനായി ഇവർ മേലുദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച് കാര്യങ്ങൾ തരാതരം നേടിയെടുക്കുകയാണ്. കോഴ കേസിൽ ഉൾപ്പെട്ട് നടപടി നേരിടുന്നവർ പോലും വേദിയിലെ വിധികർത്താക്കളായും അപ്പീൽ കമ്മിറ്റികളിലും എത്തുകയാണത്രെ.
വിധികർത്താക്കളായി എത്തുന്ന വിവരം മുൻകൂട്ടി അറിയിച്ചാണ് ലേലംവിളികൾ നടക്കുന്നത്. ഇത്തവണത്തെ ബാൻഡ് മേളത്തിലും ഒപ്പനയിലും ശാസ്ത്രീയനൃത്ത ഇനങ്ങളിലും വരുന്ന വിധികർത്താക്കളെ മുൻകൂട്ടി അറിഞ്ഞതിനാൽ ബന്ധപ്പെട്ടവർക്ക് രേഖാമൂലം പരാതി നൽകിയിട്ടും നടപടിയെടുക്കാതെ അഴിമതിക്ക് കൂട്ടുനിന്നുവെന്നാണ് രക്ഷിതാക്കളുടെ പരാതി.
വിധികർത്താവായി എത്തുന്നയാൾ മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർഥിയുടെ ഐറ്റം നേരിൽ കണ്ട് പരിശീലനം നൽകുന്നതുവരെ എത്തി കാര്യങ്ങൾ. വിധികർത്താക്കൾ ജില്ലകൾ മാറി പരസ്പരം സഹായം ചെയ്യുന്നതിനാൽ ആർക്കും വിട്ടുനിൽക്കാനാകുന്നില്ല.
മത്സരത്തിന്റെ പേരിൽ രക്ഷിതാക്കൾ തമ്മിൽ മിണ്ടാതെയും വെറുപ്പ് പ്രകടിപ്പിക്കുകയും ചെയ്യുന്ന അവസ്ഥയായി. രക്ഷിതാക്കൾ തമ്മിലുള്ള സ്പർധ സ്കൂൾ അധികൃതരുടെ നിയന്ത്രണത്തിൽനിന്ന് വിട്ടു. ഇത് സ്കൂൾ പ്രവർത്തനത്തെ പോലും ബാധിക്കുകയാണ്. കഴിഞ്ഞദിവസം ഒരു ഉപജില്ല വിദ്യാഭ്യാസ ഓഫിസർക്ക് രക്ഷിതാക്കളുടെ പോരിൽ സ്കൂളിനെ താക്കീത് നൽകേണ്ടി വന്നു.
ബാൻഡ് മേള മത്സരഫല തർക്കത്തിൽ സിറ്റിയിലെ രണ്ട് സ്കൂളുകളെ മൂന്ന് വർഷത്തേക്ക് അയോഗ്യരാക്കിയത് വകുപ്പിനു തന്നെ നാണക്കേടായി. പരിപാടി തടസ്സപ്പെടുത്തിയവർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം. വിധികർത്താവിനെക്കുറിച്ചുള്ള പരാതി മാനിക്കാതിരുന്നതാണ് ഇതിനെല്ലാം കാരണമായത്. സാമ്പത്തികമായി പിന്നാക്കമുള്ള മികവുറ്റ പല കുട്ടികളും സ്കൂൾ തലങ്ങളിലോ സബ്ജില്ല തലങ്ങളിലോവെച്ചു ചമയങ്ങൾ അഴിച്ചുവെക്കേണ്ട അവസ്ഥയിലാണ്.
മത്സരത്തിനു ശേഷമുള്ള അപ്പീലുകളുടെയും കോടതി വ്യവഹാരങ്ങളുടെയും എണ്ണം പരിശോധിച്ചാൽ ഇത് ബോധ്യമാകും. ഒരു സബ്ജില്ലയിൽ നിന്നു മാത്രം നൂറോളം അപ്പീലുകളാണ് വരുന്നത്. കോടതി കയറുന്ന കലാപ്രകടനങ്ങളുടെ എണ്ണം ഏറുകയാണ്. അനാരോഗ്യ പ്രവണതകൾ നിയന്ത്രിച്ചില്ലെങ്കിൽ കൗമാര മാമാങ്കം വെറുപ്പിന്റെയും പകയുടെയും പാഠശാലകളായി മാറുമെന്നാണ് ആശങ്ക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.