തിരുവനന്തപുരം: പുതിയ അധ്യയനവർഷത്തിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ തുറന്നുപ്രവർത്തിപ്പിക്കാൻ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കർശന നിർദേശം. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി വിളിച്ചുചേർത്ത വിദ്യാഭ്യാസ ഓഫിസർമാരുടെ യോഗത്തിലെ തീരുമാനപ്രകാരം ഡയറക്ടർ പുറപ്പെടുവിച്ച സർക്കുലറിലാണ് നിർദേശം.
സ്കൂൾ തുറക്കുന്നതിനുമുമ്പ് തദ്ദേശസ്ഥാപനങ്ങളിൽനിന്ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങി സൂക്ഷിക്കണം. കുട്ടികൾ സഞ്ചരിക്കുന്ന വാഹനങ്ങളിലെ ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാൻ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷൻ അധികാരികളുടെ സഹായം തേടണമെന്നും നിർദേശമുണ്ട്.
സ്കൂൾ പരിസരത്ത് സ്ഥാപിച്ച പ്രചാരണ സാമഗ്രികൾ, കൊടിതോരണങ്ങൾ, ബോർഡുകൾ എന്നിവ തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നീക്കം ചെയ്യണം. ക്ലാസ് തുടങ്ങി നിശ്ചിത സമയം കഴിഞ്ഞിട്ടും കുട്ടികൾ എത്തിയില്ലെങ്കിൽ രക്ഷാകർത്താക്കളെ വിളിച്ച് വിവരം അന്വേഷിക്കണം.
കുട്ടി വീട്ടിൽനിന്ന് പുറപ്പെട്ടിട്ടുണ്ടെന്ന് ബോധ്യമായാൽ പൊലീസിനെ അറിയിക്കാൻ ക്ലാസ് ടീച്ചറെ ചുമതലപ്പെടുത്തണം. കുട്ടികളുടെ പഠനസമയത്തിന് തടസ്സം വരുന്നരീതിയിൽ പി.ടി.എ യോഗങ്ങൾ, എസ്.ആർ.ജി യോഗങ്ങൾ, സ്റ്റാഫ് മീറ്റിങ്ങുകൾ തുടങ്ങിയവ സംഘടിപ്പിക്കാതിരിക്കാനും സൽക്കാരങ്ങൾ നടത്താതിരിക്കാനും ശ്രദ്ധിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.