ശ്രീകണ്ഠപുരം (കണ്ണൂർ): വളക്കൈയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. 18 വിദ്യാർഥികളും ഡ്രൈവറും ആയയും ഉൾപ്പെടെ 20 പേർക്ക് പരിക്കേറ്റു. കുറുമാത്തൂർ ചിന്മയ സ്കൂൾ അഞ്ചാംതരം വിദ്യാർഥിനി ചെർക്കള നാഗം സ്വദേശിനി വായക്കൽ വീട്ടിൽ നേദ്യ എസ്. രജേഷാണ്(11) മരിച്ചത്. കുറുമാത്തൂർ ചിന്മയ സ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. ബുധനാഴ്ച വൈകീട്ട് നാലിനായിരുന്നു സംഭവം. കിരാത്ത് ഭാഗത്തുനിന്ന് വന്ന ബസ് വളക്കൈ സംസ്ഥാന പാതയിലേക്ക് കുത്തനെയുള്ള ഇറക്കത്തിൽവെച്ച് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ബസിൽനിന്ന് തെറിച്ചുവീണ നേദ്യ ബസിനടിയിൽപ്പെട്ടു.
ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ബസ് ഉയർത്തി നേദ്യയെയും മറ്റ് കുട്ടികളെയും പുറത്തെടുത്തു. ഉടൻ ആശുപത്രിലെത്തിച്ചെങ്കിലും നേദ്യ മരിച്ചു. സാരമായി പരിക്കേറ്റ മറ്റൊരു വിദ്യാർഥിനി കുറുമാത്തൂരിലെ ശ്രീനാലിൻ സഹാനി (12) പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ചെർക്കള നാഗത്തെ എം.പി. രാജേഷിന്റെയും സീനയുടെയും മകളാണ്. സഹോദരി: വേദ. സംസ്കാരം പിന്നീട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.