മലപ്പുറം: സ്വാതന്ത്ര്യത്തിന് മുമ്പ് പാകിസ്താനുവേണ്ടി ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആവശ്യം ഉന്നയിച്ചത് മലപ്പുറം ജില്ലയിൽ നിന്നായിരുന്നുവെന്ന് സി.പി.എമ്മിന്റെ മുതിർന്ന നേതാവും പാർട്ടിയുടെ ആദ്യ ജില്ല സെക്രട്ടറിയുമായ പാലോളി മുഹമ്മദ് കുട്ടി. സി.പി.എം ജില്ലാസമ്മേളനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച മതേതര മലപ്പുറം മുന്നോട്ട് എന്ന സ്മരണികയിലെ അഭിമുഖത്തിൽ മുസ്‍ലിം ലീഗിന് വലിയ അപ്രമാദിത്വം വരാനുണ്ടായ കാരണമെന്തെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പാലോളി.
അന്ന് മുസ്‌ലിം സമുദായത്തിലെ പ്രമാണിമാരായ ആളുകൾ ബ്രിട്ടീഷ് അനുകൂലികളായിരുന്നു. അതുകൊണ്ട് തന്നെ അവർ ഉന്നയിച്ച പാകിസ്താൻ വാദത്തിന് അനുകൂലമായ നിലപാട് ബ്രിട്ടീഷുകാരിൽ നിന്ന് ലഭിച്ചു. അന്ന് മലബാറിലെ മുസ്‍ലിം ലീഗ് പ്രവർത്തനത്തിന് നേതൃത്വം കൊടുത്തിരുന്നത് കെ.എം. സീതി സാഹിബ്, സത്താർ സേട്ട് എന്നിവരായിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്ന പക്ഷം പിന്നീട് ഭരിക്കാൻ പോകുന്നത് ഹിന്ദുക്കളാണെന്നും അവരുടെ ഭരണത്തിൽ മുസ്‍ലിംകൾക്ക് ജീവിക്കാൻ കഴിയില്ല എന്നായിരുന്നു സീതി സാഹിബ് മലപ്പുറത്ത് നടന്ന മുസ്‍ലിം ലീഗിന്റെ സമ്മേളനത്തിൽ പറഞ്ഞത്.
‘‘അന്ന് മലബാറിലെ മുസ്‍ലിം ലീഗ് പ്രവർത്തനത്തിന് നേതൃത്വം നൽകിയിരുന്നത് കെ.എം. സീതി സാഹിബ്, സത്താർ സേട്ട് എന്നിവരായിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയാൽ ഭരിക്കാൻ പോകുന്നത് ഹിന്ദുക്കളാണെന്നും അവരുടെ ഭരണത്തിൽ മുസ്‍ലിംകൾക്ക് ജീവിക്കാൻ കഴിയില്ലെന്നുമാണ് സീതി സാഹിബ് മലപ്പുറത്ത് നടന്ന മുസ്ലിം ലീഗ് സമ്മേളനത്തിൽ പറഞ്ഞത്.’’
‘‘മുസ്ലിംകൾ ഇടത്തോട്ട് മുണ്ടുടുക്കുന്നവരാണ്. ഹിന്ദുക്കളാണെങ്കിൽ വലത്തോട്ടും. മുസ്‍ലിംകൾക്ക് ചാണകം നജസ്സ് (അശുദ്ധം) ആണ്. ഹിന്ദുക്കൾക്ക് പുണ്യവും. ഇങ്ങനെ വൈരുധ്യമുള്ളവർ എങ്ങനെ ഒരുമിച്ച് ഭരണം നടത്തുമെന്ന ചോദ്യമായിരുന്നു സീതി സാഹിബിനുണ്ടായിരുന്നത്’’ -പാലോളി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.