തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ കൃത്രിമ അധ്യാപക തസ്തിക സൃഷ്ടിക്കാൻ സ്കൂൾ മാറ്റം നൽകിയത് അരലക്ഷം വിദ്യാർഥികൾക്ക്. ഇങ്ങനെ കഴിഞ്ഞ അധ്യയനവർഷം സ്കൂൾ മാറ്റി വിടുതൽ വാങ്ങിയ അരലക്ഷം വിദ്യാർഥികളിൽ 17500 പേരെ കാണാനില്ല. ഇവർ മറ്റ് സ്കൂളുകളിൽ പ്രവേശനം നേടിയിട്ടില്ല. ഇൗ വിദ്യാർഥികൾ എവിടെയെന്ന് വിദ്യാഭ്യാസവകുപ്പിന് കണ്ടെത്താനുമായിട്ടില്ല.
വിദ്യാർഥി പ്രവേശനവും തസ്തിക നിർണയവും പൂർണമായും ആധാർ അധിഷ്ഠിതമായതോടെ കുട്ടികളുടെ കള്ളക്കണക്കിൽ തസ്തിക സൃഷ്ടിക്കുന്നത് ഒരു പരിധിവരെ തടഞ്ഞിരുന്നു. ഇതോടെ തസ്തിക നിർണയത്തിന് ചില മാനേജ്മെൻറുകൾ പുതിയ വഴി തുറക്കുകയായിരുന്നു. വിദ്യാർഥി പ്രവേശനവും ടി.സി നൽകുന്നതും വിദ്യാഭ്യാസവകുപ്പിെൻറ 'സമ്പൂർണ' സോഫ്റ്റ്വെയർ വഴിയാണ്. സമ്പൂർണയിലെ പരിശോധനയിലാണ് ആറാം പ്രവൃത്തി ദിനത്തിന് പിന്നാലെ അരലക്ഷം പേർക്ക് ടി.സി നൽകിയതായി കണ്ടെത്തിയത്. ഇതിൽ 32,000 പേർ മറ്റ് സ്കൂളുകളിൽ പ്രവേശനം നേടി. 17459 പേർ 'അപ്രത്യക്ഷരായി'. ടി.സി നൽകിയവരിൽ 30000 പേർക്ക് മാത്രമാണ് ശരിയായ ആധാറുള്ളതെന്നും കണ്ടെത്തി.17319 പേർക്ക് വ്യാജ ആധാറും 2236 പേർ ആധാർ ഇല്ലാത്തവരാണെന്നും കണ്ടെത്തി.
സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഇല്ലാത്ത കുട്ടികളെ രേഖയിൽ ചേർത്ത് തസ്തിക സൃഷ്ടിക്കുകയും നിലനിർത്തുകയും ചെയ്യുന്ന പ്രവണത തുടരുന്നുണ്ട്.
കഴിഞ്ഞ അധ്യയനവർഷം പ്രവേശനം നേടിയ വിദ്യാർഥികളുടെ ആധാർ പരിശോധിച്ചതിൽ 46147 എണ്ണം വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. 91860 എണ്ണം ശരിയായതാണോ എന്ന് കണ്ടെത്താനാകാത്തതാണ്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കീഴിലുള്ള സൂപ്പർ ചെക്ക് സെൽ എല്ലാവർഷവും സംശയമുള്ള സ്കൂളുകളിൽ പരിശോധിച്ച് തട്ടിപ്പ് പിടികൂടാറുണ്ട്.
തസ്തിക റദ്ദാക്കുകയും സർക്കാറിനുണ്ടായ സാമ്പത്തിക ബാധ്യത ഹെഡ്മാസ്റ്റർ, അധ്യാപകൻ തുടങ്ങിയവരിൽ ചുമത്തുകയുമാണ് ചെയ്യുന്നത്. തിരുവനന്തപുരം പൊഴിയൂരിൽ സർക്കാർ സ്കൂളിൽവരെ ഇല്ലാത്ത കുട്ടികളുടെ േപരിൽ കഴിഞ്ഞവർഷം നാല് തസ്തിക നിലനിർത്തിയതായി കണ്ടെത്തിയിരുന്നു. ഏതാനും വർഷം മുമ്പ് തിരുവനന്തപുരം കട്ടച്ചൽകുഴിയിലെ എയ്ഡഡ് സ്കൂളിൽ നടത്തിയ പരിശോധനയിൽ തട്ടിപ്പ് കണ്ടെത്തി 20ഒാളം അധ്യാപകരെ സസ്പെൻഡ് ചെയ്തിരുന്നു.
സ്കൂളുകൾക്കിടയിലെ ധാരണയിലാണ് ടി.സി നൽകി തട്ടിപ്പ്. ചുരുക്കം വിദ്യാർഥികളുടെ എണ്ണക്കുറവിൽ തസ്തിക നഷ്ടപ്പെടുകയോ പുതിയ തസ്തിക സൃഷ്ടിക്കാനോ കഴിയാത്ത സ്കൂളുകളാണ് തട്ടിപ്പ് വഴി അന്വേഷിക്കുന്നത്. കൂടുതൽ കുട്ടികളുള്ള സ്കൂളുകൾ, അൺ എയ്ഡഡ് സ്കൂളുകൾ, സി.ബി.എസ്.ഇ സ്കൂളുകൾ എന്നിവിടങ്ങളിൽനിന്ന് ധാരണപ്രകാരം ആറാം പ്രവൃത്തി ദിനം വരെ കുട്ടികളെ തസ്തിക ആവശ്യമുള്ള സ്കൂളുകളിലേക്ക് മാറ്റും. തസ്തിക നിർണയം പൂർത്തിയാകുന്നതോടെ ഇൗ വിദ്യാർഥികൾക്ക് ടി.സി നൽകി പഴയ സ്കൂളുകളിേലക്ക് മാറ്റും. ടി.സി അനുവദിക്കുന്നതും സമ്പൂർണ വഴിയായതിനാൽ വിടുതൽ വാങ്ങിയ വിദ്യാർഥികൾ എവിടെ പോയെന്ന് കണ്ടെത്താനാകും. സർക്കാർ, എയ്ഡഡ്, അംഗീകാരമുള്ള അൺഎയ്ഡഡ് സ്കൂളുകൾ എന്നിവയാണ് സമ്പൂർണ പരിധിയിൽ വരുന്നത്. സി.ബി.എസ്.ഇ സ്കൂളുകൾ, അംഗീകാരമില്ലാത്ത സ്കൂളുകൾ എന്നിവയുമായുള്ള വിദ്യാർഥി കൈമാറ്റം കണ്ടെത്താൻ നിലവിൽ സംവിധാനമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.