തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഈ വർഷത്തെ ആദ്യ ഗഡു കേന്ദ്രത്തിൽ നിന്ന് നേടിയെടുക്കാൻ 2021-22 അധ്യയന വർഷം അവസാനപാദത്തിൽ ചെലവഴിച്ച 209.68 കോടി രൂപ ധനവകുപ്പ് വീണ്ടും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിൾ നോഡൽ അക്കൗണ്ടിൽ നിക്ഷേപിക്കുന്നു. 2023-24 അധ്യയന വർഷത്തിലെ ആദ്യ ഗഡു വിഹിതം കേന്ദ്രസർക്കാർ തടഞ്ഞുവെച്ച സാഹചര്യത്തിലാണ് ഇത്. നേരത്തേ സംസ്ഥാനം ചെലവഴിച്ച തുകയാണ് വീണ്ടും അക്കൗണ്ടിൽ നിക്ഷേപിച്ചതായി കാണിക്കുന്നത്. പ്രതിസന്ധി വിദ്യാഭ്യാസ വകുപ്പ് ശ്രദ്ധയിൽപെടുത്തിയതോടെ ധനമന്ത്രി അനുമതി നൽകുകയായിരുന്നു.
2021-22ലെ അവസാന പാദത്തിലെ വിഹിതമായ 132.9 കോടി രൂപ സമയത്ത് അനുവദിക്കാൻ കേന്ദ്രസർക്കാർ തയാറായിരുന്നില്ല. പലതവണ കത്തെഴുതിയിട്ടും വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നേരിട്ട് ഡൽഹിയിലെത്തി കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനെ കണ്ടിട്ടും തുക അനുവദിക്കാൻ വൈകി.
ഇതോടെ, ഉച്ചഭക്ഷണ പദ്ധതിയിലെ പ്രതിസന്ധി തീർക്കാൻ സ്വന്തം നിലക്ക് തുകയെടുത്ത് സംസ്ഥാനം വിനിയോഗിച്ചു. കേന്ദ്രവിഹിതം ലഭിക്കുന്ന മുറക്ക് ഇത് ധനവകുപ്പിന് തിരികെ നൽകാമെന്ന വ്യവസ്ഥയിലായിരുന്നു ഇത്. കേന്ദ്രവിഹിതം 2022 മാർച്ച് 30നാണ് അനുവദിച്ചത്. ലഭിച്ച തുക ധനവകുപ്പ് തിരിച്ചെടുക്കുകയും ചെയ്തു. എന്നാൽ, കേന്ദ്രം അനുവദിച്ച തുക ഉച്ചഭക്ഷണ പദ്ധതിക്കുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിൾ നോഡൽ അക്കൗണ്ടിലെത്തിയില്ലെന്ന കാരണം പറഞ്ഞാണ് ഇപ്പോൾ തുക തടഞ്ഞത്.
തുക ചെലവഴിച്ചതിന്റെ വിനിയോഗപത്രം ധനവകുപ്പ് നൽകിയിട്ടും കേന്ദ്രം അംഗീകരിച്ചില്ല. ഇക്കാര്യം വിദ്യാഭ്യാസമന്ത്രി ധനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയതോടെയാണ് 132.9 കോടി രൂപയും അതിന്റെ ആനുപാതിക സംസ്ഥാന വിഹിതവും ചേർത്ത് 209.68 കോടി രൂപ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിൾ നോഡൽ അക്കൗണ്ടിലേക്ക് കൈമാറാൻ ധനവകുപ്പ് തീരുമാനിച്ചത്. തുക നോഡൽ അക്കൗണ്ടിലെത്തിയോയെന്ന് പി.എഫ്.എം.എസിലൂടെ (പബ്ലിക് ഫിനാൻഷ്യൽ മാനേജ്മെന്റ് സിസ്റ്റം) കേന്ദ്രസർക്കാറിന് പരിശോധിക്കാം. ഇതിനുശേഷം ഈ വർഷത്തെ കുടിശ്ശിക നൽകാമെന്നാണ് കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് നൽകിയ ഉറപ്പ്. വീണ്ടും കാലതാമസം നേരിട്ടാൽ, കേന്ദ്രവിഹിതത്തിന് കാത്തുനിൽക്കാതെ സംസ്ഥാന വിഹിതമായ 97.89 കോടി രൂപ അനുവദിക്കാനുള്ള സാധ്യത തേടുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
തിരുവനന്തപുരം: ഉച്ചഭക്ഷണ പദ്ധതി ഫണ്ട് വിതരണത്തിലെ പ്രതിസന്ധിക്ക് കാരണം കേന്ദ്രത്തിന്റെ വീഴ്ചയെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പദ്ധതിയിൽ പി.എഫ്.എം.എസ് (പബ്ലിക് ഫിനാൻഷ്യൽ മാനേജ്മെന്റ് സിസ്റ്റം) നിർബന്ധമാക്കിയ 2021-22 വർഷം മുതൽ സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട കേന്ദ്രവിഹിതം അനുവദിക്കുന്നതിൽ വലിയ കാലതാമസമാണ് വരുത്തിയത്. സാമ്പത്തിക വർഷത്തിന്റെ പകുതി അവസാനിക്കാറാകുമ്പോഴും, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമുള്ള ആദ്യ ഗഡു കേന്ദ്രവിഹിതം (60 ശതമാനം തുക) റിലീസ് ചെയ്യാൻ കേന്ദ്രസർക്കാർ തയാറായിട്ടില്ലെന്നും ഇതുവരെ, മധ്യപ്രദേശിന് മാത്രമാണ് തുക അനുവദിച്ചതെന്നും (156.58 കോടി രൂപ) മന്ത്രി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.