തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികളുടെ വിനോദയാത്രകളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ കൂടി ഉൾപ്പെടുത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം. ഇതിനാവശ്യമായി വരുന്ന അധിക സാമ്പത്തിക ബാധ്യത സ്കൂൾ പി.ടി.എ കമ്മിറ്റികൾ കണ്ടെത്തണമെന്നും ഇത് സംബന്ധിച്ച സർക്കുലറിൽ നിർദേശിച്ചിട്ടുണ്ട്.
സ്കൂളുകളുടെ വിനോദയാത്രകൾ പഠനത്തിന് കൂടി ഉപകാരപ്പെടുന്നതിനാൽ മുഴുവൻ വിദ്യാർഥികൾക്കും അവസരം ഉറപ്പാക്കണം. മുഴുവൻ ജില്ല/ ഉപജില്ല വിദ്യാഭ്യാസ ഒാഫിസർമാരും ഇതു സംബന്ധിച്ച നിർദേശം പ്രഥമാധ്യാപകർക്ക് നൽകണമെന്നും ഡയറക്ടർ നിർദേശിച്ചു. ഇതു സംബന്ധിച്ച റിപ്പോർട്ട് 15 ദിവസത്തിനകം ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് നൽകണം. ലഭിക്കുന്ന റിപ്പോർട്ട് ക്രോഡീകരിച്ച് ഉപഡയറക്ടർമാർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിക്കുകയും വേണം.
നിർധന വിദ്യാർഥികൾക്ക് വിനോദയാത്രകളിൽ പങ്കാളികളാകാൻ കഴിയാത്തത് സംബന്ധിച്ച് േനരത്തേ ബാലാവകാശ കമീഷൻ മുമ്പാകെ പരിഗണനക്ക് വന്നിരുന്നു.
കമീഷൻ ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കത്ത് നൽകിയിരുന്നു. ഇത് കൂടി പരിഗണിച്ചാണ് പുതിയ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.