മദ്യപിച്ച് വാഹനമോടിച്ച് സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചിട്ടു; നടൻ ബൈജുവിനെതിരെ കേസ്

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിക്കുകയും സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചുവീഴ്ത്തുകയും ചെയ്തതിന് നടൻ ബൈജു സന്തോഷിനെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തു. വെള്ളയമ്പലത്ത് ഞായറാഴ്ച രാത്രി 11.45ഓടെയാണ് സംഭവം. വൈദ്യപരിശോധനക്കായി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ത സാമ്പിൾ നൽകാൻ ബൈജു തയാറായില്ല. പിന്നീട് മദ്യത്തിന്‍റെ ഗന്ധമുണ്ടെന്നും മദ്യപിച്ചതായി ലക്ഷണമുണ്ടെന്നും ഡോക്ടർ നൽകി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

ശാസ്തമംഗലം ഭാഗത്തുനിന്ന് കാറോടിച്ച് എത്തിയ ബൈജു, കവടിയാർ ഭാഗത്തുനിന്ന് വരികയായിരുന്ന സ്കൂട്ടർ യാത്രക്കാരനെയാണ് ഇടിച്ചിട്ടത്. റോഡ് പണി നടക്കുന്നതായുള്ള അറിയിപ്പ് ബോർഡ് കണ്ടയുടൻ കാർ വെട്ടിച്ചപ്പോൾ അപകടമുണ്ടായെന്നാണ് സൂചന. നിയന്ത്രണംവിട്ട കാർ സമീപത്തെ സിഗ്നൽ പോസ്റ്റിൽ ഇടിക്കുകയും ചെയ്തു. ഇതിനു പിന്നാലെ സംഭവ സ്ഥലത്തേക്ക് പൊലീസ് എത്തുകയായിരുന്നു. പരിക്കേറ്റയാളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈജുവിനൊപ്പം മകളും വാഹനത്തിൽ ഉണ്ടായിരുന്നു എന്നാണ് വിവരം. ഇരുവരെയും മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

വണ്ടിയാവുമ്പോള്‍ തട്ടും, ഇതിലൊന്നും താന്‍ പേടിക്കാന്‍ പോകുന്നില്ലെന്നാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ച മാധ്യമ പ്രവർത്തകനോട് ബൈജു പ്രതികരിച്ചത്. പരിക്കേറ്റയാൾ പരാതി നൽകാത്തതിനാൽ ബൈജുവിനെ രാത്രിതന്നെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. അമിത വേഗത്തിൽ കാറോടിച്ചതിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 279-ാം വകുപ്പ് പ്രകാരവും മദ്യപിച്ച് വാഹനമോടിച്ചതിന് മോട്ടോർ വാഹന നിയമത്തിലെ 185-ാം വകുപ്പ് പ്രകാരവുമാണ് ബൈജുവിനെതിരെ കേസ് ചുമത്തിയത്. 

Tags:    
News Summary - Scooter passenger hit by drunken driving; Case against actor Baiju

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.