കണ്ണൂർ: മിന്നൽ ഹർത്താലിന്റെ പേരിൽ പോപുലർ ഫ്രണ്ട് പ്രവർത്തകരുടെ സ്വത്ത് ജപ്തി ചെയ്തതിനെതിരെ എസ്.ഡി.പി.ഐ. തങ്ങളുടെ പ്രവർത്തകർ ജീവിച്ചിരിക്കുന്ന കാലത്തോളം ഈ ജപ്തിയുടെ പേരിൽ ഒരാളും വഴിയാധാരമാകില്ലെന്ന് പാർട്ടി ദേശീയ പ്രസിഡൻറ് എം.കെ. ഫൈസി പറഞ്ഞു. കണ്ണൂരിൽ എസ്.ഡി.പി.ഐ സംവരണ സമര പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജപ്തിയുടെ പേരിൽ ആരെങ്കിലും വഴിയാധാരമാകുന്നത് കണ്ട് ഏതെങ്കിലും പ്രമാണിക്ക് ചിരിക്കാനുള്ള അവസരം എസ്.ഡി.പി.ഐ ഒരുക്കില്ല. പോപുലർ ഫ്രണ്ടിനെതിരെ നടന്ന ജപ്തി നടപടികൾ കാണുമ്പോൾ കേരളത്തിൽ ആദ്യമായി ഹർത്താൽ നടന്ന പ്രതീതിയാണ് തോന്നുന്നത്. വിവേചനപരമെന്ന് ഏതൊരാൾക്കും തോന്നുന്ന വിധി വന്നപ്പോൾ അത് ചോദ്യം ചെയ്യേണ്ട സർക്കാർ, പകരം കേരളമൊട്ടാകെ ഒരു വിഭാഗത്തിന്റെ വീടും സ്ഥലവും ജപ്തി ചെയ്യുകയാണ്. എൻ.ആർ.സി നടപ്പാക്കാൻ കേന്ദ്രം വരുമ്പോൾ നിങ്ങളെ സഹായിക്കാൻ വരുമെന്ന് പ്രതീക്ഷിക്കുന്നത് കേരളത്തിലെ ഈ സർക്കാറിനെയാണോ? ഒരുസഹായത്തിനും ഇവർ എത്തില്ല. ആരോ കൊടുത്ത ലിസ്റ്റ് പ്രകാരമാണ് ജപ്തി ചെയ്യുന്നത്. ഇതിന്റെ മാനദണ്ഡമെന്താണ്? വിധിയിലെ വിവേചനത്തെക്കുറിച്ച് ചോദിക്കുമ്പോൾ ബോധ്യപ്പെടുന്ന രീതിയിൽ മറുപടി പറയാൻ ഒരാളും തയാറാകുന്നില്ല -അദ്ദേഹം പറഞ്ഞു.
എല്ലാവരോടും ഒരുപോലെയാണ് ഈ നിയമം നടപ്പാക്കുന്നത് എങ്കിൽ അംഗീകരിക്കാം. എന്നാൽ, ഇത് ഇവിടെ തുടങ്ങി ഇവിടെ തന്നെ അവസാനിപ്പിക്കാനാണ് തീരുമാനമെങ്കിൽ അത് വിവേചനപരമാണ്. ഒരുനിയമം നടപ്പാക്കുമ്പോൾ ഒരേ സ്വഭാവത്തിലുള്ള മറ്റുവിഷയങ്ങളിലും നടപ്പാക്കേണ്ടേ? ഹർത്താൽ പ്രഖ്യാപിച്ച പോപുലർഫ്രണ്ടുകാരനും അവൻ കല്യാണം കഴിച്ചവരും കല്യാണത്തിന് പോയവരും ജപ്തി നടപടി നേരിട്ടവരുടെ ലിസ്റ്റിലുണ്ട്. ഈ ജപ്തിയുടെ പേരിൽ ആരും വഴിയാധാരമാകില്ല -ഫൈസി വ്യക്തമാക്കി.
പോപുലർ ഫ്രണ്ടിനെ നിരോധിക്കുന്നതിന് മുന്നോടിയായി രാജ്യവ്യാപകമായി റെയ്‌ഡ് നടത്തി ഭാരവാഹികളെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് സെപ്റ്റംബർ 23 നാണ് സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്തത്. ഹർത്താലിലെ അക്രമസംഭവങ്ങളിലുണ്ടായ 5.20 കോടി രൂപയുടെ നഷ്ടം ഈടാക്കാൻ വിവിധ ജില്ലകളിലായി സംഘടനയുടെയും ഭാരവാഹികളുടെയുമടക്കം ആകെ 209 പേരുടെ 248 സ്വത്തുക്കളാണ് ജപ്തി ചെയ്തത്. ഇതുസംബന്ധിച്ച് ആഭ്യന്തര വകുപ്പ് അഡീ. ചീഫ് സെക്രട്ടറി ഡി. സരിത ഹൈകോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. മലപ്പുറം ജില്ലയിൽനിന്നാണ് ഏറ്റവുമധികം സ്വത്ത് ജപ്തി ചെയ്തത്. ജപ്തി ചെയ്ത സ്വത്തിന്‍റെ ജില്ല തിരിച്ചുള്ള എണ്ണം: തിരുവനന്തപുരം -5, കൊല്ലം -1, പത്തനംതിട്ട -6, ആലപ്പുഴ -5, കോട്ടയം -5, ഇടുക്കി -6, എറണാകുളം -6, തൃശൂർ -18, പാലക്കാട് -23, മലപ്പുറം -126, കോഴിക്കോട് -22, വയനാട് -11, കണ്ണൂർ -8, കാസർകോട് -6.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.