പാവറട്ടി: പാവറട്ടി പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച യു.ഡി.എഫ് സ്ഥാനാർഥി കോൺഗ്രസിലെ വിമല സേതുമാധവൻ സത്യപ്രതിജ്ഞക്ക് പിന്നാലെ രാജിവെച്ചു. എസ്.ഡി.പി.ഐ അംഗങ്ങളുടെ വോട്ട് ലഭിച്ച സാഹചര്യത്തിലാണ് രാജി. 14 അംഗ ഭരണസമിതിയിൽ ഏഴ് വോട്ടാണ് വിമലക്ക് ലഭിച്ചത്. ഇതിൽ രണ്ട് വോട്ട് എസ്.ഡി.പി.ഐ അംഗങ്ങളുടേതാണ്. സ്വതന്ത്രയായി വിജയിച്ച് ഇടതിനൊപ്പം നിൽക്കുന്ന സ്വതന്ത്ര സ്ഥാനാർഥിയുടേതടക്കം ആറ് വോട്ട് എൽ.ഡി.എഫിന് ലഭിച്ചു. ബി.ജെ.പി അംഗം തെരെഞ്ഞടുപ്പിൽനിന്ന് വിട്ടുനിന്നു. പി.ഡബ്ല്യു.ഡി അസി. എൻജിനീയർ എ.കെ. നവീൻ വരണാധികാരിയായിരുന്നു. എസ്.ഡി.പി.ഐയുമായും ബി.ജെ.പിയുമായും കൂട്ടുകൂടില്ലെന്ന കോൺഗ്രസ് നയത്തിന്റെ ഭാഗമായാണ് പ്രസിഡന്റ് രാജിവെച്ചതെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. കോൺഗ്രസിൽ വിള്ളലുണ്ടാക്കുകയെന്ന എസ്.ഡി.പി.ഐയുടെ ഗൂഢനീക്കം രാജിയോടെ തകർന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
പ്രസിഡന്റായിരുന്ന സിന്ധു കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യയാക്കപ്പെട്ടതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. ഒന്നാം വാർഡിൽനിന്ന് കോൺഗ്രസ് സ്വതന്ത്രയായി ജയിച്ച സിന്ധു കൂറുമാറി ഇടതുപക്ഷത്തിനൊപ്പം ചേർന്ന് പ്രസിഡന്റാകുകയായിരുന്നു.
ഇതിനെതിരെ വിമല സേതുമാധവൻ പരാതി നൽകിയതിനെ തുടർന്ന് തെരഞ്ഞെടുപ്പ് കമീഷൻ സിന്ധുവിനെ അയോഗ്യയാക്കി. വിധിക്കെതിരെ സിന്ധു ഹൈകോടതിയിൽ അപ്പീൽ നൽകിയെങ്കിലും തെരഞ്ഞെടുപ്പ് കമീഷന്റെ വിധി കോടതി ശരിവെക്കുകയായിരുന്നു. ഇപ്പോഴുള്ള 14 അംഗങ്ങളിൽ അഞ്ച് വീതം യു.ഡി.എഫ്, എൽ.ഡി.എഫ്, ഒരു സ്വതന്ത്ര, രണ്ട് എസ്.ഡി.പി.ഐ, ഒരു ബി.ജെ.പി എന്നിങ്ങനെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.