തിരുവനന്തപുരം: വൈസ് ചാൻസലർ നിയമനത്തിൽ ഉൾപ്പെടെ ചാൻസലറായ ഗവർണറുടെ അധികാരം കവരാനുള്ള ഓർഡിനൻസ് നീക്കത്തോട് രാജ്ഭവൻ പ്രതികരണത്തിൽ ഞെട്ടി സർക്കാർ.
അടുത്ത മന്ത്രിസഭ യോഗത്തിൽ ഓർഡിനൻസ് കൊണ്ടുവരാനിരിക്കെ സർക്കാർ നടത്തിയ നീക്കമാണ് ഗവർണറെ ചൊടിപ്പിച്ചത്. സെർച്ച് കമ്മിറ്റിയിലേക്കുള്ള സർവകലാശാല പ്രതിനിധിയായി ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി.കെ. രാമചന്ദ്രനെ കേരള സർവകലാശാല സെനറ്റ് ജൂലൈ 15ന് തെരഞ്ഞെടുത്തിരുന്നു. എന്നാൽ, വ്യാഴാഴ്ച മാത്രമാണ് ഇക്കാര്യം സർവകലാശാല രാജ്ഭവനെ അറിയിച്ചത്. പിന്നാലെ ചുമതല ഒഴിഞ്ഞ് ഡോ. രാമചന്ദ്രൻ ഗവർണർക്ക് കത്ത് നൽകി. ഓർഡിനൻസ് വരുന്ന സാഹചര്യത്തിൽ സെർച്ച് കമ്മിറ്റി രൂപവത്കരണം വൈകിപ്പിക്കൽ ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം. ഇതോടെ വെള്ളിയാഴ്ചതന്നെ രാജ്ഭവൻ യു.ജി.സി പ്രതിനിധിയെ ആവശ്യപ്പെട്ട് വാങ്ങുകയും ചാൻസലറുടെ പ്രതിനിധിയെ നിശ്ചയിച്ചും സെർച്ച് കമ്മിറ്റി രൂപവത്കരിക്കുകയായിരുന്നു.
സാധാരണ സർക്കാറുമായി ആലോചിച്ചാണ് ചാൻസലറുടെ പ്രതിനിധിയെ ഉൾപ്പെടുത്താറ്. അതിന് തയാറാകാതെ രാജ്ഭവൻതന്നെ ചാൻസലറുടെ പ്രതിനിധിയെ നിശ്ചയിച്ചു. ഡോ. രാമചന്ദ്രൻ ഒഴിവായതിന് പകരം സർവകലാശാല പ്രതിനിധിയുടെ പേര് ലഭിക്കും മുമ്പുതന്നെ രാജ്ഭവൻ സെർച്ച് കമ്മിറ്റി രൂപവത്കരിക്കുന്നതും അസാധാരണ നടപടിക്രമമാണ്.
പുതിയ പ്രതിനിധിയെ തെരഞ്ഞെടുക്കാൻ പ്രത്യേക സെനറ്റ് യോഗം ചേരാൻ 20 ദിവസം സർവകലാശാല ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ ഓർഡിനൻസ് കൊണ്ടുവരാനായിരുന്നു സർക്കാർ നീക്കം. 2018ലെ യു.ജി.സി റെഗുലേഷൻ 7.3 വകുപ്പിലെ I, II വ്യവസ്ഥകൾ പ്രകാരമാകണം വി.സി നിയമന നടപടികളെന്ന് വ്യക്തമാക്കിയാണ് സെർച്ച് കമ്മിറ്റി രൂപവത്കരിച്ചുള്ള വിജ്ഞാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.