കൊച്ചി: രണ്ടാം ഡോസ് കോവിഷീൽഡ് വാക്സിൻ നാലാഴ്ച കഴിഞ്ഞ് ലഭ്യമാകുംവിധം കോവിൻ പോർട്ടലിൽ മാറ്റം വരുത്തണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യാതെ ഡിവിഷൻ ബെഞ്ച്.
സ്റ്റേ ചെയ്യണമെന്ന കേന്ദ്രസർക്കാർ ആവശ്യം തള്ളിയ ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഹരജി വിശദവാദത്തിന് മാറ്റി. ആദ്യ ഡോസെടുത്ത 12,000ത്തോളം തൊഴിലാളികൾക്ക് 45 ദിവസത്തിനുശേഷം രണ്ടാം ഡോസ് നൽകാൻ അനുമതി തേടി കിറ്റെക്സ് കമ്പനി നൽകിയ ഹരജിയിലാണ് നേരേത്ത സിംഗിൾ ബെഞ്ച് ഉത്തരവുണ്ടായത്. ജീവനക്കാർക്ക് വാക്സിൻ നൽകിയത് സംബന്ധിച്ച വിശദാംശം ഹാജരാക്കാൻ നിർദേശം നൽകി.
കിറ്റെക്സ് ജീവനക്കാർ ആദ്യ ഡോസ് വാക്സിനെടുത്ത് 84 ദിവസം കഴിഞ്ഞ സാഹചര്യത്തിൽ ഹരജിക്കാരുടെ ആവശ്യത്തിൽ കഴമ്പില്ലെന്ന് കേന്ദ്രസർക്കാർ വാദിച്ചു. വാക്സിൻ ഇടവേള നിശ്ചയിച്ചത് ശാസ്ത്രീയമായാണ്. സിംഗിൾ ബെഞ്ച് ഉത്തരവുമൂലം ദേശീയ തലത്തിൽ വാക്സിൻ നയം മാറ്റേണ്ട സാഹചര്യമാണ് ഉണ്ടായത്. എന്നാൽ, കേന്ദ്രസർക്കാർ ഇതുവരെ സിംഗിൾ ബെഞ്ച് ഉത്തരവ് നടപ്പാക്കിയിട്ടില്ലെന്ന് കമ്പനി അഭിഭാഷകൻ അറിയിച്ചു. തുടർന്നാണ് ഹരജി വിശദ വാദത്തിന് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.