സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴി ഇ.ഡിക്ക് കൈമാറി

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴി ഇ.ഡിക്ക് കൈമാറി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ നിർദേശപ്രകാരമാണ് രഹസ്യമൊഴി കൈമാറിയത്. രഹസ്യമൊഴി ആവശ്യപ്പെട്ട് ഇ.ഡി. കഴിഞ്ഞ ദിവസം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു.

കോടതിയിൽ കൊടുത്ത രഹസ്യമൊഴിയിൽ ജലീലിനെക്കുറിച്ച് പറഞ്ഞത് പൊതുജനങ്ങൾക്ക് മുന്നിൽ രണ്ടുദിവസത്തിനുള്ളിൽ വെളിപ്പെടുത്തുമെന്ന് സ്വപ്ന ഇന്നലെ പറഞ്ഞിരുന്നു. രഹസ്യമൊഴിയിൽ ജലീലിനെക്കുറിച്ച് താൻ പറഞ്ഞത് എന്തൊക്കെയാണോ അതൊക്കെ മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തും. എന്തൊക്കെ കുറ്റങ്ങളാണ് ജലീൽ ചെയ്തതെന്ന് വ്യക്തമായി പറയും. വെളിപ്പെടുത്തലുകൾക്കുശേഷം ജലീൽ എന്തൊക്കെ കേസുകൊടുക്കുമെന്ന് കാണാമെന്നും സ്വപ്ന വെല്ലുവിളിച്ചിട്ടുണ്ട്.

അതേസമയം, കേരള പൊലീസിന്‍റെ സംരക്ഷണം വേണമെന്ന ഹരജി സ്വപ്ന പിൻവലിച്ചു. പൊലീസ് സുരക്ഷയ്ക്ക് പകരം ഇ.ഡിയുടെ സുരക്ഷ ഒരുക്കണമെന്നാണ് സ്വപ്‍നയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് സ്വപ്‍ന ഹ‍രജി നൽകിയത്.

കേരള പൊലീസിൽ വിശ്വാസമില്ല. മുഖ്യമന്ത്രിയടക്കം തെരുവിൽ ഭീഷണിപ്പെടുത്തുന്നു. താമസിക്കുന്ന സ്ഥലത്ത് അടക്കം തന്നെ കേരള പൊലീസ് നിരീക്ഷിക്കുകയാണെന്ന് കേന്ദ്ര സുരക്ഷ ആവശ്യപ്പെട്ടുള്ള ഹരജിയിൽ സ്വപ്‍ന പറഞ്ഞു. എന്നാൽ, തങ്ങൾക്ക് പോലും സുരക്ഷയില്ലെന്നാണ് ഇ.ഡി അഭിഭാഷകൻ കോടതിയെ അറിയിച്ചത്. ഈ ഹരജി പരിഗണിക്കുന്നത് കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി.

Tags:    
News Summary - secret statement of Swapna Suresh handed over to ED

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.