സെക്രട്ടേറിയറ്റ് അസി. തസ്തികയിലേക്കും താൽക്കാലിക നിയമനം വരുന്നു



തിരുവനന്തപുരം: സെക്രട്ടേറിയറ്റ് അസി. തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്താൻ സർക്കാർ. പൊതുഭരണ വകുപ്പിലെ കമ്പ്യൂട്ടർ അസിസ്റ്റന്‍റുമാരെ താൽക്കാലികമായി സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റ് തസ്തികയിലേക്ക് നിയോഗിക്കാനാണ് തീരുമാനം. പൊതുഭരണ വകുപ്പ് ഇതിന് അപേക്ഷ ക്ഷണിച്ചു. പൊതുഭരണ വകുപ്പിൽ അസിസ്റ്റന്‍റുമാരുടെ 44 അധിക തസ്തികകൾ കൂടി വേണമെന്ന് തസ്തികകളെയും ജോലി ഭാരത്തെയും കുറിച്ച് പഠിച്ച സമിതി ശിപാർശ നൽകിയിരുന്നു. ഇതു അംഗീകരിക്കുകയും ചെയ്തു.

ഇതിൽ സൂപ്പർ ന്യൂമററിയായി കുറെ പേരെ അസിസ്റ്റന്‍റുമാരായി നിയമിക്കും. ബാക്കി ഒഴിവുകളിലേക്കാണ് കമ്പ്യൂട്ടർ അസിസ്റ്റന്‍റുമാരെ നിയമിക്കുന്നത്.

സർക്കാർ അംഗീകരിച്ച പുതിയ തസ്തികയിൽ ചെറിയ ശതമാനം മാത്രമേ പി.എസ്.സി. പട്ടികയിൽനിന്ന് നിയമിക്കൂവെന്ന് ഇതോടെ വ്യക്തമായി. ബാക്കി ഇപ്രകാരം സംവിധാനത്തിലൂടെ നികത്തും. പൊതുഭരണ വകുപ്പിൽ വിദ്യാഭ്യാസ യോഗ്യതയുള്ള സീനിയർ ഗ്രേഡ്, ഗ്രേഡ് ഒന്ന്, ഗ്രേഡ് രണ്ട് കമ്പ്യൂട്ടർ തസ്തികകളിൽ ജോലി ചെയ്യുന്ന കമ്പ്യൂട്ടർ അസിസ്റ്റന്‍റുമാരെയാണ് നിയമിക്കുക.

ഇവരെ താൽക്കാലികമായി സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റ് ജോലിയിലേക്ക് നിയോഗിക്കുകയാരെന്നാണ് സർക്കാർ വിശദീകരണം. ആഗസ്റ്റ് 20 വരെയാണ് അപേക്ഷ സമർപ്പിക്കാൻ അവസരം.

അംഗീകൃത സർവകലാശാല ബിരുദമുള്ളവർക്കാണ് അപേക്ഷിക്കാനാവുക.

നിയമനം താൽക്കാലികമായിരിക്കും. നിലവിൽ ലഭിക്കുന്ന ശമ്പള ആനുകൂല്യങ്ങൾക്ക് പുറമെ, മറ്റു സാമ്പത്തിക ആനുകൂല്യങ്ങൾക്ക് അർഹതയില്ല, തസ്തിക മാറ്റത്തിന് മുൻഗണന നൽകില്ല, അസിസ്റ്റന്‍റ് തസ്തികയിലേക്കുള്ള പ്രമോഷൻ, സീനിയോറിറ്റി തുടങ്ങിയ ഒരു സർവിസ് ആനുകൂല്യങ്ങൾക്കും ഈ സർവിസ് പരിഗണിക്കില്ല, ഇതിൽ പ്രവേശിച്ചാൽ സർക്കാർ പൊതുതീരുമാനം എടുക്കുന്ന മുറക്ക് മാത്രമേ പഴയ തസ്തികയിലേക്ക് മടങ്ങാനാകൂ തുടങ്ങിയ വ്യവസ്ഥകളോടെയാണ് പുതിയ തസ്തികയിൽ നിയമിക്കുക.

ഇതൊക്കെ അംഗീകരിക്കുന്ന പ്രഫോർമ ഒപ്പിട്ട് നൽകുകയും വേണം.

Tags:    
News Summary - Secretariat Asst. Temporary appointment is also coming to the post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.