കോഴിക്കോട്: മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ(ഐ.എം.സി.എച്ച്) സുരക്ഷ ജീവനക്കാരൻ സ്ത്രീയെ മർദിച്ചതായി പരാതി. വയനാട് കൊളകപ്പാറ സ്വദേശിനി സക്കീന(44)യാണ് തന്നെ മുഖത്ത് ഇടിച്ചതായി മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയത്. ബുധനാഴ്ച രാവിലെ 9.30നാണ് സംഭവം. മാതാവ് സബീസയെയും ഒന്നര വയസ്സുകാരൻ കൊച്ചുമകനെയും ഡോക്ടറെ കാണിക്കാനാണ് സക്കീന മെഡിക്കൽ കോളജിൽ എത്തിയത്.
കൊച്ചുമകനുമായി മകൻ അസ്മിലും ഭാര്യയും മാതൃശിശു സംരക്ഷണ കേന്ദ്രത്തിലേക്കും മാതാവിനെ ഡോക്ടറെ കാണിക്കാൻ സക്കീന സൂപ്പർ സ്പെഷ്യാലിറ്റിയിലേക്കും പോയി. ഭാര്യയേയും കുഞ്ഞിനേയും ആശുപത്രിക്കകത്തേക്ക് പറഞ്ഞയച്ച അസ്മിൽ കാർ പാർക്ക് ചെയ്യാനായി പോയി. ചികിത്സ സംബന്ധമായ മുഴുവൻ രേഖകളും അസ്മിലിന്റെ കൈയിലായിരുന്നു. ആശുപത്രിക്കുള്ളിലെ പരിചയക്കുറവ് കാരണം ഭാര്യ അസ്മിലിനെ ഫോണിൽ വിളിക്കുകയും ചെയ്തു. തുടർന്ന്, രേഖകളുമായി അസ്മിൽ കവാടത്തിലേക്കെത്തുകയും സുരക്ഷ ജീവനക്കാരനോട് അകത്തേക്ക് കടക്കണമെന്ന കാര്യം പറയുകയും ചെയ്തു. എന്നാൽ, കുഞ്ഞിനോടൊപ്പം മാതാവുണ്ടല്ലോയെന്നും അകത്തേക്ക് പ്രവേശിക്കാനാവില്ലെന്നും ജീവനക്കാരൻ പറഞ്ഞു. തുടർന്ന് ഇരുവരും വാക്ക് തർക്കത്തിലായി. ഈ സമയം അവിടേക്കെത്തിയ സക്കീന അസ്മിലിനെ പിടിച്ചുതള്ളുന്നത് കാണുകയും ഫോണിൽ ദൃശ്യം പകർത്താൻ ശ്രമിക്കുകയും ചെയ്തു.
തുടർന്ന്, സുരക്ഷ ജീവനക്കാരൻ ഫോൺ പിടിച്ച് വാങ്ങുകയും സക്കീനയുടെ മുഖത്ത് കൈ മടക്കി ഇടിക്കുകയും ചെയ്തുവെന്നാണ് പരാതി. സംഭവം അറിയിക്കാനായി മെഡിക്കൽ കോളജ് സ്റ്റേഷനിൽ ചെന്നപ്പോൾ പരാതി അവഗണിച്ചെന്നും നിങ്ങളാണ് പ്രശ്നങ്ങൾ മുഴുവൻ ഉണ്ടാക്കിയതെന്നാണ് ആശുപത്രിയിൽനിന്ന് അറിയിച്ചതെന്നുമാണ് പൊലീസുകാർ പറഞ്ഞത്. തുടർന്ന് സക്കീന സ്റ്റേഷനിൽ എത്തുകയും പരാതി എഴുതിക്കൊടുക്കുകയും ചെയ്തു. പിന്നീട് അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയ സക്കീനയെ നേരിൽ കണ്ട് പൊലീസ് മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു.
കോവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ ഉള്ളതിനാലാണ് ഒരാളെ മാത്രം അകത്തേക്ക് പ്രവേശിപ്പിക്കുന്നതെന്നും സുരക്ഷ ജീവനക്കാരനാണ് മർദനം ഏറ്റതെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്. മർദിച്ചെന്ന് കാണിച്ച് സുരക്ഷ ജീവനക്കാരൻ പരാതി നൽകിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.