മാനസികാരോഗ്യ കേന്ദ്രത്തിൽ സുരക്ഷ വർധിപ്പിക്കണം-മനുഷ്യാവകാശ കമീഷൻ

തിരുവനന്തപുരം: ശക്തമായ സുരക്ഷാ സംവിധാനവും സി.സി.റ്റി.വി ക്യാമറ നിരീക്ഷണവും ഏർപ്പെടുത്തി പേരൂർക്കട മാനസികരോഗ്യകേന്ദ്രത്തിൽ നിന്നും രോഗികൾ ചാടി പോകുന്നത് ഒഴിവാക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. ആരോഗ്യവകുപ്പ് ഡയറക്ടർ ഇക്കാര്യം പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കണമെന്നും ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു.

കഴിഞ്ഞ ആറ് വർഷത്തിനിടെ പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സക്കായി പ്രവേശിച്ച 691 രോഗികളെ കാണാനില്ലെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ടിൽ നിന്നും കമീഷൻ റിപ്പോർട്ട് വാങ്ങി. കഴിഞ്ഞ ആറ് വർഷത്തിനിടെ കാണാതായവരുടെ എണ്ണം 378 ആണെന്നും ഇതിൽ 291 പേരും തിരികെ വീട്ടിലെത്തിയെന്നും റിപ്പോർട്ടിൽ പറഞ്ഞു. ബാക്കി 87 പേരുടെ വിവരങ്ങൾ അന്വേഷിച്ച് വരികയാണ്. വീട്ടിൽ എത്തിയവരിൽ 204 പേർ പലപ്പോഴായി ആശുപത്രിയിൽ വീണ്ടും പ്രവേശിക്കപ്പെട്ട് ചികിത്സ തേടിയതായും റിപ്പോർട്ടിൽ പറയുന്നു.

രോഗം പൂർണമായും ഭേദമാകാത്ത രോഗികൾ ആശുപത്രിയിൽ നിന്നും കടന്നു കളയുന്നത് ഒഴിവാക്കണമെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു. രോഗികൾക്കും പൊതു സമൂഹത്തിനും ഇത് ദോഷം ചെയ്യും. ശക്തമായ സുരക്ഷയുടെ അഭാവമാണ് രോഗികൾ പുറത്തുപോകാൻ കാരണമെന്നും ഉത്തരവിൽ പറഞ്ഞു.

Tags:    
News Summary - Security should be beefed up at mental health facility - Human Rights Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.