തിരുവനന്തപുരം: എ.കെ.ജി സെന്‍ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞതിനെതുടർന്ന് തലസ്ഥാനത്ത് കോൺഗ്രസിന്‍റെയും ബി.ജെ.പിയുടെയും മറ്റ് രാഷ്ട്രീയ പാർട്ടികളുടെയും ഓഫീസുകൾക്ക് പൊലീസ് സുരക്ഷ ശക്തമാക്കി. കൂടുതൽ ജാഗ്രത പാലിക്കാൻ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് ജില്ല പൊലീസ് മേധാവിമാർക്കും നിർദേശം നൽകി. അതേസമയം സ്ഫോടക വസ്തുവെറിഞ്ഞ അക്രമിയെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. മുഖംമൂടി ധാരിയായ ബൈക്കിലെത്തിയ യുവാവ് സ്ഫോടവസ്തു എറിഞ്ഞതായാണ് എ.കെ.ജി സെന്‍ററിന്‍റെ സി.സി.ടി.വി ദൃശ്യങ്ങളിലുള്ളത്.
ഉഗ്രശബ്ദം കേട്ട് മുഖ്യഗേറ്റിലുണ്ടായിരുന്ന പൊലീസുകാർ എത്തിയതോടെ ഇയാൾ കുന്നുകുഴി ഭാഗത്തേക്ക് രക്ഷപ്പെടുകയായിരുന്നു. ഈ ഭാഗത്തുനിന്നുള്ള വീടുകളിലെയും സ്ഥാപനങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ കന്‍റോൺമന്‍റ് എസ്.എച്ച്.ഒ ഷാഫിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം ശേഖരിച്ചു. ഒരാളാണ് സ്ഫോടവസ്തു എറിഞ്ഞതെങ്ങിലും ഇയാൾക്ക് മുന്നിലായി ബൈക്കിൽ മറ്റൊരു സംഘവും ഉണ്ടായിരുന്നോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കേരളത്തിന്‍റെ സമാധാനന്തരീക്ഷം തകർക്കാനുള്ള നീക്കമാണ് ഉണ്ടായിരിക്കുന്നതെന്ന് പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവനും മന്ത്രി ആൻറണി രാജുവും പ്രതികരിച്ചു. സംഭവമറിച്ച് കൂടുതൽ നേതാക്കൾ എ.കെ.ജി സെന്‍ററിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.