വാഴൂർ (കോട്ടയം): ഇറാൻ പിടിച്ചെടുത്ത കപ്പലിൽ നിന്നും എന്ന് മകൾ മോചിതയാകുമെന്ന ആശങ്കയിൽ കഴിയുന്ന കുടുംബത്തിന് ആശ്വാസമായി ഒടുവിൽ ആന്റസയുടെ ഫോൺ സന്ദേശമെത്തി. തിങ്കളാഴ്ച രാത്രി 8.20 ഓടെ ഇറാനിയൻ കപ്പലിലുള്ള മകൾ ആന്റസ ജോസഫ് കപ്പലിൽ നിന്നും വീട്ടിലേക്ക് വിളിച്ചതായി പിതാവ് ബിജു ഏബ്രഹാം ‘മാധ്യമ’ ത്തോട് പറഞ്ഞു. തങ്ങൾ സുരക്ഷിതരാണെന്നും ഇറാനികൾ നല്ല രീതിയിലാണ് പെരുമാറുന്നതെന്നും ആന്റസ പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. കപ്പലിലുള്ള ഏക വനിതയാണ് ആന്റസ.
ഒരാഴ്ചക്കുള്ളിൽ പ്രശ്നങ്ങൾ തീരുമെന്ന് കപ്പലിലുള്ളവർ പറഞ്ഞതായി മകൾ പറഞ്ഞെന്ന് ബിജു പറഞ്ഞു. ദിവസങ്ങളായി മകളെക്കുറിച്ച് കൃത്യമായി വിവരം ലഭിക്കുകയോ അവളുടെ ശബ്ദം കേൾക്കാതെയും കഴിഞ്ഞിരുന്ന കുടുംബത്തിന് ഫോൺവിളി വലിയ ആശ്വാസമായി. മകൾ വീട്ടിലേക്ക് വിളിച്ച് സംസാരിച്ചതിന്റെയും പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് അറിഞ്ഞതിന്റെയും സന്തോഷത്തിലാണ് ബിജു ഏബ്രഹാമും കുടുംബവും. കോട്ടയം വാഴൂരിൽ താമസക്കാരായ തൃശൂർ വെളുത്തൂർ സ്വദേശി പുതുമന വീട്ടിൽ ബിജു എബ്രഹാമിന്റെയും ബീനയുടെയും മകളാണ് കപ്പലിലുള്ള നാലാമത്തെ മലയാളിയായ ആന്റസ ജോസഫാണ് (21).
മുഖ്യമന്ത്രി കേന്ദ്രത്തിനയച്ച ആദ്യ കത്തിൽ മകളുടെ പേരില്ലാത്തത് ദുഃഖമുണ്ടാക്കിയെന്നും പിന്നീട് മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നും നോർക്കയിൽനിന്നും ബന്ധപ്പെട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു. കപ്പൽ ജീവനക്കാരെ കാണാൻ ഇന്ത്യൻ അധികൃതർക്ക് ഇറാൻ അനുമതി നൽകിയത് ആശ്വാസമായെന്നും കൂട്ടിച്ചേർത്തു. ‘എല്ലാ ദിവസവും നിശ്ചിത സമയത്താണ് അവൾ വിളിക്കുന്നത്. നാളെ വിളിക്കാമെന്നു പറഞ്ഞാണ് അവസാന ദിവസവും ഫോൺ വെച്ചത്. വിളി വരാതെ ആയതോടെ അങ്ങോട്ടേക്ക് വിളിച്ചെങ്കിലും കിട്ടിയില്ല. അബൂദബിയിൽനിന്ന് മുംബൈക്ക് വരുമ്പോഴാണ് സംഭവമെന്നാണ് കമ്പനി അധികൃതർ അറിയിച്ചത്.
തൃശൂര്‍ വെളുത്തൂര്‍ സ്വദേശിയായ ആന്റസ ട്രെയിനിങ്ങിന്റെ ഭാഗമായി ഒമ്പതുമാസമായി കപ്പലിൽ ജോലി ചെയ്തുവരുകയായിരുന്നു. കേന്ദ്ര ഇന്റലിജൻസ് വൃത്തങ്ങൾ ആന്റസയുടെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ട്. തൃശൂർ സ്വദേശികളായ ബിജുവും കുടുംബവും കഴിഞ്ഞ ശനിയാഴ്ചയാണ് കോട്ടയം വാഴൂർ പഞ്ചായത്തിലെ കൊടുങ്ങൂരിന് സമീപം കാപ്പുകാട്ട് പുതുമന വീട്ടിൽ താമസത്തിനെത്തിയത്. ഇങ്ങോട്ടുള്ള യാത്രാമധ്യേയാണ് കപ്പൽ പിടിച്ചെടുത്ത വിവരം അറിയുന്നത്. അടുത്ത ദിവസം ആന്റസ കൊടുങ്ങൂരിലെ വീട്ടിലേക്ക് എത്താനിരിക്കെയാണ് കപ്പൽ പിടിച്ചെടുത്ത വിവരം ഇവർ അറിഞ്ഞത്. ഒരുവർഷം മുമ്പാണ് മുംബൈയിലെ എം.എസ്.സി ഷിപ്പിങ് കമ്പനിയിൽ ജോലിക്ക് പ്രവേശിച്ചത്. ട്രെയിനിങ്ങിന്റെ ഭാഗമായി ഒമ്പത് മാസം മുമ്പാണ് പോർചുഗൽ കപ്പലിൽ എത്തിയത്.
മകൾ സുരക്ഷിതയാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും കമ്പനി അധികൃതർ വിളിച്ചറിയിച്ചതായി ബിജു എബ്രഹാം പറഞ്ഞു. എത്രയുംപെട്ടെന്ന് ആന്റസയുടെ മോചനമുണ്ടാകണമേയെന്ന പ്രാർഥനയിലാണ് കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.