തദ്ദേശ ഉപതെരഞ്ഞെടുപ്പ്: എൽ.ഡി.എഫിന് നേട്ടം; ബി.ജെ.പി-3, യു.ഡി.എഫ്-2

തിരുവനന്തപുരം: 15 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്‍റെ ഫലം പ്രഖ്യാപിച്ചു. 14 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിൽ ഒമ്പതിടത്ത് എൽ.ഡി.എഫ് സ്ഥാനാർഥികൾ വിജയിച്ചു. മൂന്നിടത്ത് ബി.ജെ.പിയും രണ്ടിടത്ത് യു.ഡി.എഫ് ഒരിടത്ത് കേരളാ കോൺഗ്രസ് എം സ്ഥാനാർഥികളും വിജയിച്ചു. രണ്ട് സീറ്റുകൾ പിടിച്ചെടുത്ത യു.ഡി.എഫിന് രണ്ട് സീറ്റ് നഷ്ടമായി. എൽ.ഡി.എഫിനും മൂന്നു സീറ്റുകൾ നഷ്ടപ്പെട്ടു. മൂന്ന് സീറ്റ് നിലനിർത്തിയ ബി.ജെ.പി ഒരു സീറ്റ് കൈവിട്ടു.

കൊല്ലം മുനിസിപ്പല്‍ കോര്‍പറേഷന്‍ തേവള്ളി ഡിവിഷൻ ബി.ജെ.പി നിലനിർത്തി. ബി.ജെ.പിയുടെ ബി. ഷൈലജ 400 വോട്ടിന് വിജയിച്ചു. വാഹനാപകടത്തിൽ മരിച്ച ബി.ജെ.പി മെമ്പർ കോകില എസ്. കുമാറിന്‍റെ അമ്മയാണ് ഷൈലജ. പത്തനംതിട്ട റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കണ്ണങ്കര വാർഡിൽ ബി.ജെ.പി വിജയിച്ചു.

കോട്ടയം മുത്തോലി ഗ്രാമപഞ്ചായത്ത് തെക്കുംമുറി വാർഡിൽ കേരളാ കോൺഗ്രസ് എമ്മിലെ പി.ആർ ശശി 71 വോട്ടിന് വിജയിച്ചു. കോൺഗ്രസ് സ്ഥാനാർഥിയെയാണ് ശശി പരാജയപ്പെടുത്തിയത്. എൽ.ഡി.എഫ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തെത്തി. തെക്കുംമുറി സീറ്റിലെ വിജയത്തോടെ ഗ്രാമപഞ്ചായത്ത് ഭരണത്തിനുള്ള കേവല ഭൂരിപക്ഷം കേരളാ കോൺഗ്രസിന് ലഭിച്ചു.

തിരുവനന്തപുരം കരകുളം ഗ്രാമപഞ്ചായത്ത് കാച്ചാണി വാർഡിൽ എല്‍.ഡി.എഫിലെ സി വികാസ് 585 വോട്ടിന് വിജയിച്ചു. ബി.ജെ.പിയിലെ പി. സജികുമാര്‍ രണ്ടും യു.ഡി.എഫിലെ ഡി.സി.സി അംഗം കാച്ചാണി രവി മൂന്നും സ്ഥാനത്തെത്തി.

കോഴിക്കോട് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മൊട്ടമ്മല്‍ വാർഡിൽ റംല ചോലയ്ക്കൽ (എൽ.ഡി.എഫ്) 400 വോട്ടിന് ജയിച്ചു.  സി.പി.എം സ്ഥാനാര്‍ഥി രാജിവെച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്. സുഹ്റ (കോണ്‍ഗ്രസ്), റയ്ഹാനത്ത് (മുസ് ലിം ലീഗ്) എന്നിവരും മത്സരിച്ചിരുന്നു.

കണ്ണൂര്‍ ചെറുപുഴ ഗ്രാമപഞ്ചായത്ത് രാജഗിരി  എൽ.ഡി.എഫ് ലാലി തോമസ് വിജയിച്ചു. കോണ്‍ഗ്രസിലെ ഷൈനി റോയി തോൽപിച്ചാണ് എല്‍.ഡി.എഫ് സീറ്റ് പിടിച്ചെടുത്തത്. കോണ്‍ഗ്രസിലെ സിറ്റിങ് മെമ്പർ വത്സ ജായിസിന്‍റെ മരണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. ചെറുപുഴ ഗ്രാമപഞ്ചായത്തിൽ ഭരണമാറ്റത്തിന് സാധ്യത. പിണറായി ഗ്രാമപഞ്ചായത്ത് പടന്നക്കര വാർഡിൽ എൽ.ഡി.എഫിലെ എൻ.വി രമേശൻ 1058 വോട്ടിന് വിജയിച്ചു.

പാലക്കാട് കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് അമ്പാഴക്കോട് വാർഡിൽ യു.ഡി.എഫ് വിജയിച്ചു. മുസ് ലിം ലീഗ് സ്ഥാനാർഥി ഗഫൂർ കോൽക്കളത്തിലാണ് 84 വോട്ടിനും തെങ്കര ഗ്രാമപഞ്ചായത്ത് പാഞ്ചക്കോട് കോൺഗ്രസിലെ (യു.ഡി.എഫ്) എം. ഉഷ 16 വോട്ടിനും വിജയിച്ചു. മങ്കര ഗ്രാമപഞ്ചായത്ത് മങ്കര ആര്‍.എസ് എൽ.ഡി.എഫ് പിടിച്ചെടുത്തു. വി.കെ ഷിബു 31 വോട്ടിന് വിജയിച്ചു.

ആലപ്പുഴ കൈനകരി ഗ്രാമപഞ്ചായത്ത് ചെറുകാലികായല്‍ വാർഡ് എൽ.ഡി.എഫ് പിടിച്ചെടുത്തു. അനിത പ്രസാദ് 534 വോട്ടിനാണ് വിജയിച്ചത്. പുറക്കാട് ഗ്രാമപഞ്ചായത്ത് ആനന്ദേശ്വരം വാർഡിൽ എൽ.ഡി.എഫിലെ നിജ അനിൽ കുമാറും വിജയിച്ചു.

പത്തനംതിട്ട റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കണ്ണങ്കര വാർഡിൽ ബി.ജെ.പിയുടെ പി.ജി തങ്കപ്പൻപിള്ള വിജയിച്ചു. 53  വോട്ടാണ് ഭൂരിപക്ഷം.

കാസര്‍കോട് മീഞ്ച ഗ്രാമപഞ്ചായത്ത് മജിബയല്‍ വാർഡ് എൽ.ഡി.എഫ് പിടിച്ചെടുത്തു. ബി.ജെ.പി സ്ഥാനാർഥി ചന്ദ്രഹാസ ആൽവയെ 133 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് സി.പി.ഐയിലെ പി. ശാന്താ രാമഷെട്ടി പരാജയപ്പെടുത്തിയാണ്. ബി.ജെ.പി അംഗമായിരുന്ന യശോദ മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

Tags:    
News Summary - self body bye election result

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.