തിരുവനന്തപുരം: സ്വയംഭരണ കോളജുകൾക്ക് കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തി നിയമഭേദഗതി കൊണ്ടുവരാനും സ്വയംഭരണ ആക്ടിന് ചട്ടം രൂപവത്കരിക്കാനും സ്വയംഭരണ കോളജ് അപ്രൂവൽ കമ്മിറ്റി തീരുമാനിച്ചു. ഒരുമാസത്തിനകം ചട്ടമുണ്ടാക്കാൻ ഉന്നതവിദ്യാഭ്യാസ കൗൺസിലിനെ ചുമതലപ്പെടുത്തി. ആക്ടിൽ ഭേദഗതി വരുത്തിയശേഷം പുതിയ കോളജുകളിൽനിന്ന് ഇക്കൊല്ലം തന്നെ സ്വയംഭരണത്തിനുള്ള അപേക്ഷ സ്വീകരിക്കുമെന്ന് മന്ത്രി കെ.ടി. ജലീൽ പറഞ്ഞു.
സ്വയംഭരണ കോളജുകളുടെ പ്രവർത്തനത്തെക്കുറിച്ച് പഠിച്ച ഉന്നത വിദ്യാഭ്യാസ കൗൺസിൽ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് ഭേദഗതികളോടെ അംഗീകരിച്ചു. നിലവിൽ 18 എയ്ഡഡ് കോളജുകൾക്കും എറണാകുളം മഹാരാജാസ് കോളജിനുമാണ് സ്വയംഭരണമുള്ളത്.
സ്വയംഭരണ കോളജുകളിലെ പുതിയ കോഴ്സുകളുടെ സിലബസ് 30 ദിവസത്തിനകം സർവകലാശാല അംഗീകരിച്ചില്ലെങ്കിൽ, അനുമതി ലഭിച്ചതായി കണക്കാക്കി കോഴ്സുകൾ തുടങ്ങാമെന്ന നിലവിലെ വ്യവസ്ഥയിൽ മാറ്റംവരുത്തി. 30 ദിവസമെന്നത് ആറുമാസമാക്കി കൂട്ടി.
സ്വയംഭരണ കോളജ് ഗവേണിങ് സമിതിയിൽ തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളെ ഉൾപ്പെടുത്തണമെന്ന വ്യവസ്ഥ അംഗീകരിച്ചില്ല. അപ്രൂവൽ കമ്മിറ്റി അംഗീകരിച്ച പ്രധാന ശിപാർശകൾ ഇവയാണ്: അക്കാദമിക് കൗൺസിലിൽ കോളജ് യൂനിയൻ ചെയർമാനെയും ഗവേണിങ് സമിതിയിൽ സെക്രട്ടറിയെയും ഉൾപ്പെടുത്തും. അധ്യാപക പ്രതിനിധികളെ അക്കാദമിക് കൗൺസിലിൽ ഉൾപ്പെടുത്തും. വിദ്യാർഥികളുടെ പരാതികൾ പരിഹരിക്കാൻ സ്ഥിരം സംവിധാനമുണ്ടാക്കും. ഓരോവിഷയങ്ങൾക്കും പ്രത്യേകം ബോർഡ് ഒാഫ് സ്റ്റഡീസ് രൂപവത്കരിക്കണം. സ്വാശ്രയ കോഴ്സുകളിലെ അധ്യാപകർക്ക് യു.ജി.സി നിർദേശിച്ച യോഗ്യതയുണ്ടോയെന്ന് പരിശോധിക്കും.
സ്വയംഭരണ കോളജുകളിൽനിന്ന് പരീക്ഷകളുടെ മാർക്ക് ലഭിച്ച് 45 ദിവസത്തിനകം സർവകലാശാലകൾ ബിരുദ സർട്ടിഫിക്കറ്റ് നൽകണം. ഇത് വൈകിപ്പിക്കുന്നതായി കോളജുകൾ പരാതിപ്പെട്ടിരുന്നു. കോളജുകളിലെ പരീക്ഷ കൺട്രോളറുടെ ജോലിഭാരം പ്രിൻസിപ്പലിേൻറതിന് തുല്യമാക്കി. മഹാരാജാസ് കോളജ് പ്രിൻസിപ്പലിന് കൂടുതൽ സാമ്പത്തിക, ഭരണപരമായ അധികാരം നൽകും.
പരീക്ഷ കൺട്രോളർ ഓഫിസിൽ കൂടുതൽ ജീവനക്കാരെ നിയമിക്കും. കൂടുതൽ ഫണ്ട് ലഭിക്കാൻ സഹായകമായി ഏകോപനമുണ്ടാക്കും. സ്വയംഭരണത്തിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയതിന് കുട്ടിക്കാനം മരിയൻ കോളജിലെ അധ്യാപകനെ പിരിച്ചുവിട്ടെന്ന പരാതി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ എം.ജി സർവകലാശാല വൈസ് ചാൻസലറെ ചുമതലപ്പെടുത്തി.
സ്വയംഭരണ കോളജ് ആക്ടിലെ നിയമഭേദഗതി യു.ജി.സി നിയമങ്ങൾക്ക് വിരുദ്ധമാവില്ലെന്ന് മന്ത്രി ജലീൽ പറഞ്ഞു. സ്വയംഭരണ കോളജുകളിൽ അക്കാദമിക് നിലവാരം പ്രതീക്ഷിച്ചത്ര ഉയർന്നിട്ടില്ല. എന്നാൽ പരീക്ഷകൾ കൃത്യസമയത്ത് നടത്തുകയും ഫലം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. അക്കാദമിക് രംഗത്ത് പ്രാഗല്ഭ്യമുള്ളവരുടെ സേവനം സ്വയംഭരണ കോളജുകളിലുണ്ടാവണം.
ഗവേണിങ് സമിതിയിൽ സമർഥരെ ഉൾപ്പെടുത്തണം. നിയമഭേദഗതിക്കായി നിയമസഭ സമ്മേളനത്തിനുശേഷം ഓർഡിനൻസ് ഇറക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഉപാധ്യക്ഷൻ പ്രഫ. രാജൻ ഗുരുക്കൾ, മെംബർ സെക്രട്ടറി ഡോ. രാജൻ വർഗീസ്, വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉഷാ ടൈറ്റസ്, അപ്രൂവൽ സമിതിയംഗങ്ങളായ പ്രഫ. മഹാദേവൻപിള്ള, ഡോ. സാബുതോമസ്, ഡോ.കെ. മുഹമ്മദ് ബഷീർ, പ്രഫ. ഗോപിനാഥ് രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.