കൽപറ്റ: കെ.പി.സി.സി നിർവാഹക സമിതി അംഗവും വയനാട് ഡി.സി.സി മുൻ പ്രസിഡൻറുമായ പി.വി. ബാലചന്ദ്രൻ കോൺഗ്രസിൽനിന്ന് രാജിവെച്ചു. കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരന് രാജിക്കത്ത് കൈമാറിയെന്നും ബി.ജെ.പിയെ പ്രതിരോധിക്കാൻ കോൺഗ്രസിനാവില്ലെന്നും അദ്ദേഹം കൽപറ്റയിൽ മാധ്യമങ്ങളോടു പറഞ്ഞു.
ദിശാബോധം നഷ്ടപ്പെട്ട നേതൃത്വത്തിനൊപ്പം ഇനി നിൽക്കാൻ കഴിയില്ല. കേന്ദ്ര സർക്കാറിനെതിരെ ശക്തമായ നിലപാടെടുക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. ഗാന്ധി കുടുംബത്തിെൻറ പേരുമാത്രം ഉപയോഗിച്ച് രാഷ്ട്രീയ വിജയം നേടുന്ന കാലം കഴിഞ്ഞെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി വോട്ടുകച്ചവടം നടത്തിയിട്ടാണ് ബത്തേരിയിൽ ഐ.സി. ബാലകൃഷ്ണൻ വിജയിച്ചതെന്ന് നേരിട്ടറിയാവുന്ന കാര്യമാണ്. ബി.ജെ.പിക്ക് ബൂത്തിൽ ഏജൻറുമാർ പോലുമുണ്ടായിട്ടില്ല. ജില്ലയിലെ ബാങ്ക് നിയമനങ്ങളിൽ കോടികളുടെ അഴിമതിയാണ് നടന്നത്. നിഷ്പക്ഷ അന്വേഷണം വേണമെന്ന് കെ.പി.സി.സിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഐ.സി. ബാലകൃഷ്ണൻ സ്വന്തം നിലക്ക് കമീഷനെ നിയോഗിക്കുകയും സ്വയം വെള്ളപൂശുന്ന റിപ്പോർട്ട് തയാറാക്കുകയുമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയെൻറ പ്രവർത്തനം ശ്ലാഘനീയമാണെന്നും ബാലന്ദ്രൻ പറഞ്ഞു. അടുത്ത കാലത്തായി ജില്ലയിൽ രാജിവെക്കുന്ന നാലാമത്തെ കോൺഗ്രസ് നേതാവാണ് ബാലചന്ദ്രൻ. മുൻ എം.എൽ.എ കെ.സി. റോസക്കുട്ടി, കെ.പി.സി.സി സെക്രട്ടറി എം.എസ്. വിശ്വനാഥൻ, ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. അനിൽകുമാർ എന്നിവരാണ് രാജിെവച്ചവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.