ടി.പി സെന്‍കുമാറും സോമസുന്ദരവും അഡ്മിന്‍. ട്രൈബ്യൂണലിലേക്ക്

തിരുവനന്തപുരം: മുന്‍ സംസ്ഥാന പൊലീസ് മേധാവി ടി.പി. സെന്‍കുമാറും വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥന്‍ വി. സോമസുന്ദരവും സംസ്ഥാന അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണല്‍ അംഗങ്ങളാകും. ഇരുവരും ഉള്‍പ്പെട്ട പട്ടിക ഹൈകോടതി ചീഫ് ജസ്റ്റിസ് ഗവര്‍ണര്‍  പി. സദാശിവത്തിന് കൈമാറി. ഗവര്‍ണര്‍ പട്ടിക ഉടന്‍ സുപ്രീംകോടതിക്ക് കൈമാറുമെന്നാണ് അറിയുന്നത്. സുപ്രീംകോടതി അംഗീകരിച്ചാല്‍ പട്ടിക കേന്ദ്രസര്‍ക്കാറിനും രാഷ്ട്രപതിക്കും കൈമാറും.

ഇതുസംബന്ധിച്ച നടപടിക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്നാണ് അറിയുന്നത്. സംസ്ഥാന പൊലീസ് മേധാവിയായിരുന്ന സെന്‍കുമാറിനെ പിണറായി സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ സ്ഥലംമാറ്റിയിരുന്നു. കേരള പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ സി.എം.ഡി ആയാണ് സെന്‍കുമാറിനെ മാറ്റിയതെങ്കിലും അദ്ദേഹം ചുമതലയേല്‍ക്കാതെ അവധിയില്‍ പോവുകയായിരുന്നു.

ഏറെ വിവാദങ്ങള്‍ക്കിടയായ സ്ഥലംമാറ്റത്തിന് തൊട്ടുപിന്നാലെ സെന്‍കുമാര്‍ കേന്ദ്രഡെപ്യൂട്ടേഷന് ശ്രമിച്ചെങ്കിലും നടന്നില്ല. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിലേക്ക് പരിഗണിക്കുന്നത്.

ആറുവര്‍ഷമാണ് ട്രൈബ്യൂണല്‍ അംഗത്തിന്‍െറ കാലാവധി. ട്രൈബ്യൂണല്‍ അംഗമായി നിയമിതനായാല്‍ സെന്‍കുമാര്‍ കേരള പൊലീസില്‍ നിന്ന് രാജിവെക്കും. കേന്ദ്ര വനിതാശിശുവികസന മന്ത്രാലയം സെക്രട്ടറിയായാണ് സോമസുന്ദരം വിരമിച്ചത്.

Tags:    
News Summary - Senkumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.